![യുക്രൈൻ തിരിച്ചുപിടിച്ച ഇസിയം മേഖലയിൽ മൃതദേഹങ്ങൾ അടങ്ങിയ 400ലധികം കുഴിമാടങ്ങൾ യുക്രൈൻ തിരിച്ചുപിടിച്ച ഇസിയം മേഖലയിൽ മൃതദേഹങ്ങൾ അടങ്ങിയ 400ലധികം കുഴിമാടങ്ങൾ](https://www.mediaoneonline.com/h-upload/2022/09/17/1319557-mass-exhumations2.webp)
യുക്രൈൻ തിരിച്ചുപിടിച്ച ഇസിയം മേഖലയിൽ മൃതദേഹങ്ങൾ അടങ്ങിയ 400ലധികം കുഴിമാടങ്ങൾ
![](/images/authorplaceholder.jpg?type=1&v=2)
റഷ്യൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരെയും പരിക്കേറ്റ് ചികിത്സ ലഭിക്കാതെ മരിച്ചവരെയുമാകാം ഇവിടെ അടക്കിയത് എന്നാണ് സൂചനകൾ
കിയവ്: റഷ്യൻ സൈന്യത്തിൽ നിന്ന് യുക്രൈൻ തിരിച്ചുപിടിച്ച ഇസിയം മേഖലയിൽ മൃതദേഹങ്ങൾ അടങ്ങിയ നിരവധി കുഴിമാടങ്ങൾ കണ്ടെത്തി. 400ൽ അധികം കുഴിമാടങ്ങളാണ് പ്രദേശത്ത് നിന്ന് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്.
യുദ്ധോപകരണങ്ങൾ ഉൾപ്പെടെ സംഭരിച്ചിരുന്ന വടക്കൻ യുക്രൈനിലെ ഇസിയം, റഷ്യയിൽ നിന്ന് തിരിച്ചുപിടിച്ച ശേഷമുള്ള കാഴ്ച ആരെയും ഞെട്ടിക്കും. ഏകദേശം 440ഓളം കുഴിമാടങ്ങളാണ് ഇസിയം മേഖലയിൽ നിന്ന് അധികൃതർ കണ്ടെത്തിയത്. നഗരത്തിന് പുറത്തുള്ള വനമേഖലയിലാണ് മരക്കുരിശുകൾ നാട്ടിയ രീതിയിൽ കുഴിമാടങ്ങളുള്ളത്. റഷ്യൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരെയും പരിക്കേറ്റ് ചികിത്സ ലഭിക്കാതെ മരിച്ചവരെയുമാകാം ഇവിടെ അടക്കിയത് എന്നാണ് സൂചനകൾ. ഇതിൽ സൈനികരും സാധാരണ പൗരന്മാരും ഉണ്ടെന്ന് യുക്രൈനിലെ സ്ട്രാറ്റജിക് കമ്യൂണിക്കേഷൻസ് ലിമിറ്റഡ് അറിയിച്ചു.
ഇസിയത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഖനനത്തിന്‍റെ ഫോട്ടോ പ്രസിഡന്‍റ് വ്ലാദിമർ സെലൻസ്കി തന്നെയാണ് ആദ്യം പുറത്തുവിട്ടത്. ലോകം മുഴുവൻ ഇത് കാണണം. തീവ്രവാദവും ക്രൂരതയും ഉണ്ടാകാൻ പാടില്ല എന്ന് എല്ലാവരും പറയുന്നു. എന്നാൽ അതെല്ലാം ഇവിടെയുണ്ട്. അതിന്‍റെ പേരാണ് റഷ്യ. സെലൻസ്കി കുറിച്ചു. റഷ്യയുടെ അധിനിവേശത്തിലായിരുന്ന ഇസിയം വലിയ രീതിയിലുള്ള പീരങ്കി ആക്രമണത്തിന് വിധേയമായിരുന്നു. ഖാർകീവ്, ഡോനെറ്റ്സ്ക് പ്രദേശങ്ങൾക്കിടയിൽ അതിർത്തിയോട് ചേർന്നുള്ള പ്രദേശം അഞ്ചു മാസത്തിന് ശേഷമാണ് യുക്രൈന്‍ തിരിച്ചുപിടിച്ചത്.