World
എല്ലാ മതങ്ങളെയും ആദരിക്കണം; ബി.ജെ.പി നേതാക്കളുടെ പ്രവാചകനിന്ദയിൽ പ്രതികരിച്ച് യു.എൻ
World

'എല്ലാ മതങ്ങളെയും ആദരിക്കണം'; ബി.ജെ.പി നേതാക്കളുടെ പ്രവാചകനിന്ദയിൽ പ്രതികരിച്ച് യു.എൻ

ഇജാസ് ബി.പി
|
8 Jun 2022 3:23 AM GMT

മോദിസർക്കാറിന്റെ ഭാഗത്തുനിന്ന് കുറ്റക്കാർക്കെതിരെ നടപടിയൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. പ്രതിപക്ഷ സഖ്യം ഭരിക്കുന്ന മഹാരാഷ്ട്രയിൽ നുപൂർ ശർമക്കെതിരെ കേസെടുത്തിട്ടുണ്ട്

ജനീവ: ബി.ജെ.പി നേതാക്കൾ നടത്തിയ പ്രവാചകനിന്ദയിൽ പ്രതികരിച്ച് ഐക്യരാഷ്ട്ര സഭ. പ്രവാചകനിന്ദ സംബന്ധിച്ച റിപ്പോർട്ടുകൾ ശ്രദ്ധയിൽപെട്ടുവെന്നും എല്ലാ മതങ്ങളോടും ആദരവും സഹിഷ്ണുതയും കാട്ടുന്നതിനെ യു.എൻ ശക്തമായി പ്രോത്സാഹിപ്പിക്കുന്നുവെന്നും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റീഫൻ ദുജാറിക് പറഞ്ഞു. പ്രവാചകനിന്ദയെ ഇതിനകം നിരവധി രാജ്യങ്ങളാണ് അപലപിച്ചത്. സൗദി അറേബ്യ, യു.എ.ഇ, ജോർഡൻ, ബഹ്‌റൈൻ, അഫ്ഗാനിസ്താൻ, പാകിസ്താൻ, മാലദ്വീപ്, ഇന്തോനേഷ്യ, കുവൈത്ത്, ഖത്തർ, ഇറാൻ, ഒമാൻ, ഇറാഖ്, ലിബിയ എന്നിവ ഇക്കൂട്ടത്തിൽപെടുന്നു. ഇസ്‌ലാമിക രാജ്യങ്ങളുടെ സഹകരണ കൂട്ടായ്മയായ ഒ.ഐ.സിയും ഈജിപ്ത് കേന്ദ്രമായുള്ള അറബ് പാർലമെന്റും പ്രവാചകനിന്ദയെ അപലപിക്കുകയും ഉത്തരവാദികൾക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു.



എന്നാൽ, മോദിസർക്കാറിന്റെ ഭാഗത്തുനിന്ന് കുറ്റക്കാർക്കെതിരെ നടപടിയൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. നുപൂർ ശർമ, നവീൻകുമാർ ജിൻഡാൽ എന്നിവർക്കെതിരെ പാർട്ടിതല അച്ചടക്ക നടപടി സ്വീകരിച്ചത് മാത്രമാണ് ബി.ജെ.പി ചെയ്തിരിക്കുന്നത്. പ്രതിപക്ഷ സഖ്യം ഭരിക്കുന്ന മഹാരാഷ്ട്രയിൽ നുപൂർ ശർമക്കെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഡൽഹി പൊലീസ് നിയമനടപടി സ്വീകരിച്ചിട്ടില്ല. വധഭീഷണിയുണ്ടെന്ന നുപൂർ ശർമയുടെ പരാതി മുൻനിർത്തി ഡൽഹി പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. മേയ് 28ന് നൽകിയ പരാതി പ്രകാരം ക്രിമിനൽ പീഡനം, ഭീഷണി തുടങ്ങിയ കുറ്റങ്ങൾ മുൻനിർത്തിയാണ് 'അജ്ഞാതർ'ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സമൂഹ ഇടങ്ങളിലെ ഭീഷണി മുൻനിർത്തി ട്വിറ്ററിനും നോട്ടീസ് നൽകിയിട്ടുണ്ട്.

പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്ഥിതി ഗതികൾ നിരീക്ഷിച്ച ശേഷം തുടർനടപടി എടുക്കാമെന്ന തീരുമാനത്തിലാണ് കേന്ദ്ര സർക്കാർ. വ്യാപാര ബന്ധത്തെയും ഗൾഫ് രാജ്യങ്ങളുമായുള്ള അടുപ്പം നിലനിർത്തിയും പ്രശ്‌നം പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അതേ സമയം, മാപ്പ് ആവശ്യം കൂടുതൽ പാർട്ടികൾ ഉയർത്താതിരിക്കുന്നത് സർക്കാരിന് ആശ്വാസമായി.പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവാചക നിന്ദ വിഷയത്തിൽ മാപ്പ് പറയണമെന്ന ആവശ്യത്തിൽ നിന്നും പ്രതിപക്ഷ നേതാക്കൾ പിൻവലിയുകയാണ്. ജെബി മേത്തർ ഉൾപ്പെടെ ചുരുക്കം ചില എം.പിമാർ മാത്രമാണ് മാപ്പ് ആവശ്യം ഉയർത്തുന്നത്. ബി.ജെ.പിയും സർക്കാരും രണ്ടാണെന്നും ബി.ജെ.പി ഉയർത്തിയ പാപഭാരം സർക്കാർ ചുമക്കേണ്ടെന്ന നിലപാടിലാണ് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നുപൂർ ശർമ്മയുടെ പേര് പോലും പരാമർശിക്കാതെയാണ് രാഹുൽ ഗാന്ധി മിക്കസ്ഥലത്തും പ്രസ്താവന നടത്തിയത്.

നുപൂറിനെ അറസ്റ്റ് ചെയ്യണമെന്ന പ്രചാരണം മുതിർന്ന കോൺഗ്രസ് പ്രവർത്തകർ നേരിട്ട് ഏറ്റെടുത്തിട്ടില്ല. വിദേശ നാണ്യം നേടിനൽകുന്ന രാജ്യങ്ങളിൽ മുൻപന്തിയിലാണ് അറബ് രാജ്യങ്ങൾ. അറബ് രാജ്യങ്ങൾ അപലപിച്ചതിന് പിന്നാലെ കൂടുതൽ രാജ്യങ്ങൾ മാപ്പ് ആവശ്യവുമായി രംഗത്ത് വന്നിരുന്നു. തെറ്റ് ചെയ്തത് ബി.ജെ.പി നേതാക്കൾ ആയതിനാൽ മോദിയാല്ല മറിച്ചു, ജെപി നദ്ധയാണ് മാപ്പ് പറയേണ്ടതെന്ന് ഭൂരിഭാഗം പ്രതിപക്ഷ കക്ഷികളും ചൂണ്ടികാട്ടുന്നത്.

നുപൂർ ശർമയുടെ പ്രസ്താവനയിൽ ബിജെപി നേരത്തെ വിശദീകരണ കുറിപ്പിറക്കിയിരുന്നു. എല്ലാ മതങ്ങളെയും പാർട്ടി ബഹുമാനിക്കുന്നുണ്ടെന്നും ഏതു മതനേതാക്കൾക്കെതിരായ അവഹേളനങ്ങളെയും ശക്തമായി തള്ളിപ്പറയുന്നുവെന്നുമായിരുന്നു ബി.ജെ.പി വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കിയത്. നുപൂർ ശർമയുടെ വിവാദ പ്രസ്താവന അറബ് ലോകത്തടക്കം കോളിളക്കം സൃഷ്ടിച്ചതോടെയായിരുന്നു ബി.ജെ.പിയുടെ പ്രതികരണവും നടപടിയും.ദിവസങ്ങൾക്കുമുൻപാണ് ദേശീയ മാധ്യമമായ 'ടൈംസ് നൗ'വിൽ ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ നടന്ന ചർച്ചയിൽ നുപൂർ ശർമ വിവാദ പ്രസ്താവന നടത്തിയത്. ചർച്ചയ്ക്കിടെ പ്രവാചകൻ മുഹമ്മദ് നബിയെയും അദ്ദേഹത്തിന്റെ ഭാര്യയെയും സംബന്ധിച്ചായിരുന്നു അപകീർത്തി പരാമർശം. സംഭവത്തിൽ നുപൂറിനെതിരെ മുംബൈ പൊലീസ് കേസെടുത്തിരുന്നു. പരാമർശം മതവികാരം വ്രണപ്പെടുത്തുന്നതും മതസ്പർധയുണ്ടാക്കുന്നതുമാണെന്ന് ആരോപിച്ച് റസാ അക്കാദമി മുംബൈ ഘടകം ജോയിന്റ് സെക്രട്ടറി ഇർഫാൻ ശൈഖ് പൈദോനി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലായിരുന്നു നടപടി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295-എ(ഏതെങ്കിലും വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള നടപടി), 153-എ(വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ) തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് നുപുർ ശർമയ്ക്കെതിരെ കേസെടുത്തത്.

UN responds to BJP leaders' blasphemy

Similar Posts