രക്ഷാദൗത്യത്തിന് എത്തിയ വിമാനം കാബൂളില്‍ നിന്നും തട്ടികൊണ്ടുപോയി
|ആയുധധാരികളായ സംഘമാണ് വിമാനം തട്ടിയെടുത്തതെന്നാണ് യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.
കാബൂളില്‍ നിന്നും രക്ഷാദൗത്യത്തിനെത്തിയ വിമാനം തട്ടിക്കൊണ്ടുപോയതായി യുക്രൈന്‍. ആയുധധാരികളായ സംഘമാണ് വിമാനം തട്ടിയെടുത്തതെന്നാണ് യുക്രൈന്‍ വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആരാണ് തട്ടികൊണ്ടു പോയെതെന്ന കാര്യം വ്യക്തമല്ല.
താലിബാന്‍ ഭരണമേറ്റെടുത്തതിനെ തുടര്‍ന്ന് നിരവധി പേരാണ് വിമാനമാര്‍ഗം രാജ്യം വിടാന്‍ തയ്യാറായിരിക്കുന്നത്. ഓരോ പതിനഞ്ചു മിനിറ്റിലും ഓരോ വിമാനം കാബൂളില്‍ നിന്നും പുറപ്പെടുന്നുണ്ടെന്നാണ് വിവരം. ഇതിനിടെയാണ് വിമാനം തട്ടിയെടുത്തതായി യുക്രൈന്‍ അറിയിച്ചത്.
തട്ടിയെടുത്ത വിമാനം ഇറാനിലേക്ക് കൊണ്ടുപോയെന്നാണ് യുക്രൈന്‍ വിദേശകാര്യ മന്ത്രി അറിയിച്ചത്. യുക്രൈന്‍ വംശജര്‍ക്കു പകരമായി വിമാനത്തില്‍ കയറിപ്പറ്റിയ അജ്ഞാത സംഘമാണ് വിമാനം വഴിതിരിച്ചുവിട്ടത്. പൗരന്‍മാര്‍ക്ക് വിമാനത്താവളത്തില്‍ എത്തിപ്പെടാന്‍ സാധിക്കാതിരുന്നതോടെ തങ്ങളുടെ മറ്റു മൂന്ന് രക്ഷാദൗത്യങ്ങളും വിജയം കണ്ടില്ലെന്നും യുക്രൈന്‍ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ സംഭവത്തെ കുറിച്ച് ഇറാന്‍റെയോ നാറ്റോയുടെയോ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.