ഇരിക്കാനും നടക്കാനും വയ്യ; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ തലച്ചോറിൽ ഗുരുതര രോഗമെന്ന് റിപ്പോർട്ട്
|അസുഖത്തെ തുടർന്ന് കഴിഞ്ഞ വർഷം ഷി ജിൻപിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നതായും റിപ്പോർട്ട്
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിന്റെ തലച്ചോറിൽ ഗുരുതര രോഗമെന്ന് റിപ്പോർട്ട്. സെറിബ്രൽ അന്യൂറിസം എന്ന ഗുരുതര രോഗം ബാധിച്ച് കഴിഞ്ഞ വർഷം അവസാനം മുതൽ ചികിത്സയിലാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വിവരിക്കുന്നത്. അസുഖത്തെ തുടർന്ന് കഴിഞ്ഞ വർഷം ഷി ജിൻപിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതേസമയം, പ്രസിഡന്റിന് രോഗമുള്ളതായി ചൈന ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ശസ്ത്രക്രിയയ്ക്ക് പകരം പരമ്പരാഗത ചൈനീസ് മരുന്നുകൾ ഉപയോഗിച്ചാണ് ചൈനീസ് പ്രസിഡന്റ് ഇപ്പോൾ ചികിത്സ നടത്തുന്നതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. തലച്ചോറിലെ രക്തകോശങ്ങൾ മൃദുവാകുകയും രക്ത കുഴലുകൾ ചുരുങ്ങുകയും ചെയ്യുന്നതാണ് സെറിബ്രൽ അന്യൂറിസത്തിന്റെ പ്രത്യേകത. മാർച്ച് 19 ന് ഇറ്റലിയിലേക്കുള്ള യാത്രക്കിടെ അദ്ദേഹത്തിന്റെ കാൽചുവടുകൾ തെറ്റുന്നത് ലോകം കണ്ടു. പിന്നീട് ഫ്രാൻസിലെത്തിയപ്പോൾ അദ്ദേഹത്തിന് ഇരിക്കാനും നിൽക്കാനും പരസഹായം വേണമെന്നായി. 2020 ഒക്ടോബറിൽ ഷെൻഷെനിൽ നടന്ന ഒരു പ്രസംഗത്തിനിടെ അദ്ദേഹത്തെ വലിയ ക്ഷീണം ബാധിച്ച നിലയിലാണ് കാണാനായത്. പ്രസംഗത്തിൽ അദ്ദേഹത്തിന്റെ ശബ്ദവും വളരെ കുറവായിരുന്നു.
2019 ൽ ഇറ്റലിയിൽ പര്യടനം നടത്തിയപ്പോൾ നടക്കാൻ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഷി ജിൻപിങ് രോഗബാധിതനാണെന്ന് സ്ഥിരീകരിക്കാത്ത നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പ്രസിഡന്റ് സ്ഥാനത്ത് തനിക്ക് മൂന്നാം ഊഴം ലഭിക്കുമെന്ന പ്രതീക്ഷയിൽ വളരെയധികം ഊർജസ്വലനായി പ്രവർത്തിക്കുകയാണ് അ്‌ദ്ദേഹം. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ ഇരുപതാമത് നാഷണൽ കോൺഗ്രസ് നവംബറിൽ നടക്കാനിരിക്കുകയാണ്. തന്റെ ഭരണത്തിൻ കീഴിലുള്ള ചൈനയെ കൂടുതൽ സമ്പന്നവും സ്വാധീനമുള്ളതും സ്ഥിരതയുള്ളതുമായി ചിത്രീകരിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം.
സെറിബ്രൽ അന്യൂറിസം ബാധിച്ചയാളുടെ തലച്ചോറിലെ ഞരമ്പുകൾ ദുർബലമാവുകയാണ് ചെയ്യുന്നത്. 50 വയസ്സിനു മുകളിലുള്ളവർ അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദ്ദം, ജനിതക രോഗങ്ങൾ, അണുബാധ അല്ലെങ്കിൽ മസ്തിഷ്‌ക ക്ഷതം, സമ്മർദ്ദം എന്നിവയാൽ പ്രയാസപ്പെടുന്ന ആളുകളിലാണ് ഈ രോഗം കണ്ടുവരാറുള്ളത്. ഈ രോഗം തലച്ചോറിന്റെ ഏത് ഭാഗത്തും ഉണ്ടാവുകയും അത് എപ്പോൾ വേണമെങ്കിലും കഠിനമാകുകയും ചെയ്യാം. കഠിനമായ തലവേദന, കൈകളിലും കാലുകളിലും തളർച്ച, നിരന്തരമായ ബലഹീനത, തലകറക്കം എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. ഇതുകൂടാതെ, അപസ്മാരവും അതിന്റെ ലക്ഷണമാണ്.