തുർക്കിക്ക് ഇനി പുതിയ പേര്; യു.എൻ അംഗീകാരം
|റീബ്രാൻഡിങ്ങിന്റെ ഭാഗമായാണ് പേരുമാറ്റം
അങ്കാറ: തുർക്കി ഇനി അറിയപ്പെടുക പുതിയ പേരിൽ. തുർക്കിയെ(Türkiye) എന്നാണ് പുതിയ നാമം. യു.എൻ രേഖകളിൽ ഇനിമുതൽ പുതിയ പേരിലായിരിക്കും അറിയപ്പെടുക. റജബ് ത്വയ്യിബ് ഉർദുഗാൻ ഭരണകൂടത്തിന്റെ ആവശ്യത്തിന് ഐക്യരാഷ്ട്രസഭ അംഗീകാരം നൽകിയിട്ടുണ്ട്.
റീബ്രാൻഡിങ്ങിന്റെ ഭാഗമായാണ് പേരുമാറ്റം. ഈയാഴ്ചയാണ് ഔദ്യോഗിക രേഖകളിൽ പുതിയ പേര് ചേർക്കണമെന്ന് ആവശ്യപ്പെട്ട് ഉർദുഗാൻ ഭരണകൂടം യു.എൻ വൃത്തങ്ങളെ സമീപിച്ചത്. അന്താരാഷ്ട്ര സമിതികളോടെല്ലാം പേരുമാറ്റം അംഗീകരിക്കാൻ ആവശ്യപ്പെടും.
കഴിഞ്ഞ വർഷം ഡിസംബറിലാണ് രാജ്യത്തിന്റെ പേര് മാറ്റി പ്രസിഡന്റ് ഉർദുഗാൻ പ്രഖ്യാപനം നടത്തിയത്. രാജ്യത്തിന്റെ ഏറ്റവും മികച്ച പ്രതിനിധാനമാണ് തുർക്കിയെ എന്ന പേരെന്നായിരുന്നു ഉർദുഗാന്റെ വിശദീകരണം. രാജ്യത്തെ ജനങ്ങളുടെ സംസ്‌കാരത്തെയും നാഗരികതയെയും മൂല്യങ്ങളെയുമെല്ലാം ഉൾക്കൊള്ളുന്ന പേരാണതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റീബ്രാൻഡിങ്ങിന്റെ ഭാഗമായി രാജ്യത്തുനിന്ന് കയറ്റുമതി ചെയ്യുന്ന എല്ലാ ഉൽപന്നങ്ങളിലും 'മെയ്ഡ് ഇൻ തുർക്കിയെ' എന്ന് ചേർക്കുന്നുണ്ട്. Hello Türkiye എന്ന പേരിൽ ഈ വർഷം ആദ്യത്തിൽ ടൂറിസം കാംപയിനും ആരംഭിച്ചിരുന്നു.
ഇതിനുമുൻപും നിരവധി രാജ്യങ്ങൾ അടുത്ത വർഷങ്ങളിലായി പുതിയ പേര് സ്വീകരിച്ചിരുന്നു. ഏറ്റവുമൊടുവിൽ 2020ൽ റീബ്രാൻഡിങ്ങിന്റെ ഭാഗമായി നെതർലൻഡ്‌സ് ഹോളണ്ട് എന്ന പേര് ഉപേക്ഷിച്ചിരുന്നു. ഗ്രീസുമായുള്ള രാഷ്ട്രീയ തർക്കങ്ങളെ തുടർന്ന് മാസിഡോണിയ നോർത്ത് മാസിഡോണിയയുമാക്കിയിരുന്നു.
Summary: UN agrees to change Turkey's official name to 'Türkiye'