റഷ്യയ്‌ക്കെതിരെ ആക്രമണം ശക്തമാക്കാൻ യുക്രൈൻ ഹാക്കർമാരുടെ സഹായം തേടുന്നു
|ഹാക്കർമാരോടും സൈബർ സുരക്ഷാ വിദഗ്ധരോടും ഗൂഗിൾ ഡോക്സ് വഴി അപേക്ഷ സമർപ്പിക്കാൻ യുക്രൈൻ സർക്കാർ ആവശ്യപ്പെട്ടു
ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ റഷ്യൻ സൈനികർക്കെതിരെ സൈബർ ചാരപ്രവർത്തനം നടത്തുന്നതിന് ഹാക്കർമാരോട് സഹായമഭ്യർത്ഥിച്ച് യുക്രൈൻ സർക്കാർ. റഷ്യൻ ആക്രമണം ശക്തമാവുകയും തലസ്ഥാന നഗരമായ കൈവിൽ നിന്ന് പൗരന്മാർ പാലായനം ചെയ്തതിനും പിന്നാലെയാണ് യുക്രൈൻ സർക്കാരിന്റെ അഭ്യർത്ഥന. ഇതു സംബന്ധിച്ച് ഹാക്കർമാരോടും സൈബർ സുരക്ഷാ വിദഗ്ധരോടും ഗൂഗിൾ ഡോക്സ് വഴി അപേക്ഷ സമർപ്പിക്കാൻ യുക്രൈൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെയാണ് പ്രതിരോധ മന്ത്രാലയത്തിൽ നിന്നും ഇതു സംബന്ധിച്ച വിവരം ലഭ്യമായത്. അതേസമയം റഷ്യയുടെ സൈനിക നീക്കത്തിനെതിരെ അന്താരാഷ്ട്ര തലത്തിൽ വ്യാപകമായ പ്രതിഷേധമാണുയരുന്നത്. യുക്രൈനിലേക്ക് കൂടുതൽ റഷ്യൻ സൈന്യം ഇരച്ചുകയറവേ യുദ്ധത്തിനെതിരെ റഷ്യയിലും വ്യാപക പ്രതിഷേധം നടക്കുകയാണ്. യുദ്ധം വേണ്ടെന്ന മുദ്രാവാക്യവുമായി സെന്റ് പീറ്റേഴ്സ്ബർഗിലെ പ്രധാന തെരുവായ നെവ്സ്‌കി പ്രോസ്‌പെക്ടിലും മോസ്‌കോയിലും ആയിരങ്ങൾ ഒത്തുചേർന്നു. 1400ലധികം പേർ അറസ്റ്റിലായി.
റഷ്യ യുദ്ധത്തിന് എതിരാണ്, യുക്രൈൻ ഞങ്ങളുടെ ശത്രുവല്ല, കൊലയാളി പുടിൻ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് മുഴങ്ങിയത്. ''എനിക്ക് വാക്കുകളില്ല, അസ്വസ്ഥത തോന്നുന്നു. എന്തുപറയാനാണ്? ഞങ്ങൾ അശക്തരാണ്. വേദന തോന്നുന്നു'- എന്നാണ് പ്രതിഷേധത്തിൽ പങ്കെടുത്ത ഒരു പെൺകുട്ടി പ്രതികരിച്ചത്. യുക്രൈൻ പതാകയുടെ നിറത്തിലുള്ള ബലൂണുകളുമായാണ് ഒരു സ്ത്രീ പ്രതിഷേധത്തിനെത്തിയത്. 'ഇന്ന് രാവിലെ ഞാൻ ലജ്ജിച്ചു തലതാഴ്ത്തി. അതുകൊണ്ടാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്.
എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് കരുതിയല്ല' എന്നായിരുന്നു ഒരു യുവാവിൻറെ പ്രതികരണം. ഇത് അനധികൃതമായ പ്രതിഷേധമാണെന്നും പങ്കെടുക്കുന്നവർ അറസ്റ്റും തുടർ നടപടികളും നേരിടേണ്ടിവരുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പ് വകവെയ്ക്കാതെ ആയിരങ്ങൾ പ്രതിഷേധത്തിൽ പങ്കെടുക്കുകയായിരുന്നു. പ്രതിഷേധത്തെ നേരിടാൻ എല്ലാ സന്നാഹങ്ങളോടെയും പൊലീസ് അണിനിരന്നു. 1400ലധികം പേരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.