World
റഷ്യക്കാരേ, നിങ്ങൾക്ക് യുക്രൈനിൽ ബന്ധുക്കളും സുഹൃത്തുക്കളുമില്ലേ...? ഒരു യുദ്ധം ആഗ്രഹിക്കുന്നുണ്ടോ നിങ്ങൾ?- യുക്രൈൻ പ്രസിഡന്റ് വ്‌ളാദ്മിർ സെലൻസ്‌കി
World

റഷ്യക്കാരേ, നിങ്ങൾക്ക് യുക്രൈനിൽ ബന്ധുക്കളും സുഹൃത്തുക്കളുമില്ലേ...? ഒരു യുദ്ധം ആഗ്രഹിക്കുന്നുണ്ടോ നിങ്ങൾ?- യുക്രൈൻ പ്രസിഡന്റ് വ്‌ളാദ്മിർ സെലൻസ്‌കി

Web Desk
|
24 Feb 2022 4:49 PM GMT

''ഞങ്ങൾ ആരെ വെടിവയ്ക്കാനാണ്? എവിടെ ബോംബിടാനാണ്? യൂറോകപ്പിന്‍റെ സമയത്ത് യുക്രൈനുകാർക്കൊപ്പം നമ്മുടെ പിള്ളേർക്കുവേണ്ടി ആർപ്പുവിളിച്ച ഡോൺബാസ് അറീനയിലോ? നമ്മുടെ പിള്ളേർ തോറ്റപ്പോൾ സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചിരുന്ന സ്‌കെർബകോവ് പാർക്കിലോ? എന്റെ പ്രിയപ്പെട്ട സുഹൃത്തിന്റെ അമ്മയെയും അച്ഛനെയും അടക്കം ചെയ്ത ലുഹാൻസ്‌കിലോ?''

വ്ളാദ്മിര്‍ പുടിന്‍ യുദ്ധം പ്രഖ്യാപിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്കുമുൻപ് യുക്രൈൻ പ്രസിഡന്റ് വ്‌ളാദ്മിർ സെലൻസ്‌കി റഷ്യൻ ജനതയെ അഭിസംബോധന ചെയ്ത് ഒരു പ്രസംഗം നടത്തിയിരുന്നു. യുദ്ധം ഒഴിവാക്കാനുള്ള, പ്രശ്‌നങ്ങൾക്ക് ഒരു പരിഹാരം കാണാനുള്ള ഒടുവിലത്തെ ശ്രമമായിരുന്നു അത്. എന്നാൽ, ആ പ്രസംഗം റഷ്യൻ ജനത ഹൃദയത്തിൽ ഏറ്റെടുക്കുംമുൻപ്, ഏതാനും മണിക്കൂറുകൾക്കകം തന്നെ പുടിൻ യുദ്ധപ്രഖ്യാപനം നടത്തിക്കഴിഞ്ഞിരുന്നു. ഹൃദയംതൊടുന്ന ആ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ വായിക്കാം:

ഒരു പ്രസിഡന്റെന്ന നിലയ്ക്കല്ല, യുക്രൈൻ പൗരനായി റഷ്യൻ ജനതയുമായി സംസാരിക്കാൻ ആഗ്രഹിക്കുകയാണ് ഞാൻ. യുക്രൈനുകാരെ അഭിസംബോധന ചെയ്യുന്ന പോലെത്തന്നെയാണ് റഷ്യക്കാരെയും ഞാൻ അഭിസംബോധന ചെയ്യുന്നത്. രണ്ടായിരം കി.മീറ്റർ നീളം വരുന്ന അതിർത്തി പങ്കിടുന്നുണ്ട് നമ്മൾ. അതിർത്തിനീളെ നിങ്ങളുടെ സൈനികർ നിലയുറപ്പിച്ചിരിക്കുകയാണ്; ഏകദേശം രണ്ടുലക്ഷം സൈനികരും ആയിരക്കണക്കിനു സൈനികവാഹനങ്ങളും. മറ്റൊരു രാജ്യത്തിന്റെ അതിർത്തിയിലേക്ക് അടിവച്ചുകയറാനാണ് നിങ്ങളുടെ നേതാക്കൾ അവരെ തിരഞ്ഞെടുത്തിരിക്കുന്നത്. ആ ഒരൊറ്റ ചുവടുവയ്പ്പ് യൂറോപ്യൻ ഭൂഖണ്ഡത്തിൽ വലിയൊരു യുദ്ധത്തിന്റെ തുടക്കമായേക്കും.

അനുദിനം സംഭവിക്കാനിടയുള്ളതിനെക്കുറിച്ചാണ് ലോകം മുഴുവൻ സംസാരിക്കുന്നത്. ഒരു യുദ്ധത്തിനുള്ള കാരണം ഏതുനിമിഷവും തലപൊക്കിയേക്കാം. എന്തുതരത്തിലുള്ള പ്രകോപനവും ഏതു സംഭവവും എല്ലാം ചുട്ടെരിച്ചുകളയാൻ പോന്ന തീപ്പൊരിയായേക്കാം.

ഈ ജ്വാല യുക്രൈൻ ജനതയ്ക്ക് സ്വാതന്ത്ര്യം നേടിത്തരുമെന്നാണ് നിങ്ങളോട് അവർ പറഞ്ഞിട്ടുള്ളത്. എന്നാൽ, യുക്രൈൻ ജനത ഇപ്പോൾ തന്നെ സ്വതന്ത്രരാണ്. അവർ സ്വന്തം ഭൂതകാലം ഓർമിക്കുന്നുണ്ട്; ഭാവികാലത്തെ നിർമിക്കുകയും ചെയ്യുമവർ. അവർ നിർമിക്കുകയാണ്, നശിപ്പിക്കുകയല്ല ചെയ്യുന്നത്. നിങ്ങളുടെ വാർത്തകളിലെ യുക്രൈനും യാഥാർത്ഥ്യത്തിലെ യുക്രൈനും തീർത്തും വ്യത്യസ്തമായ രണ്ടു നാടുകളാണ്. ആ വ്യത്യാസം രണ്ടാമത്തേതാണ് യഥാർത്ഥമെന്നതു തന്നെയാണ്.

ഞങ്ങൾ നാസികളാണെന്നാണ് അവർ നിങ്ങളോട് പറയുന്നത്. എന്നാൽ, നാസിസത്തെ തോൽപിക്കാനായി 80 ലക്ഷം ജീവൻ നഷ്ടപ്പെട്ട ഒരു ജനതയെങ്ങനെയാണ് നാസിസത്തെ പിന്തുണക്കുക? എനിക്കെങ്ങനെ നാസിയാകാൻ കഴിയും? രണ്ടാം ലോകയുദ്ധത്തിൽ സോവിയറ്റ് കാലാൾപ്പടയിലെ ഒരു അംഗമായി പോരാടുകയും സ്വതന്ത്ര യുക്രൈനിൽ ഒരു കേണലായി മരിക്കുകയും ചെയ്തയാളാണ് എന്റെ മുത്തച്ഛൻ. ഞങ്ങൾ റഷ്യൻ സംസ്‌കാരത്തെ വെറുക്കുന്നുവെന്നാണ് അവർ നിങ്ങളോടു പറയുന്നത്. ഒരു സംസ്‌കാരത്തെ, ഏതു സംസ്‌കാരത്തെയും, എങ്ങനെയാണ് ഒരാൾക്ക് വെറുക്കാനാകുക? അയൽക്കാർ പരസ്പരമുള്ള സംസ്‌കാരങ്ങളെ സമ്പുഷ്ടമാക്കുകയാണ് എപ്പോഴും ചെയ്യുക. എന്നാലും, ഒരു ജനതയുടെ ഭാഗമല്ല ഞങ്ങൾ. ഞങ്ങളെയങ്ക് വിഴുങ്ങാനാകില്ല നിങ്ങൾക്ക്. നമ്മൾ വ്യത്യസ്തരാണ്. അതുപക്ഷെ ശത്രുതയ്ക്കുള്ളൊരു കാരണമല്ല. ഞങ്ങൾക്ക് ഞങ്ങളുടേതായൊരു പാത നിർമിക്കണം. ഞങ്ങളുടേതായൊരു ചരിത്രം നിർമ്മിക്കണം; സമാധാനത്തോടെ, സ്വസ്ഥതയോടെ, സത്യസന്ധതയോടെ.

ഞാൻ ഡോൺബാസ് ആക്രമിക്കാനും തോന്നിയപോലെ വെടിവയ്ക്കാനും ബോംബിടാനും ഉത്തരവിടുമെന്നാണ് അവർ നിങ്ങളോട് പറഞ്ഞിട്ടുള്ളത്. ഇവിടെ വളരെ ലളിതമായ ചില ചോദ്യങ്ങളുണ്ട്. ഞങ്ങൾ ആരെ വെടിവയ്ക്കാനാണ്? എവിടെ ബോംബിടാനാണ്? ഞാൻ നിരവധി തവണ സന്ദർശിച്ചിട്ടുള്ള ഡോണെസ്‌കിനെയോ? അവിടത്തുകാരെ നേർക്കുനേർ, അവരുടെ കണ്ണിൽ നോക്കിക്കണ്ടിട്ടുള്ളയാളാണ് ഞാൻ. സുഹൃത്തുക്കളോടൊത്ത് കറങ്ങിനടന്നിട്ടുള്ള ആർടിയോമ സ്ട്രീറ്റിനെയാണോ ആക്രമിക്കുന്നത്? യൂറോപ്യൻ ചാംപ്യൻഷിപ്പിന്റെ സമയത്ത് യുക്രൈനുകാർക്കൊപ്പം നമ്മുടെ പിള്ളേർക്കുവേണ്ടി ആർപ്പുവിളിച്ച ഡോൺബാസ് അറീനയിലോ? നമ്മുടെ പിള്ളേർ തോറ്റപ്പോൾ സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചിരുന്ന സ്‌കെർബകോവ് പാർക്കിലോ? എന്റെ പ്രിയപ്പെട്ട സുഹൃത്തിന്റെ അമ്മയെയും അച്ഛനെയും അടക്കം ചെയ്ത ലുഹാൻസ്‌കിലോ?

റഷ്യക്കാരേ, ഞാൻ നിങ്ങളോടെല്ലാരുമായാണ് ഇപ്പോൾ സംസാരിക്കുന്നത്. എന്നാൽ, റഷ്യയിലുള്ള ആർക്കും ഈ സ്ഥലങ്ങളുടെയും തെരുവുകളുടെയും നാമങ്ങളുടെയും ഈ സംഭവങ്ങളുടെയുമെല്ലാം അർത്ഥം അറിയില്ല. ഇതെല്ലാം നിങ്ങൾക്ക് അന്യമാണ്; അപരിചിതമാണ്.

ഇത് ഞങ്ങളുടെ നാടും ഞങ്ങളുടെ ചരിത്രവുമാണ്. എന്തിനു വേണ്ടിയാണ്, ആരോടാണ് നിങ്ങൾ യുദ്ധം ചെയ്യാൻ പോകുന്നത്? നിങ്ങളിൽ പലരും യുക്രൈൻ സന്ദർശിച്ചിട്ടുണ്ട്. നിങ്ങളിൽ പലർക്കും ഇവിടെ ബന്ധുക്കളുമുണ്ട്. യുക്രൈൻ സർവകലാശാലകളിൽ പഠിച്ചവരും യുക്രൈൻ സുഹൃത്തുക്കളുള്ളവരുമെല്ലാം നിങ്ങളിലുണ്ടാകും. നിങ്ങൾക്ക് ഞങ്ങളുടെ സ്വഭാവമറിയാം. ഞങ്ങളുടെ ജനങ്ങളെ അറിയാം. ഞങ്ങളുടെ തത്വങ്ങളുമറിയാം. ഞങ്ങൾ എന്തിനാണ് വിലകൊടുക്കുന്നതെന്നും നിങ്ങൾക്ക് അറിയും. അതുകൊണ്ട് നിങ്ങളെത്തന്നെ ഒന്നു കേട്ടുനോക്കൂ, നിങ്ങളുടെ യുക്തിക്ക്, സാമാന്യബോധത്തിന് ചെവികൊടുത്തുനോക്കൂ...

ഞങ്ങളെ കേൾക്കൂ... യുക്രൈൻ ജനതയ്ക്ക് സമാധാനമാണ് വേണ്ടത്; സർക്കാരുമതെ. അവർ അത് കാംക്ഷിക്കുക മാത്രമല്ല, സമാധാനത്തുവേണ്ടിയുള്ള ആ അഭിലാഷം പ്രകടിപ്പിക്കുകയും ചെയ്യുന്നു. അവർക്ക് സാധ്യമായതെല്ലാം അവർ ചെയ്യുന്നുണ്ട്. ഞങ്ങളൊറ്റക്കല്ല. യുക്രൈന് ഒരുപാട് രാജ്യങ്ങളുടെ പിന്തുണയുണ്ടെന്നതാണ് നേര്. എന്തുകൊണ്ട്? എന്തുവിലകൊടുത്തും സമാധാനം നേടമെന്നല്ല, അന്താരാഷ്ട്ര നിയമത്തിന്റെയും നീതിയുടെയും തത്വങ്ങളുടെയും സമാധാനത്തിന്റെയും കാര്യമാണ് ഞങ്ങൾ പറയുന്നത്. ഭീതിയില്ലാതെ ജീവിക്കാനുമുള്ള, സുരക്ഷിതമായിരിക്കാനുള്ള അവകാശം എല്ലാ സമൂഹത്തിനും ഓരോ വ്യക്തിക്കുമുണ്ട്. ഈ അവകാശങ്ങൾ നിങ്ങൾക്കും വളരെ പ്രധാനമാണെന്ന് എനിക്കുറപ്പുണ്ട്.

കാര്യങ്ങൾ അതിക്രമിക്കുംമുൻപ് ഇതിനൊരു അന്ത്യംവരേണ്ടതുണ്ട്. ഞങ്ങളുമായി സമാധാനചർച്ച നടത്താൻ റഷ്യൻ നേതാക്കൾ ആഗ്രഹിക്കുന്നില്ലെങ്കിൽ അത് നിങ്ങൾക്കുമുൻപിലാണുണ്ടാകുക. റഷ്യക്കാരേ, നിങ്ങൾ യുദ്ധം ആഗ്രഹിക്കുന്നുണ്ടോ? ആ ഉത്തരമറിയാൻ എനിക്ക് ഏറെ ആഗ്രഹമുണ്ട്. എന്നാൽ, ആ ഉത്തരം നിങ്ങളെ മാത്രം ആശ്രയിച്ചാണ് നിൽക്കുന്നത്; റഷ്യൻ ജനതയെ മാത്രം. എന്നെ കേട്ടിരുന്നതിനു നന്ദി.

Summary: Ukrainian President Volodymyr Zelensky's Zelensky's Last-minute Plea for Peace to the Russian People

Similar Posts