ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകത്തെ അപലപിച്ച് യു.എൻ രക്ഷാസമിതി; 'പ്രതികരിക്കുമെന്ന്' ഇറാൻ
|പ്രകോപനങ്ങളിൽ പരമാവധി സംയമനം പാലിച്ചിട്ടുണ്ടെന്നും എന്നാൽ ഹനിയ്യയുടെ കൊലപാതകത്തോട് പ്രതികരിക്കാനുള്ള അവകാശമുണ്ടെന്നും ഇറാൻ
ന്യൂയോര്‍ക്ക്: ഹമാസ് രാഷ്ട്രീയകാര്യ സമിതി അദ്ധ്യക്ഷൻ ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകത്തെ അപലപിച്ച് യു.എന്‍ രക്ഷാസമിതി. കൊലപാതകത്തോടെ മേഖലയില്‍ രൂക്ഷമായേക്കാവുന്ന സംഘര്‍ഷങ്ങള്‍ തടയാന്‍ നയതന്ത്ര തലത്തിലുള്ള ശ്രമങ്ങള്‍ വേഗത്തില്‍ നടത്തണമെന്നും യു.എന്‍ രക്ഷാസമിതിയിലെ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.
ഹനിയ്യയുടെ കൊലപാതകത്തില്‍ ഇസ്രായേലിനെ കുറ്റപ്പെടുത്തിയ ഇറാനും ഹമാസും, പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അടിയന്തരമായി സുരക്ഷാ കൗൺസില്‍ വിളിച്ചുചേര്‍ത്തത്. അതേസമയം തെഹ്റാനിലുണ്ടായ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഇസ്രായേൽ ഏറ്റെടുത്തിട്ടില്ല. എന്നാല്‍ ഇസ്രായേലാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഇറാനും ഹമാസും ആരോപിക്കുന്നത്.
ഇറാന് തലസ്ഥാനമായ തെഹ്റാനിലുണ്ടായ വ്യോമാക്രമണത്തിലാണ് ഹനിയ്യ കൊല്ലപ്പെട്ടത്. നഗരത്തിന്റെ വടക്ക് ഭാഗത്ത് വിമുക്ത സൈനികർക്കായുള്ള പ്രത്യേക വസതിയിലാണ് ഹനിയ്യയും അംഗരക്ഷകനുമുണ്ടായിരുന്നത്. രണ്ടുപേരും ആക്രമണത്തിൽ കൊല്ലപ്പെട്ടു. പുതിയ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇസ്മാഈൽ ഹനിയ്യ.
ഹിസ്ബുള്ളയുടെ മുതിർന്ന സൈനിക കമാൻഡർ ഫുവാദ് ഷുക്കറിനെ ഇസ്രായേൽ കൊലപ്പെടുത്തി 24 മണിക്കൂറുകള്‍ക്കുള്ളിലാണ് ഹനിയ്യയുടെ കൊലപാതകവും സംഭവിക്കുന്നത്. ലെബനൻ തലസ്ഥാനമായ ബെയ്റൂത്തില്‍ നടത്തിയ വ്യോമാക്രമണത്തിലായിരുന്നു ഫുവാദ് ഷുക്കറിനെ കൊലപ്പെടുത്തിയത്. ഇസ്രയേൽ അധിനിവേശ ഗോലാൻ കുന്നുകളിൽ ഹിസ്ബുള്ള നടത്തിയ റോക്കറ്റാക്രമണത്തിന്റെ തിരിച്ചടിയാണിതെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടിരുന്നു.
അതേസമയം സുരക്ഷാ കൗൺസിലില്‍ സംസാരിച്ച ചൈനീസ് അംബാസിര്‍, ഹനിയ്യയുടെ കൊലപാതകത്തെ അപലപിച്ചു. സമാധാന ശ്രമങ്ങളെ അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ നീക്കമാണിതെന്ന് ചൈനീസ് അംബാസിഡര്‍ ഫു കോങ് വ്യക്തമാക്കി. ഹനിയ്യയുടെ കൊലപാതകത്തോടെ മേഖലയില്‍ രൂക്ഷമായേക്കാവുന്ന സംഘര്‍ഷങ്ങളില്‍ ചൈന ആശങ്ക പങ്കുവെക്കുകയും ചെയ്തു. എന്നാല്‍ കൊലപാതകത്തെ അപലപിക്കുമ്പോഴും പ്രദേശത്തെ അസ്ഥിരപ്പെടുത്തിയത് ഇറാനാണെന്നാണ് അമേരിക്കയും ബ്രിട്ടനും ആരോപിച്ചത്.
അന്താരാഷ്ട്ര നിയമവും ഇറാന്റെ പരമാധികാരവും ലംഘിക്കുന്ന "ഭീകര പ്രവൃത്തി" എന്നാണ് ആക്രമണത്തെ അള്‍ജീരിയ പ്രതിനിധി അമര്‍ ബെന്‍ജാമ വിശേഷിപ്പിച്ചത്. '' കേവലം ഒരാൾക്ക് നേരെയുള്ള ആക്രമണം മാത്രമല്ലിത്. നയതന്ത്ര ബന്ധങ്ങളുടെ അടിത്തറയ്ക്കും രാജ്യത്തിന്റെ പരമാധികാരത്തിനും പവിത്രതയ്ക്കും നേരെയുള്ള ഹീനമായ ആക്രമണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം തുടര്‍ച്ചയായുള്ള പ്രകോപനങ്ങളില്‍ തെഹ്റാന് പരമാവധി സംയമനം പാലിച്ചിട്ടുണ്ടെന്നും എന്നാൽ ഹനിയ്യയുടെ കൊലപാതകത്തോട് പ്രതികരിക്കാനുള്ള അവകാശമുണ്ടെന്നും ഇറാൻ്റെ യു.എൻ അംബാസഡർ അമീർ സഈദ് ഇരവാനി പറഞ്ഞു. അക്രമങ്ങളില്‍ ഇസ്രായേലിനെ അപലപിക്കാനും ആ, രാജ്യത്തിന് മേല്‍ ഉപരോധങ്ങളേര്‍പ്പെടുത്താനും അദ്ദേഹം സുരക്ഷാ കൗൺസിലില്‍ ആവശ്യപ്പെട്ടു. ആക്രമണങ്ങളില്‍ അമേരിക്കയേയും അദ്ദേഹം കുറ്റപ്പെടുത്തി. ഇസ്രായേലിന്റെ തന്ത്രപരമായ സഖ്യകക്ഷിയെന്ന നിലയിൽ അമേരിക്കയ്ക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.