'കാപട്യം കയ്യിലിരിക്കട്ടെ, ആദ്യം രാജ്യം വിടൂ' ; പുടിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിനെതിരെ യുക്രൈൻ
|യുക്രൈനിൽ അടുത്ത രണ്ടുദിവസത്തേക്കാണ് റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്
കിയവ്: റഷ്യയുടെ വെടിനിർത്തൽ പ്രഖ്യാപനത്തെ ആക്ഷേപിച്ച് യുക്രൈനിലെ ഉന്നത ഉദ്യോഗസ്ഥർ. വെടിനിർത്തൽ പ്രഖ്യാപനം കാപട്യമെന്ന് വിശേഷിപ്പിച്ച യുക്രൈൻ പ്രസിഡന്റിന്റെ രാഷ്ട്രീയ ഉപദേഷ്ടാവ് മൈഖൈലോ പോഡോലിയാക് സന്ധി പ്രഖ്യാപിക്കാൻ റഷ്യ ആഹ്വാനം ചെയ്തതിനെ അപഹസിക്കുകയും ചെയ്തു.
'റഷ്യ ചെയ്യുന്നത് പോലെ യുക്രൈൻ വിദേശ പ്രദേശങ്ങൾ ആക്രമിക്കുകയോ സാധാരണക്കാരെ കൊല്ലുകയോ ചെയ്യുന്നില്ല എന്നതാണ് ആദ്യം മനസിലാക്കേണ്ടത്'; പോഡോലിയാക് ട്വിറ്ററിൽ കുറിച്ചു. അധിനിവേശ പ്രദേശങ്ങളിലെ സൈന്യത്തെ മാത്രമാണ് യുക്രൈൻ പ്രതിരോധിക്കുന്നതും തിരിച്ച് ആക്രമിക്കുന്നതും. ആദ്യം റഷ്യൻ ഫെഡറേഷൻ യുക്രൈനിലെ അധിനിവേശ പ്രദേശങ്ങൾ വിടണം. എങ്കിൽ മാത്രം ഒരു താത്കാലിക സന്ധിക്ക് തയ്യാറാക്കാം. അല്ലാതെയുള്ള കാപട്യങ്ങൾ നിങ്ങളുടെ കയ്യിൽ തന്നെ സൂക്ഷിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുക്രൈനിൽ അടുത്ത രണ്ടുദിവസത്തേക്കാണ് റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. റഷ്യൻ ഓർത്തഡോക്സ് സഭയുടെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായാണ് വ്‌ളാഡിമിർ പുടിന്റെ തീരുമാനം. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആക്രമണം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് റഷ്യ യുക്രൈനിൽ സമ്പൂർണ വെടിനിർത്തൽ ഏർപ്പെടുത്തുന്നത്.മതപരമായ അവധിക്കാലത്ത് വെടിനിർത്തലിനുള്ള റഷ്യയിലെ 76 കാരനായ ഓർത്തഡോക്സ് നേതാവ് പാത്രിയാർക്കീസ് കിറിലിന്റെ അഭ്യർത്ഥനയെ തുടർന്നാണ് പ്രഖ്യാപനം.
""2023 ജനുവരി 6-ന് 12:00 (0900 GMT) മുതൽ 2023 ജനുവരി 7-ന് 24:00 (2100 GMT) വരെ ഇരുരാജ്യങ്ങളും തമ്മിലുള്ള മുഴുവൻ സമ്പർക്ക നിരയിലും വെടിനിർത്തൽ ഏർപ്പെടുത്താൻ ഞാൻ റഷ്യൻ ഫെഡറേഷന്റെ പ്രതിരോധ മന്ത്രിയോട് നിർദ്ദേശിക്കുന്നു;" റഷ്യ പ്രസ്താവനയിൽ അറിയിച്ചു. യാഥാസ്ഥിതികത അവകാശപ്പെടുന്ന ധാരാളം പൗരന്മാർ യുദ്ധമേഖലകളിൽ താമസിക്കുന്നു എന്ന വസ്തുത കണക്കിലെടുത്ത്, വെടിനിർത്തൽ പ്രഖ്യാപിക്കാനും ക്രിസ്മസ് രാവിൽ പള്ളിയിൽ പങ്കെടുക്കാനുള്ള അവസരം നൽകാനും യുക്രൈനോട് ആവശ്യപ്പെടുന്നതായും റഷ്യ കൂട്ടിച്ചേർത്തു.