World
മെയ് 9നകം യുദ്ധം അവസാനിപ്പിക്കാൻ റഷ്യ ആഗ്രഹിക്കുന്നുവെന്ന് യുക്രേനിയൻ സൈന്യം
World

മെയ് 9നകം യുദ്ധം അവസാനിപ്പിക്കാൻ റഷ്യ ആഗ്രഹിക്കുന്നുവെന്ന് യുക്രേനിയൻ സൈന്യം

Web Desk
|
25 March 2022 3:47 AM GMT

നാസി ജര്‍മനിക്കെതിരായ വിജയദിനമാണ് മേയ് 9. അതുകൊണ്ടാണ് ഈ ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ ആഗ്രഹിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്

യുക്രൈനിലെ റഷ്യൻ ആക്രമണം തുടരുമ്പോൾ, മെയ് 9നകം യുദ്ധം അവസാനിപ്പിക്കാൻ മോസ്കോ ആഗ്രഹിക്കുന്നുവെന്ന് യുക്രേനിയൻ സൈന്യം അവകാശപ്പെട്ടു. മെയ് 9നകം യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യൻ സൈനികരോട് ആവശ്യപ്പെട്ടതായി യുക്രൈനിലെ സായുധ സേനയുടെ ജനറൽ സ്റ്റാഫിൽ നിന്നുള്ള രഹസ്യാന്വേഷണ സ്രോതസുകളെ ഉദ്ധരിച്ച് കിയവ് ഇൻഡിപെൻഡന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നാസി ജര്‍മനിക്കെതിരായ വിജയദിനമാണ് മേയ് 9. അതുകൊണ്ടാണ് ഈ ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ ആഗ്രഹിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ, മോസ്കോ തങ്ങളുടെ ലക്ഷക്കണക്കിന് പൗരന്‍മാരെ റഷ്യയിലേക്ക് ബലമായി കൊണ്ടുപോയെന്ന് യുക്രൈന്‍ ആരോപിച്ചു. അവരിൽ ചിലരെ ബന്ദികളാക്കി കിയവിനെ സമ്മര്‍ദ്ദത്തിലാക്കാനാണ് ഉദ്ദേശ്യമെന്നും യുക്രൈന്‍ ചൂണ്ടിക്കാട്ടി. 84,000 കുട്ടികൾ ഉൾപ്പെടെ 402,000 പേരെ നിര്‍ബന്ധമായി റഷ്യ പിടിച്ചുകൊണ്ടുപോയെന്ന് യുക്രൈന്‍ ഓംബുഡ്‌സ്‌പേഴ്‌സൺ ല്യൂഡ്‌മൈല ഡെനിസോവ പറഞ്ഞു. എന്നാല്‍ റഷ്യയും സമാനമായ കണക്കുകള്‍ നിരത്തിയെങ്കിലും ഇവരെല്ലാം തങ്ങളുടെ രാജ്യത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നതായും വ്യക്തമാക്കി.

അതേസമയം യുക്രൈനിലെ റഷ്യൻ ആക്രമണം ചര്‍ച്ച ചെയ്യുന്നതിനുള്ള നാറ്റോ അടിയന്തര ഉച്ചകോടി ബ്രസൽസിൽ ചേർന്നു. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ഉള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തിൽ പങ്കെടുത്തു. കൂടുതൽ സൈനിക സഹായം യുക്രൈന് നൽകാനാണ് നാറ്റോ സഖ്യ രാജ്യങ്ങളുടെ തീരുമാനം. നാറ്റോ സഖ്യ രാജ്യങ്ങളുടെ കിഴക്കൻ പ്രദേശത്ത് പ്രതിരോധം ശക്തമാക്കാനും യോഗത്തിൽ തീരുമാനമായി. കിഴക്കൻ മേഖലയിൽ 40,000 സൈനികരെ നിയോഗിക്കുമെന്നും അടിയന്തര ഉച്ചകോടിക്ക് ശേഷം നാറ്റോ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. റഷ്യക്കെതിരായ ഉപരോധം യു എസും സഖ്യ കക്ഷികളും കടുപ്പിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

അതിനിടെ യുക്രൈനിൽ റഷ്യ അതീവ വിനാശകരമായ ഫോസ്ഫറസ് ബോംബുകൾ പ്രയോഗിച്ചതായി പ്രസിഡന്‍റ് വ്ലാദിമർ സെലൻസ്കി ആരോപിച്ചു. ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായും സെലൻസ്കി നാറ്റോ സഖ്യത്തെ അറിയിച്ചു. നാറ്റോയിൽ നിന്നും കൂടുതൽ സഹായം യുക്രൈന് ആവശ്യമുണ്ടെന്നും സെലൻസ്കി പറഞ്ഞു.യുക്രൈനിൽ നിന്ന് പലായനം ചെയ്യുന്ന ഒരു ലക്ഷം അഭയാർഥികളെ സ്വാഗതം ചെയ്യുന്നതായി വൈറ്റ് ഹൗസ് അറിയിച്ചു.

Similar Posts