ഗസ്സയിലെ സ്ഥിതിഗതികൾ അത്യന്തം രൂക്ഷമെന്ന് യു.എൻ ജീവകാരുണ്യ സംഘടനകൾ; തെൽ അവീവിൽ വീണ്ടും ആയിരങ്ങൾ തെരുവിൽ
|അഭയാർഥി ക്യാമ്പുകൾക്കും ആരാധനാലയങ്ങൾക്കും മേൽ ഇസ്രായേൽ സേനയുടെ ബോംബിങ് തുടരുകയാണ്.
ഗസ്സ: ആക്രമണം രൂക്ഷമായതോടെ ഗസ്സയിലെ സ്ഥിതിഗതികൾ അത്യന്തം രൂക്ഷമെന്ന് യു.എൻ ജീവകാരുണ്യ സംഘടനകൾ. അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എന്നിനു കീഴിൽ തുടരുന്ന ശ്രമങ്ങൾ മുന്നോട്ടു പോയില്ല. ഹിസ്ബുല്ല ആക്രമണത്തിൽ രണ്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെടുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പിന്നിട്ട മൂന്ന് നാളുകൾക്കുള്ളിൽ ഇസ്രായേൽ സേനയുടെ 135 വാഹനങ്ങൾ പൂർണമായോ ഭാഗികമായോ തകർത്തതായി അൽഖസ്സാം ബ്രിഗേഡ് പറയുന്നു. ബന്ദികളെ ഉടൻ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് തെൽ അവീവിൽ വീണ്ടും ആയിരങ്ങൾ തെരുവിലിറങ്ങി.
വ്യാപക ആക്രമണത്തെ തുടർന്ന് ഗസ്സയിലെ മാനുഷിക ദുരന്തം അതിന്റെ വ്യാപ്തിയിലേക്ക് നീങ്ങുന്നതായി വിവിധ യു.എൻ ജീവകാരുണ്യ സംഘടനകൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. വെടിനിർത്തൽ നീണ്ടാൽ സ്ഥിതിഗതികൾ അങ്ങേയറ്റം സങ്കീർണമാകുമെന്നും സംഘടനകളുടെ മുന്നറിയിപ്പ്. റഫ അതിർത്തിയോട് ചേർന്ന് തെരുവിൽ കഴിയുന്നവർ കടുത്ത ഭക്ഷ്യദാരിദ്ര്യം അനുഭവിക്കുന്നതായും റിപ്പോർട്ട്. ഗസ്സയിൽ ആരോഗ്യരംഗം പാടേതകർന്നു. പരിക്കേറ്റവർക്ക് ചികിത്സ ലഭിക്കുന്നില്ല.
ബാക്കിയുള്ള ചുരുക്കം ആശുപത്രികൾ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അഭയാർഥി ക്യാമ്പുകൾക്കും ആരാധനാലയങ്ങൾക്കും മേൽ ഇസ്രായേൽ സേനയുടെ ബോംബിങ് തുടരുകയാണ്. നുസൈറാത്, അൽ മഗാസി അഭയാർഥിക്യാമ്പുകളിൽ നടത്തിയ ആക്രമണത്തിൽ മാത്രം രണ്ട് ഡസനോളം പേർ കൊല്ലപ്പെട്ടു. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു. ഗസ്സ നഗരത്തിലെ അൽ ദറാജിൽ മസ്ജിദിനു നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. അൽ സൈത്തൂൻ, അൽശുജൈയ, അൽ സബ്റ പ്രദേശങ്ങളിലുംവീടുകളെ ലക്ഷ്യമിട്ട് കനത്ത ആക്രമണം തുടർന്നു.
ഹമാസിന്റെ പ്രത്യാക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സേന അറിയിച്ചു. ഇസ്രായേൽ യുദ്ധകാര്യ കൗൺസിൽ അംഗവും മുൻ സൈനിക മേധാവിയുമായ ഗാദി ഇസൻകോടിന്റെ മകനെയും ഹമാസ് വധിച്ചു. കൊല്ലപ്പെട്ട സൈനികരുടെ യഥാർഥ എണ്ണം ഇസ്രായേൽ മറച്ചുപിടിക്കുകയാണെന്ന് അൽഖസ്സാം ബ്രിഗേഡ്. റാഹെബ് സൈനിക കേന്ദ്രത്തിനു നേരെ ഹിസ്ബുല്ല നടത്തിയ ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. പരിക്കേറ്റ 24 സൈനികരെ ഹെലികോപ്ടർ മാർഗം ബീർശെബയിലെ സൊറോക ആശുപത്രിയിലേക്ക് മാറ്റി. കനത്ത തിരിച്ചടി ഉറപ്പാണെന്ന് ഹിസ്ബുല്ലയ്ക്ക് ഇസ്രായേൽ സേന താക്കീത് നൽകി.
അതിനിടെ, അമേരിക്കൻ പ്രസിഡന്റ് ബൈഡനും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവും ഫോണിൽ യുദ്ധകാര്യങ്ങൾ ചർച്ച ചെയ്തു. ഗസ്സയിലേക്ക് കൂടുതൽ സഹായം ഉടൻ ഉറപ്പാക്കണമെന്ന് ജോർദാൻ ആവശ്യപ്പെട്ടു. മേഖലയെ അസ്ഥിരപ്പെടുത്തുന്ന യുദ്ധത്തിന് അറുതി വേണമെന്ന് ഇറാനും റഷ്യയും ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകർക്കും സിവിലിയന്മാർക്കും നേരെ ഇസ്രായേൽ നടത്തുന്ന ആക്രമണം ബോധപൂർവമെന്ന് മനുഷ്യാവകാശ സംഘടനകളായ ആംനെസ്റ്റി ഇന്റർനാഷനലും ഹ്യൂമൻറൈറ്റ്സ് വാച്ചും ചൂണ്ടിക്കാട്ടി. അതിനിടെ, ഗസ്സയ്ക്ക് പുറമെ വെസ്റ്റ്ബാങ്കിലും ഇസ്രായേൽ അതിക്രമം കടുപ്പിച്ചു. 24 മണിക്കൂറിനിടെ സൈന്യം നടത്തിയ ആക്രമണത്തിൽ മൂന്ന് യുവാക്കൾ ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു. 60ഓളം ഫലസ്തീനികളെ അറസ്റ്റ് ചെയ്തു.