World
റഷ്യന്‍ സൈനികര്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു; ഗുരുതര ആരോപണവുമായി യുക്രൈന്‍ വിദേശകാര്യ മന്ത്രി
World

റഷ്യന്‍ സൈനികര്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു; ഗുരുതര ആരോപണവുമായി യുക്രൈന്‍ വിദേശകാര്യ മന്ത്രി

Web Desk
|
5 March 2022 4:03 AM GMT

ആരോപണമുന്നയിച്ചെങ്കിലും മന്ത്രി ഇതുമായി ബന്ധപ്പെട്ട തെളിവുകളൊന്നും നിരത്തിയിട്ടില്ല

ആക്രമണത്തിനിടെ റഷ്യന്‍ പട്ടാളക്കാര്‍ യുക്രൈനിലെ സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കുന്നതായി വിദേശകാര്യ മന്ത്രി ഡിമിട്രോ കുലേബ ആരോപിച്ചു. ആരോപണമുന്നയിച്ചെങ്കിലും മന്ത്രി ഇതുമായി ബന്ധപ്പെട്ട തെളിവുകളൊന്നും നിരത്തിയിട്ടില്ല.

''നിങ്ങളുടെ നഗരങ്ങളിൽ ബോംബുകൾ വീഴുമ്പോൾ, അധിനിവേശ നഗരങ്ങളിൽ പട്ടാളക്കാർ സ്ത്രീകളെ ബലാത്സംഗം ചെയ്യുമ്പോൾ, നിർഭാഗ്യവശാൽ, റഷ്യൻ പട്ടാളക്കാർ യുക്രേനിയൻ നഗരങ്ങളിൽ സ്ത്രീകളെ ബലാത്സംഗം ചെയ്യുമ്പോൾ(നിരവധി സംഭവങ്ങളുണ്ട്) അന്താരാഷ്ട്ര നിയമത്തിന്‍റെ കാര്യക്ഷമതയെക്കുറിച്ച് സംസാരിക്കാൻ പ്രയാസമാണ്'' ലണ്ടനിലെ ചാതം ഹൗസിൽ നടന്ന ഒരു പരിപാടിയിൽ കുലേബ പറഞ്ഞു. ഞങ്ങളെക്കാള്‍ ശക്തനായ ശത്രുവിനോടാണ് ഞങ്ങള്‍ പോരാടിക്കൊണ്ടിരിക്കുന്നത്. ന്യായം ഞങ്ങളോടൊപ്പമാണ്, അതുകൊണ്ട് പ്രതീക്ഷയുണ്ട്'' കുലേബ കൂട്ടിച്ചേര്‍ത്തു.

അതേസമയം യുദ്ധം പത്താം ദിവസത്തിലേക്ക് കടക്കുമ്പോള്‍ യുക്രൈനിൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് റഷ്യ. പ്രധാന നഗരമായ മരിയൊപോളും റഷ്യൻ സേന വളഞ്ഞു. റഷ്യക്കെതിരെയുള്ള പോരാട്ടത്തെ പിന്തുണയ്ക്കാൻ യുക്രൈൻ പ്രസിഡന്‍റ് യുറോപ്യൻ രാജ്യങ്ങളോട് ആഹ്വാനം ചെയ്തു. വടക്കൻ മേഖലയിൽ പോരാട്ടം മന്ദഗതിയിലാണെങ്കിലും തെക്കൻ തീരങ്ങളിൽ ശക്തമായ ആക്രമണമാണ് നടക്കുന്നത്. യുക്രൈൻ അതിർത്തിയിൽ നിലയുറപ്പിച്ചിരുന്ന 90 ശതമാനം സൈനികരും യുക്രൈനിലേക്ക് കടന്നു കഴിഞ്ഞു. പ്രധാന നഗരങ്ങളായ ഖാർകിവ്, മരിയുപോൾ നഗരങ്ങളിൽ വ്യോമാക്രമണങ്ങൾ ശക്തമാക്കി. റഷ്യൻ അതിർത്തിയോട് അടുത്തുള്ള മരിയുപോൾ റഷ്യൻ സേന വളഞ്ഞു കഴിഞ്ഞു.

ഇതുവരെ രണ്ടായിരത്തിലേറെ പൗരന്മാർ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി യുക്രൈൻ വ്യക്തമാക്കി. 9000 റഷ്യൻ സൈനികരെ വധിച്ചതായും യുക്രൈൻ അവകാശപ്പെടുന്നു. തലസ്ഥാന നഗരമായ കിയവ് പിടിച്ചെടുക്കാനുള്ള റഷ്യയുടെ ശ്രമം തുടരുകയാണ്. കീയവ് ലക്ഷ്യമാക്കി നീങ്ങിയ റഷ്യൻ സൈനിക വ്യൂഹത്തിന്‍റെ നീക്കം ഇപ്പോഴും മന്ദഗതിയിലാണ്. അധിനിവേശ റഷ്യൻ സൈന്യത്തിനെതിരായ രാജ്യത്തിന്‍റെ പോരാട്ടത്തെ പിന്തുണയ്ക്കാൻ യുക്രൈൻ പ്രസിഡന്‍റ് വ്ലദിമർ സെലെൻസ്‌കി യൂറോപ്യൻ രാജ്യങ്ങളോട് ആഹ്വാനം ചെയ്തു. രാജ്യത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് നിശബ്ദരാകരുതെന്ന് സെലെൻസ്‌കി അഭ്യർഥിച്ചു.

Ukraine's foreign minister accuses Russian soldiers of rape in Ukrainian cities

Similar Posts