ഗസ്സയിൽ വെടിനിർത്തൽ; യു.എൻ രക്ഷാസമിതിയിൽ സ്വന്തം നിലക്ക് പ്രമേയം കൊണ്ടു വരാൻ അമേരിക്ക
|കൂടുതൽ ആയുധങ്ങൾക്കായി ഇസ്രായേൽ പ്രധാനമന്ത്രി അമേരിക്കയിലേക്ക്
ദുബൈ: ഗസ്സയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയം ഇന്ന് യു.എൻ രക്ഷാസമിതിക്കു മുമ്പാകെ കൊണ്ടുവരുമെന്ന് അമേരിക്ക. ഖത്തറിൽ നടന്ന വെടിനിർത്തൽ കരാർ ചർച്ച എങ്ങുമെത്താത്ത സാഹചര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് യൂറോപ്യൻ രാജ്യങ്ങൾ ആവശ്യപ്പെട്ടു.
മുപ്പത്തി രണ്ടായിരത്തോളം പേരുടെ മരണവും ഗസ്സയിൽ പട്ടിണി പിടിമുറുക്കിയതും ലോകത്തുടനീളം ജനരോഷം ശക്തമാക്കിയ സാഹചര്യത്തിലാണ് സ്വന്തം നിലക്ക് യു.എൻ രക്ഷാസമിതിയിൽ വെടിനിർത്തൽ പ്രമേയം കൊണ്ടു വരാൻ അമേരിക്കയെ പ്രേരിപ്പിക്കുന്നത്. ഗസ്സയിൽ ഉടൻ വെടിനിർത്തൽ വേണം എന്നാവശ്യപ്പെടുന്ന പ്രമേയം ഇന്ന് രാത്രി തന്നെ വോട്ടിനിടും എന്നാണ് സൂചന. നേരത്തെ കൊണ്ടുവന്ന പ്രമേയങ്ങൾ ഇസ്രായേലിനു വേണ്ടി അമേരിക്ക വീറ്റോ ചെയ്യുകയായിരുന്നു. ഭൂരിഭാഗം രാജ്യങ്ങളുമായും നടന്ന ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിലും ബന്ദിമോചനവും ഗസ്സയിലേക്ക് കൂടുതൽ സഹായം ഉറപ്പു വരുത്താനും ലക്ഷ്യമിട്ടാണ് പ്രമേയം കൊണ്ടുവരുന്നതെന്ന് യു.എന്നിലെ യു.എസ് അംബാസഡറുടെ വക്താവ് അറിയിച്ചു.
ഖത്തറിൽ നടന്ന വെടിനിർത്തൽ ചർച്ചയിൽ കാര്യമായ പുരോഗതി ഇല്ലാതെ വന്നതും ബദൽനീക്കം ശക്തമാക്കാൻ അമേരിക്കയെ പ്രേരിപ്പിക്കുന്നുണ്ട്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിൻകന്‍റെ ആറാമത് പശ്ചിമേഷ്യൻ പര്യടനം ആരംഭിക്കാനിരിക്കെ, ഗസ്സയിൽ പരമാവധി സഹായം ഉറപ്പാക്കാൻ അമേരിക്ക വീണ്ടും ഇസ്രായേലിനോട് ആവശ്യപ്പെട്ടു. റഫക്കു നേരെയുള്ള ഇസ്രായേൽ ആക്രമണം ഏറ്റവും വലിയ അബദ്ധമായി മാറുമെന്നും ഹമാസിനെ അമർച്ച ചെയ്യാൻ അത് പര്യാപ്തമാകില്ലെന്നും ആൻറണി ബ്ലിൻകൻ പറഞ്ഞു. ഇസ്രായേലിന് പരമാവധി ആയുധസഹായം നൽകി മേഖലയിൽ സമാധാനത്തിന് ആഹ്വാനം ചെയ്യുന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുടെ പുതിയ സന്ദർശനത്തിൽ ഒരു നേട്ടവും ഉണ്ടാകില്ലെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഗസ്സയിൽ അടിയന്തര വെടിനിർത്തൽ ഒട്ടും വൈകരുതെന്ന് യൂറോപ്യൻ യൂനിയൻ നേതാക്കൾ ആവശ്യപ്പെട്ടു. റഫക്കു നേരെയുള്ള കരയാക്രമണത്തിൽ നിന്ന് പിന്തിരിയാനും ഇ.യു നേതാക്കൾ ഇസ്രായേലിനോട് ആവശ്യപ്പെട്ടു. ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻറിന്‍റെ അമേരിക്കൻ പര്യടനം കൂടുതൽ ആയുധങ്ങൾ തേടാനാണെന്ന് മാധ്യമ റിപ്പോർട്ട്. എഫ് 35, എഫ് 15 പോർവിമാനങ്ങൾ കൂടുതലായി ഇസ്രായേൽ ആവശ്യപ്പെടുമെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഗസ്സയിലെ അൽശിഫ ആശുപത്രിക്ക് നേരെ വീണ്ടും ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. ആശുപത്രി ജീവനക്കാരുമായുള്ള ബന്ധം പൂർണമായും വിഛേദിക്കപ്പെട്ടതായി ലോകാരോഗ്യ സംഘടന അറിയിച്ചു.