World
Fact-check on the viral video of the Ukrainians partying at beach club in Kyiv during war, fact check on Ukrainians partying at beach club in Kyiv during war, Ukrainians partying at beach club in Kyiv during war viral video, beach club in Kyiv, Ukraine war
World

ബീച്ചിൽ അടിച്ചുപൊളിച്ച്, മദ്യപ്പാർട്ടിയുമായി യുവാക്കൾ; യുക്രൈനിൽ ഇപ്പോള്‍ യുദ്ധമൊന്നുമില്ലേ! വൈറല്‍ വിഡിയോയ്ക്കു പിന്നിലെന്ത്?

Web Desk
|
18 Aug 2023 10:59 AM GMT

മാധ്യമങ്ങൾ കാണിക്കുന്നതല്ല യുക്രൈനിൽ നടക്കുന്നതെന്നും ഇവർക്കുവേണ്ടി എന്തിനു നമ്മുടെ നികുതിപ്പണം ചെലവാക്കുന്നുവെന്നുമാണ് ദൃശ്യങ്ങൾ പങ്കുവച്ച് യു.എസ് പൗരന്മാർ രോഷം കൊള്ളുന്നത്

കിയവ്: കഴിഞ്ഞ ഫെബ്രുവരിയിലാണ് റഷ്യയുടെ യുക്രൈൻ അധിനിവേശം ഒരു വർഷം പിന്നിട്ടത്. വലിയ സന്നാഹങ്ങളുമായി യുക്രൈനെ കീഴക്കാമെന്ന മോഹവുമായി പുറപ്പെട്ട റഷ്യയ്ക്കു വൻ തിരിച്ചടിയാണു നേരിട്ടതെങ്കിലും യുദ്ധത്തിന്റെ കെടുതികൾ ചില്ലറയല്ലെന്നു വ്യക്തമാണ്. ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിൽ ആയിരങ്ങൾക്കാണു ജീവൻ നഷ്ടപ്പെട്ടത്. പതിനായിരങ്ങൾ ഭവനരഹിതരായി. ലക്ഷക്കണക്കിന് യുക്രൈൻ പൗരന്മാർ അഭയാർത്ഥികളായി യൂറോപ്യൻ രാജ്യങ്ങളിലേക്കു പലായനം ചെയ്തു.

എന്നാൽ, യുക്രൈൻ തലസ്ഥാനമായ കിയവിൽനിന്നുള്ള ഒരു ദൃശ്യം ഇപ്പോൾ പുതിയ ചർച്ചകൾക്കു തിരികൊളുത്തിയിരിക്കുകയാണ്. കിയവിലെ ബീച്ച് ബാറുകളിൽ അടിച്ചുപൊളിക്കുന്ന യുക്രൈൻ യുവാക്കളുടെ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. മദ്യപിച്ചും ബിക്കിനിയിൽ പൂളിലും ബീച്ചിലും ആടിത്തിമിർത്തും ആസ്വദിക്കുകയാണു യുവതീയുവാക്കൾ. മാധ്യമങ്ങൾ 'ആഘോഷിക്കുന്ന' യുക്രൈൻ യുദ്ധം ഒരു വ്യാജസൃഷ്ടിയാണെന്നു പറഞ്ഞാണ് ഈ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

'അവർ അടിച്ചുപൊളിക്കുന്നു; നമ്മുടെ നികുതിപ്പണം എന്തിനു പൊടിക്കുന്നു?'

കിയവിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ഹൈഡ്രോപാർക്കിൽനിന്ന് ഉൾപ്പെടെയുള്ള ദൃശ്യങ്ങളാണ് ഇവയെന്നാണ് 'ഡെയ്‌ലി സ്റ്റാർ' റിപ്പോർട്ട് ചെയ്തത്. യുക്രൈനിലെ വലിയ നദികളിലൊന്നായ ഡെസെങ്കയുടെ കരയിലാണ് ദൃശ്യങ്ങളിലുള്ള ഫിഫ്റ്റി ബീച്ച് ക്ലബ് സ്ഥിതി ചെയ്യുന്നത്. ഈ നദിയുടെ അക്കരയിൽ വരെ റഷ്യൻ മിസൈലുകൾ പതിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്ത് യുദ്ധം തുടരുമ്പോഴും, സാധാരണക്കാർ യുദ്ധക്കെടുതിയിൽനിന്നു മുക്തരാകാൻ പാടുപെടുമ്പോഴും ഇങ്ങനെ അടിച്ചുപൊളി ജീവിതവുമായി മുന്നോട്ടുപോകാൻ എങ്ങനെ കഴിയുമെന്നാണ് ദൃശ്യങ്ങൾ പങ്കുവച്ച് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. യുദ്ധത്തിന്റെ ഭീതിയോ കെടുതികളുടെ യാതനയോ ദൈന്യതകളോ ഒട്ടും അലോസരപ്പെടുത്താതെ ഇങ്ങനെ ആഘോഷിക്കാൻ കഴിയുമോ എന്നു ചോദിക്കുന്നു ചിലർ. യുക്രൈനുകാർ ഇങ്ങനെ ആഘോഷിച്ചു ജീവിക്കുമ്പോൾ അവരുടെ കാര്യത്തിൽ നമ്മൾ എന്തിനിത്ര ആശങ്കപ്പെടുകയും നികുതിപ്പണത്തിൽനിന്ന് ആയുധങ്ങൾ നൽകി സഹായിക്കുകയും ചെയ്യണമെന്ന് രോഷംകൊള്ളുന്ന യു.എസ് പൗരന്മാരുമുണ്ട് കൂട്ടത്തിൽ.

ആ വിഡിയോയ്ക്കു പിന്നിലെന്ത്?

വിഡിയോയുടെ സത്യാവസ്ഥ പരിശോധിച്ചിരിക്കുകയാണ് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ അസോഷ്യേറ്റഡ് പ്രസ്(എ.പി). എ.പി നൽകുന്ന വിശദീകരണം ഇങ്ങനെയാണ്:

zhadyft എന്ന ടിക്‌ടോക് യൂസറുടെ അക്കൗണ്ടിലാണ് വൈറൽ വിഡിയോ ആദ്യം പ്രത്യക്ഷപ്പെടുന്നത്. എഡ്വേഡ് എന്ന പേരിലുള്ള ഒരാളുടെ പേരിലാണ് ഈ അക്കൗണ്ടുള്ളത്. ഇദ്ദേഹം തന്നെയാണ് വിഡിയോ പകർത്തി ടിക്‌ടോകിൽ പോസ്റ്റ് ചെയ്തത്. എന്നാൽ, ദൃശ്യങ്ങൾ വ്യാപകമായി ദുരുപയോഗപ്പെടുത്തപ്പെടുന്നതു ശ്രദ്ധയിൽപെട്ടതോടെ ഇദ്ദേഹം ട്വിറ്ററിൽ ഒരു വിശദീകരണക്കുറിപ്പും പോസ്റ്റ് ചെയ്തു.

താൻ തന്നെയാണ് വിഡിയോ പകർത്തി ടിക്‌ടോകിൽ പോസ്റ്റ് ചെയ്തതെന്ന് എഡ്വേഡ് വ്യക്തമാക്കി. എന്നാൽ, യു.എസും ജർമനിയുമെല്ലാം നൽകിയ വ്യോമപ്രതിരോധ സംവിധാനങ്ങൾ കാരണം യുക്രൈനുകാർക്കും സാധാരണജീവിതം സാധ്യമായിരിക്കുകയാണെന്നു കാണിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു. യുദ്ധത്തിനിടയിലും മനുഷ്യർക്ക് ജീവിതം ആഘോഷിക്കാനാകുമെന്നു പറഞ്ഞ് മറ്റൊരു വിഡിയോയും എഡ്വേഡ് ടിക്‌ടോകിൽ പങ്കുവച്ചു.

''ഞാൻ യുക്രൈനെ പിന്തുണയ്ക്കുന്നുണ്ടെന്ന് ഊന്നിപ്പറയുകയാണ്. യുക്രൈനിൽ ചിലർ ആഘോഷിക്കുന്ന ദൃശ്യങ്ങൾ കണ്ടു വിദേശികളിൽനിന്ന് ഇത്രയും വിദ്വേഷം കാണുന്നത് വേദനാജനകമാണ്.''-എഡ്വേഡ് പ്രതികരിച്ചു.

കിയവ് സുരക്ഷിതമാണോ?

കിയവ് ഉൾപ്പെടെയുള്ള യുക്രൈൻ നഗരങ്ങൾ ലക്ഷ്യമിട്ട് ഇപ്പോഴും റഷ്യൻ മിസൈലുകൾ വർഷിക്കുന്നുണ്ടെന്നാണ് എ.പി റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ മാസം മാത്രം കിയവ് ലക്ഷ്യമിട്ടുള്ള 20 ഇറാൻ നിർമിത ഡ്രോൺ മിസൈലുകളാണു വ്യോമപ്രതിരോധ സംവിധാനം തകർത്തതെന്നാണ് യുക്രൈൻ അവകാശപ്പെട്ടത്. ഇതിന്റെ അവശിഷ്ടങ്ങൾ തകർന്നുവീണു നിരവധി പേർക്കു പരിക്കേൽക്കുകയും വീടുകളടക്കം തകരുകയും ചെയ്തിരുന്നു.

മേയ് മാസം മിക്ക ദിവസങ്ങളിലും രാത്രി തലസ്ഥാനനഗരം ലക്ഷ്യമിട്ട് റഷ്യൻ മിസൈൽ ആക്രമണം നടക്കാറുണ്ട്. ഇതേതുടർന്ന് രാത്രി ഷെൽറ്ററുകളിലായിരുന്നു നഗരവാസികൾ അന്തിയുറങ്ങിയിരുന്നത്. ഏറ്റവുമൊടുവിൽ കഴിഞ്ഞ ജൂലൈ 31ന് പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കിയുടെ സ്വന്തം പ്രദേശത്തെ ഭവനസമുച്ചയത്തിനും സർവകലാശാലയ്ക്കുംനേരെ റഷ്യൻ ബാലിസ്റ്റിക് മിസൈൽ പതിച്ചിരുന്നു. സംഭവത്തിൽ ആറുപേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Summary: Fact-check on the viral video of the Ukrainians partying at beach club in Kyiv during war

Similar Posts