ഗസ്സയില്‍ അരുംകൊല തുടര്‍ന്ന് ഇസ്രായേല്‍; വ്യാപക പ്രതിഷേധം,അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് യുഎന്‍
|സിവിലിയൻ കുരുതി അംഗീകരിക്കാനാവില്ലെന്ന് അമേരിക്കയും യൂറോപ്യൻ യൂണിയനും വ്യക്തമാക്കി
തെല്‍ അവിവ്: അഭയാർഥികൾ താമസിച്ച സ്കൂളിനുമേൽ ബോംബിട്ട് ആറ് യുഎൻ ജീവനക്കാരുൾപ്പെടെ നിരവധി പേരെ കൊലപ്പെടുത്തിയ ഇസ്രായേലിനെതിരെ വ്യാപക പ്രതിഷേധം. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണിതെന്ന് യുഎൻ സെക്രട്ടറി ജനറൽ അറിയിച്ചു. സിവിലിയൻ കുരുതി അംഗീകരിക്കാനാവില്ലെന്ന് അമേരിക്കയും യൂറോപ്യൻ യൂണിയനും വ്യക്തമാക്കി.
'യുനർവ'യുടെ ആറ് ജീവനക്കാരുൾപ്പെടെ നിരവധി പേരാണ് കഴിഞ്ഞ ദിവസം മധ്യഗസ്സയിലെ സ്കൂളിനു നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗസ്സയിലെ സേവന പ്രവർത്തനങ്ങളിൽ നിന്ന് യു.എന്നിനെ പിന്തിരിപ്പിക്കുകയാണ് ഇസ്രായേൽ ആക്രമണ ലക്ഷ്യം.
അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ലംഘനങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു. നീതീകരിക്കാനാവാത്ത പാതകമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിവിലിയൻ കുരുതിയെ നിരാകരിക്കുന്നതായി വൈറ്റ്ഹൗസ് വ്യക്തമാക്കി. ഗസ്സയിൽ വെടിനിർത്തൽ നീളുന്നത് ഗുരുതര സാഹചര്യം സൃഷ്ടിക്കുമെന്ന് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ് നൽകി. ഇസ്രായേൽ നടപടി അപലപനീയമെന്ന് ഗൾഫ് രാജ്യങ്ങൾ. അതേസമയം ഗസ്സയിൽ ആക്രമണം നടന്ന സ്കൂൾ ഹമാസ് കമാൻഡ് ആൻഡ് കൺട്രോൾ സെന്‍റർ ആയിരുന്നുവെന്ന് ഇസ്രായേൽ ആരോപിച്ചു. ഇത് അഞ്ചാം തവണയാണ് യുഎന്നിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂളിനുനേരെ ഇസ്രായേൽ ആക്രമണം നടത്തുന്നതെന്ന് ഗസ്സ സിവിൽ ഡിഫൻസ് വക്താവ് മഹ്മൂദ് ബാസൽ പറഞ്ഞു. അൽ അഖ്സ തലസ്ഥാനമായി സ്വതന്ത്ര പരമാധികാര ഫലസ്തീൻ രാഷ്ട്രം സ്ഥാപിതമാകുമെന്നും ഇസ്രായേലിനെ ഫലസ്തീൻ മണ്ണിൽനിന്ന് പുറന്തള്ളുമെന്നും ഹമാസ് മേധാവി യഹ്യ സിൻവാറിന്റെ മുന്നറിയിപ്പ് നല്‍കി.
ഹമാസ് മേധാവിയായ ശേഷം ആദ്യമായി ഖുദ്സ് ടി.വി പുറത്തുവിട്ട പ്രസ്താവനയിലാണ് യഹ്യ സിൻവാർ ഇക്കാര്യം വ്യക്തമാക്കിയത്. ബന്ദികളെ കൈമാറിയാൽ യഹ്യ സിൻവാറിന് സുരക്ഷിതമായി ഗസ്സ വിടാമെന്ന് കഴിഞ്ഞ ദിവസം ഇസ്രായേൽ വാഗ്ദാനം ചെയ്തിരുന്നു. അതിനിടെ, കഴിഞ്ഞ ദിവസം സിറിയയിലെ മസ്യാഫിൽ ഇറാന്‍റെ നിയന്ത്രണത്തിലുള്ള മിസൈൽ നിർമാണ കേന്ദ്രം തകർത്തുവെന്ന ഇസ്രായേൽ പ്രസ്താവന തെഹ്റാൻ നിഷേധിച്ചു.