World
ഗസ്സയിലെ വെടിനിർത്തൽ പൂർണമായി പാലിക്കണം; സംയുക്ത പ്രസ്താവനയുമായി യുഎൻ രക്ഷാസമിതി
World

ഗസ്സയിലെ വെടിനിർത്തൽ പൂർണമായി പാലിക്കണം; സംയുക്ത പ്രസ്താവനയുമായി യുഎൻ രക്ഷാസമിതി

Web Desk
|
23 May 2021 11:00 AM GMT

മെയ് 10ന് ഗസ്സ മുനമ്പിൽ ഇസ്രായേൽ ആരംഭിച്ച ആക്രമണങ്ങളിൽ ഇതാദ്യമായാണ് രക്ഷാസമിതി സംയുക്ത പ്രസ്താവന പുറത്തിറക്കുന്നത്. നേരത്തെ, വെടിനിർത്തൽ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രസ്താവനകൾ അമേരിക്ക തടഞ്ഞിരുന്നു

ഗസ്സയിലെ വെടിനിർത്തൽ കരാർ പൂർണമായി പാലിക്കണമെന്ന് യുഎൻ രക്ഷാസമിതിയുടെ ആഹ്വാനം. മെയ് 10ന് ഗസ്സ മുനമ്പിൽ ഇസ്രായേൽ ആരംഭിച്ച ആക്രമണങ്ങളിൽ ഇതാദ്യമായാണ് രക്ഷാസമിതി സംയുക്ത പ്രസ്താവന പുറത്തിറക്കുന്നത്. നേരത്തെ, വെടിനിർത്തൽ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രസ്താവനകൾ മൂന്നു പ്രാവശ്യം അമേരിക്ക തടഞ്ഞിരുന്നു.

വെടിനിർത്താനുള്ള തീരുമാനത്തെ അഭിനന്ദിച്ച 15 അംഗ രക്ഷാസമിതി ഇതിനായി മധ്യസ്ഥം വഹിച്ച ഈജിപ്തിനെയും മേഖലയിലെ മറ്റു രാജ്യങ്ങളെയും വിവിധ യുഎൻ ഘടകങ്ങളെയും അഭിനന്ദിക്കുകയും ചെയ്തു. ആക്രമണത്തിൽ എല്ലാം നഷ്ടപ്പെട്ട ഫലസ്തീനിന്റെ പുനർനിർമാണത്തിനായി അടിയന്തരമായ ജീവകാരുണ്യ ഇടപെടലുണ്ടാകണമെന്നും രക്ഷാസമിതി വ്യക്തമാക്കി. ഇതിനായി 22.5 മില്യൻ ഡോളർ വകയിരുത്തിയതായി യുഎൻ ദുരിതാശ്വാസ വിഭാഗം മേധാവി മാർക്ക് ലോവ്‌കോക്ക് അറിയിച്ചു.

അതേസമയം, ചെറിയ ഭേദഗതികളോടെയാണ് ഇത്തവണ അമേരിക്ക സംയുക്ത വാർത്താകുറിപ്പ് അംഗീകരിച്ചത്. ആക്രമണങ്ങളെ അപലപിച്ചുകൊണ്ടുള്ള ഭാഗമാണ് യുഎസ് അംബാസഡർ പ്രശ്‌നമായി ഉയർത്തിക്കാട്ടിയത്. ഇതു നീക്കം ചെയ്ത ശേഷമാണ് അംബാസഡർ പ്രസ്താവനയിൽ ഒപ്പുവച്ചത്. നേരത്തെ, ഇസ്രായേൽ ആക്രമണത്തെ അപലപിച്ചുകൊണ്ട് സംയുക്ത പ്രസ്താവന ഇറയ്ക്കാനുള്ള രക്ഷാസമിതിയുടെ നീക്കം യുഎസ് മൂന്നു പ്രാവശ്യം തടഞ്ഞിരുന്നു.

യുഎൻ ഹ്യുമൻ റൈറ്റ്‌സ് ഓഫീസ് പുറത്തുവിട്ട കണക്കുപ്രകാരം ഇസ്രായേൽ ആക്രമണത്തിൽ 242 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതിൽ 23 പെൺകുട്ടികളും 43 ആൺകുട്ടികളും 38 സ്ത്രീകളും ഉൾപ്പെടും. 1,948 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ 610 പേർ കുട്ടികളും 400 പേർ സ്ത്രീകളുമാണ്. 53 സ്‌കൂളുകളും ആറ് ആശുപത്രികളും 11 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും തകർക്കപ്പെട്ടു. 77,000ത്തിലേറെ സാധാരണക്കാർ നഗരത്തിൽനിന്ന് മറ്റു പ്രദേശങ്ങളിലേക്ക് പലായനം ചെയ്തു. ഫലസ്തീനിൽനിന്നുള്ള റോക്കറ്റ് ആക്രമണത്തിൽ 12 ഇസ്രായേലുകാരാണ് കൊല്ലപ്പെട്ടത്.

Similar Posts