പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് തടസപ്പെടുത്താന്‍ ശ്രമിച്ചതിന് യുക്രൈന് തിരിച്ചടി നല്‍കുമെന്ന് പുടിന്‍
|വെള്ളിയാഴ്ച സുരക്ഷാ കൗണ്‍സില്‍ അംഗങ്ങളോട് സംസാരിച്ച പുടിന്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടാതെ വിടില്ലെന്നും പറഞ്ഞു
മോസ്കോ: റഷ്യൻ പ്രദേശത്തെ സിവിലിയൻ കേന്ദ്രങ്ങള്‍ക്ക് നേരെ ഷെല്ലാക്രമണം നടത്തി റഷ്യൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിനെ തടസ്സപ്പെടുത്താൻ ശ്രമിച്ചതിനും 2,500 സായുധ സൈനികരെ ഉപയോഗിച്ച് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചതിനും യുക്രൈന് തിരിച്ചടി നല്‍കുമെന്ന് പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍. വെള്ളിയാഴ്ച സുരക്ഷാ കൗണ്‍സില്‍ അംഗങ്ങളോട് സംസാരിച്ച പുടിന്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടാതെ വിടില്ലെന്നും പറഞ്ഞു.
''വോട്ടിംഗ് പ്രക്രിയയെ തടസപ്പെടുത്താനും ജനങ്ങളെ ഭയപ്പെടുത്താനും റഷ്യയിലെ സിവിലിയൻ സെറ്റിൽമെൻ്റുകളിൽ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനും കിയവ് ശ്രമിക്കുന്നു'' പുടിന്‍ ആരോപിച്ചു. 95 ശതമാനം ഷെല്ലുകളും മിസൈലുകളും റഷ്യൻ വ്യോമ പ്രതിരോധ സേന വെടിവച്ചിട്ടെങ്കിലും ചിലത് കടന്നുകയറിയെന്നും റഷ്യൻ പൗരന്മാർക്കിടയിൽ നാശനഷ്ടങ്ങളുണ്ടായെന്നും പുടിൻ പറഞ്ഞു.ബെൽഗൊറോഡ് മേഖലയിൽ നാല് ആക്രമണങ്ങളും കുർസ്ക് മേഖലയിൽ ഒരു ആക്രമണവും യുക്രൈന്‍ നടത്തിയതായി റഷ്യന്‍ പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു. “നമ്മുടെ ആളുകൾ, റഷ്യയിലെ ജനങ്ങൾ, ഇതിലും വലിയ ഐക്യദാർഢ്യത്തോടെ പ്രതികരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ആരെയാണ് അവർ ഭയപ്പെടുത്താൻ തീരുമാനിച്ചത്? റഷ്യൻ ജനതയെ?" പുടിൻ രോഷാകുലനായി.
റഷ്യയിലുടനീളമുള്ള ഇത്തരം ആക്രമണങ്ങൾക്ക് ശേഷം വോട്ടിംഗ് തടസ്സപ്പെടുത്താനായി ബാലറ്റ് പെട്ടികൾ നശിപ്പിക്കുന്നവരെ അഞ്ച് വർഷം വരെ തടവിലാക്കുമെന്ന് റഷ്യയുടെ തെരഞ്ഞെടുപ്പ് മേധാവി പറഞ്ഞു.ഈ സംഭവങ്ങൾ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ലെന്ന് അധികൃതർ പറഞ്ഞു.
ആണവയുദ്ധത്തിന് റഷ്യ സാങ്കേതികമായി സജ്ജമാണെന്നും യുക്രൈനിലേക്ക് യുഎസ് സൈന്യത്തെ അയച്ചാൽ അത് അതിക്രമമായി കണക്കാക്കുമെന്നും പുടിന്‍ ഈയിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. യുക്രൈനിൽ എപ്പോഴെങ്കിലും ആണവായുധം ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ എന്ന് റഷ്യൻ സ്റ്റേറ്റ് ടെലിവിഷനു നൽകിയ അഭിമുഖത്തിൽ ചോദിച്ചപ്പോൾ അതിൻ്റെ ആവശ്യമില്ലെന്നാണ് പുടിൻ പ്രതികരിച്ചത്.ലോകം ഒരു ആണവയുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ബുധനാഴ്ച രാവിലെ യുക്രൈന്‍ വലിയ രീതിയില്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി റഷ്യന്‍ അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആറ് മേഖലകളിലായി 58 ഡ്രോണുകൾ വ്യോമ പ്രതിരോധം തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.ഡ്രോണുകളിൽ ഒന്ന് റിയാസാൻ മേഖലയിലെ എണ്ണ ശുദ്ധീകരണശാലയിൽ ഇടിച്ചു, കുറഞ്ഞത് രണ്ട് പേർക്ക് പരിക്കേൽക്കുകയും തീ പടരുകയും ചെയ്തു. സെൻ്റ് പീറ്റേഴ്‌സ്ബർഗിന് സമീപമുള്ള റിഫൈനറിക്ക് സമീപമെത്തിയപ്പോഴാണ് മറ്റൊന്ന് തകർന്നത്.