റഷ്യന്‍ പട്ടാളക്കാര്‍ ബലാത്സംഗം ചെയ്യുമെന്ന് പേടി; മുടി മുറിച്ച് യുക്രേനിയന്‍ പെണ്‍കുട്ടികള്‍
|യുദ്ധം നീണ്ടുപോകുമ്പോള്‍ റഷ്യന്‍ പട്ടാളക്കാര്‍ക്കെതിരെ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്
യുക്രൈന്‍: യുദ്ധം നീണ്ടുപോകുമ്പോള്‍ റഷ്യന്‍ പട്ടാളക്കാര്‍ക്കെതിരെ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. വളരെ ക്രൂരമായിട്ടാണ് പട്ടാളക്കാര്‍ പ്രദേശവാസികളോട് പെരുമാറുന്നത്. സ്ത്രീകളെയും പെണ്‍കുട്ടികളെയും പീഡിപ്പിക്കുന്നതായി പരാതികളും ഉയര്‍ന്നിരുന്നു. പട്ടാളക്കാരുടെ ശ്രദ്ധയില്‍ പെടാതിരിക്കാനായി യുക്രേനിയന്‍ പെണ്‍കുട്ടികള്‍ തങ്ങളുടെ മുടി മുറിച്ചു കളയുന്നതായാണ് റിപ്പോര്‍ട്ട്.
തലസ്ഥാനമായ കിയവിൽ നിന്ന് ഏകദേശം 50 മൈൽ അകലെയുള്ള യുക്രേനിയൻ പട്ടണമായ ഇവാൻകിവിൽ, പെൺകുട്ടികൾ 'ആകർഷണം കുറഞ്ഞവരായി' ഇരിക്കാനും റഷ്യൻ പട്ടാളക്കാർ ബലാത്സംഗം ചെയ്യപ്പെടാതിരിക്കാനും മുടി ചെറുതാക്കിയെന്ന് ഡെപ്യൂട്ടി മേയർ മറീന ബെഷാസ്റ്റ്ന പറഞ്ഞു. സമീപത്തെ ഒരു ഗ്രാമത്തിൽ 15 ഉം 16 ഉം വയസും പ്രായമുള്ള രണ്ട് സഹോദരിമാരെ ബലാത്സംഗം ചെയ്ത സംഭവത്തെക്കുറിച്ചും ഐടിവി ന്യൂസിനോട് സംസാരിക്കവെ അവര്‍ പറഞ്ഞു. ഇവാന്‍കിവില്‍ മാത്രമല്ല ബലാത്സംഗ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഭർത്താവ് വെടിയേറ്റ് മരിച്ച് നിമിഷങ്ങൾക്കകം റഷ്യൻ പട്ടാളക്കാർ തന്നെ ബലാത്സംഗം ചെയ്തുവെന്ന് ഒരു യുക്രേനിയൻ സ്ത്രീ പറഞ്ഞിരുന്നു. നാലു വയസുകാരനായ മകന്‍ തൊട്ടടുത്ത മുറിയിലിരുന്നു കരയുമ്പോഴായിരുന്നു പീഡനം.
റഷ്യൻ പട്ടാളക്കാർ ചെറിയ പെണ്‍കുട്ടികളെപ്പോലും വെറുതെ വിടാറില്ലെന്ന് യുക്രേനിയൻ പാർലമെന്‍റ് അംഗം ലെസിയ വാസിലെങ്ക് പറഞ്ഞിരുന്നു. ആക്രമണത്തിനിടെ റഷ്യന്‍ സൈനികര്‍ യുക്രൈന്‍ സ്ത്രീകളെ പീഡിപ്പിക്കുന്നതായി വിദേശകാര്യ മന്ത്രി ഡിമിട്രോ കുലേബയും വ്യക്തമാക്കിയിരുന്നു.
യുക്രൈനില്‍ ക്രൂരമായ മനുഷ്യാവകാശ ലംഘനം നടത്തിയെന്ന യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്നും റഷ്യയെ സസ്പെന്‍ഡ് ചെയ്തിരുന്നു. 2011ൽ ലിബിയയെ സസ്പെൻഡ് ചെയ്തതിനു ശേഷം കൗണ്‍സിലില്‍ നിന്നും പുറത്താക്കപ്പെടുന്ന രണ്ടാമത്തെ രാജ്യമാണ് റഷ്യ. അതേസമയം മാനുഷിക ഇടനാഴികളിലൂടെ നഗരങ്ങളിൽ നിന്ന് 6,665 പേരെ ഒഴിപ്പിച്ചതായി യുക്രേനിയൻ സർക്കാർ വെള്ളിയാഴ്ച അറിയിച്ചു.