100 ദിനം പിന്നിട്ട് യുക്രൈനിലെ റഷ്യൻ അധിനിവേശം; പതിനായിരങ്ങൾ മരിച്ചെന്ന് അനൗദ്യോഗിക കണക്ക്
|ഫെബ്രുവരി 24നാണ് റഷ്യ യുക്രൈന് മേൽ യുദ്ധം ആരംഭിച്ചത്. തലസ്ഥാനമായ കിയവും തന്ത്രപ്രധാന കേന്ദ്രങ്ങളായ മരിയുപോൾ, ഡോൺബാസ് തുടങ്ങിയ മേഖലകളിലുമാണ് കടുത്ത ആക്രമണവും പ്രതിരോധവും നടന്നത്. റഷ്യൻ സൈന്യത്തെ നേരിടാൻ യുക്രൈൻ സൈനികർക്കൊപ്പം സാധാരണക്കാരും ആയുധമേന്തി.
കിയവ്: 100 ദിനം പിന്നിട്ട് യുക്രൈനിലെ റഷ്യൻ അധിനിവേശം. പതിനായിരങ്ങൾ യുദ്ധത്തിന്റെ ഇരകളായി മരിച്ചെന്നാണ് അനൗദ്യോഗിക കണക്ക്. റഷ്യൻ അധീനതയിലുളള 20 ശതമാനത്തോളം പ്രദേശം തിരിച്ചുപിടിച്ചതായി യുക്രൈൻ സെന്യം അവകാശപ്പെട്ടു. യുദ്ധത്തിനിടെ നടക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ അന്വേഷിക്കുന്നതിന് യു.എൻ പ്രത്യേക സംഘത്തെ യുക്രൈനിലേക്ക് അയക്കും.
ഫെബ്രുവരി 24നാണ് റഷ്യ യുക്രൈന് മേൽ യുദ്ധം ആരംഭിച്ചത്. തലസ്ഥാനമായ കിയവും തന്ത്രപ്രധാന കേന്ദ്രങ്ങളായ മരിയുപോൾ, ഡോൺബാസ് തുടങ്ങിയ മേഖലകളിലുമാണ് കടുത്ത ആക്രമണവും പ്രതിരോധവും നടന്നത്. റഷ്യൻ സൈന്യത്തെ നേരിടാൻ യുക്രൈൻ സൈനികർക്കൊപ്പം സാധാരണക്കാരും ആയുധമേന്തി. മരിയൂപോളിൽ മാത്രം 21,000 സാധാരണക്കാർ മരിച്ചെന്നാണ് യുക്രൈൻ അധികൃതർ പറയുന്നത്. ലുഹാൻസ്‌കിൽ 1500 പേർ മരിച്ചെന്നും കണക്കുണ്ട്. പലയിടങ്ങളിൽ നിന്നും പലായനം ചെയ്തവരെയും കാണാതായവരെയും കുറിച്ച് കൃത്യമായ വിവരമില്ല. യുദ്ധക്കുറ്റം മറച്ചുവെയ്ക്കാൻ റഷ്യൻ സൈന്യം കൂട്ടക്കുഴിമാടം ഒരുക്കി മൃതദേഹങ്ങൾ മറവുചെയ്തുവെന്ന ആരോപണംകൂടി പരിഗണിക്കുമ്പോഴെ യുക്രൈൻ യുദ്ധത്തിന്റെ ഭീകരതയുടെ വ്യാപ്തി വ്യക്തമാവുകയുള്ളൂ.
യുദ്ധബാധിത പ്രദേശത്ത്‌നിന്ന് ഒന്നരക്കോടിയോളം പേർ പലായനം ചെയ്‌തെന്നാണ് യുഎന്നിന്റെ കണക്ക്. റഷ്യൻ സൈന്യത്തെ പ്രതിരോധിക്കുന്നതിനിടെ പ്രതിദിനം 60 മുതൽ 100 യുക്രൈൻ പട്ടാളക്കാർവരെ മരിക്കുന്നതായും 500 ഓളം പേർക്ക് പരിക്കേൽക്കുന്നതായും യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി വ്യക്തമാക്കിയിരുന്നു. മരിച്ചതും പരിക്കേറ്റതുമായ സൈനികരുടെ വിവരങ്ങൾ റഷ്യയും പുറത്തുവിട്ടെങ്കിലും യുക്രൈൻ പൗരന്മാർ കൊല്ലപ്പെട്ടത് സംബന്ധിച്ച് മൗനം പാലിക്കുകയാണ്..
നൂറുദിനം പിന്നിടുന്ന യുദ്ധം അന്താരാഷ്ട്ര തലത്തിൽ റഷ്യയെ ഒറ്റപ്പെടുത്തുന്നതിനും ഉപരോധ പ്രഖ്യാപനം വഴി വിപണയിൽ കടുത്ത പ്രതിസന്ധി ഉണ്ടാകുന്നതിനും കാരണമായി. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനെതിരെ രാജ്യത്തിനകത്തും പ്രതിഷേധം ശക്തമായി. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും യുക്രൈന് പിന്തുണയുമായി നിലകൊണ്ടു. യൂറോപ്യൻ രാജ്യങ്ങളുടെ അത്യന്താധുനിക യുദ്ധോപകരണങ്ങളുടെ പരീക്ഷണഭൂമികൂടിയായി മാറി യുക്രൈൻ. ജനവാസ മേഖലകളിലേക്ക് പോലും മിസൈൽ തൊടുത്തായിരുന്നു റഷ്യൻ ആക്രമണം. ഉപരോധവും അന്താരാഷ്ട്ര സമ്മർദങ്ങളും റഷ്യൻ സമ്പദ് വ്യവസ്ഥയെ പ്രകടമായി ബാധിച്ചില്ലെങ്കിലും രാജ്യത്തെ വ്യവസായ മേഖല കടുത്ത സമ്മർദത്തിലാണെന്നാണ് റിപ്പോർട്ട്.