ഈ കുഞ്ഞുങ്ങളെങ്കിലും രക്ഷപ്പെട്ടിരുന്നെങ്കില്‍; കുട്ടികളുടെ ശരീരത്തില്‍ പേരും ഫോണ്‍നമ്പറുമെഴുതി യുക്രൈനിലെ അമ്മമാര്‍
|യുദ്ധം അനാഥരാക്കുന്ന കുട്ടികളാണ് യുദ്ധഭൂമിയിലെ നൊമ്പരപ്പെടുത്തുന്ന മറ്റൊരു കാഴ്ച
യുക്രൈനിലെ റഷ്യയുടെ ആക്രമണം 41ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഹൃദയം നുറുങ്ങുന്ന കാഴ്ചകളാണ് എങ്ങും. ആരാണ് എപ്പോഴാണ് കൊല്ലപ്പെടുന്നതെന്ന് പറയുക അസാധ്യം. യുദ്ധം അനാഥരാക്കുന്ന കുട്ടികളാണ് യുദ്ധഭൂമിയിലെ നൊമ്പരപ്പെടുത്തുന്ന മറ്റൊരു കാഴ്ച. തങ്ങളുടെ മരണത്തോടെ അനാഥരാക്കപ്പെടുന്ന കുഞ്ഞുങ്ങളെയോര്‍ത്ത് ഓരോ നിമിഷവും ഉരുകിക്കഴിയുകയാണ് മാതാപിതാക്കള്‍.
യുദ്ധത്തില്‍ തങ്ങള്‍ കൊല്ലപ്പെടുകയോ കുട്ടികള്‍ രക്ഷപ്പെടുകയോ ചെയ്താല്‍ അവരെ തിരിച്ചറിയുന്നതിനും അവരെ ആരെങ്കിലും സഹായിക്കുന്നതിനും വേണ്ടി കുഞ്ഞുങ്ങളുടെ ശരീരത്തില്‍ അവരുടെ പേരും ഫോണ്‍നമ്പറുകളും കുറിച്ചുവയ്ക്കുകയാണ് യുക്രൈനിലെ അമ്മമാര്‍. യുക്രേനിയന്‍ മാധ്യമപ്രവര്‍ത്തകയായ അനസ്താസിയ ലാപാറ്റിനയാണ് ഈ വിവരങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചത്. റഷ്യയുടെ ചരക്കുകൾക്കും സേവനങ്ങൾക്കും ഉപരോധം ഏർപ്പെടുത്താനുള്ള യൂറോപ്യൻ യൂണിയന്റ തീരുമാനത്തെ പരാമർശിച്ചുകൊണ്ട് യൂറോപ്പ് ഇപ്പോഴും ഗ്യാസിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുവെന്ന് പരിഹസിച്ചു.
റഷ്യ വംശഹത്യ നടത്തുകയാണെന്ന യുക്രേനിയൻ പ്രസിഡന്റ് വ്ളാദിമിര്‍ സെലെൻസ്കിയുടെ ആരോപണത്തിന് പിന്നാലെയാണ് ചിത്രങ്ങള്‍ പുറത്തുവന്നത്. റഷ്യന്‍ അക്രമികള്‍ കുട്ടികളെയും കൊലപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ''ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും കൈകാലുകൾ മുറിച്ച് പീഡിപ്പിക്കപ്പെടുകയും ചെയ്തു, സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടു, കുട്ടികൾ കൊല്ലപ്പെട്ടുവെന്ന് നമുക്കറിയാം'' സെലെന്‍സ്കി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. റഷ്യൻ സൈന്യം പലായനം ചെയ്യാൻ ശ്രമിക്കുമ്പോൾ കുട്ടികളെ 'മനുഷ്യകവചം' ആയി ഉപയോഗിക്കുന്നുവെന്ന് ഗാർഡിയൻ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞയാഴ്ച യുക്രേനിയൻ നഗരമായ ബുച്ചയിൽ നൂറുകണക്കിന് ആളുകളുടെ മൃതദേഹങ്ങൾക്കൊപ്പം കുട്ടികളുടെ മൃതദേഹങ്ങളും കണ്ടെത്തിയിരുന്നു.