World
അധിനിവേശ പ്രദേശത്ത് വിൽപ്പന വേണ്ട; യൂണിലിവർ ഇസ്രായേലിലെ ഐസ്‌ക്രീം ബിസിനസ് വിറ്റു
World

'അധിനിവേശ പ്രദേശത്ത് വിൽപ്പന വേണ്ട'; യൂണിലിവർ ഇസ്രായേലിലെ ഐസ്‌ക്രീം ബിസിനസ് വിറ്റു

Web Desk
|
4 July 2022 3:04 PM GMT

വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ അധിനിവിഷ്ട പ്രദേശങ്ങളിൽ വിൽപ്പന നിർത്തുന്നതായി കഴിഞ്ഞ വർഷം ബെൻ ആന്റ് ജെറിസ് പ്രഖ്യാപിച്ചിരുന്നു.

ഇസ്രായേലിൽ തങ്ങളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഐസ്‌ക്രീം ബിസിനസ് അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയായ യൂണിലിവർ വിറ്റൊഴിവാക്കി. ഐസ്‌ക്രീം ഉൽപ്പന്നമായ 'ബെൻ ആന്റ് ജെറിസ്' വിൽക്കുന്ന സംവിധാനമാണ് യൂണിലിവർ ഇസ്രായേലിൽ തങ്ങളുടെ ഉടമസ്ഥതയിൽ നിന്ന് ഒഴിവാക്കിയത്. ഫലസ്തീൻ ഭൂമി കയ്യേറിയ പ്രദേശങ്ങളിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾ വിൽക്കേണ്ടതില്ലെന്ന ബെൻ ആന്റ് ജെറിസിന്റെ തീരുമാനത്തെ തുടർന്നാണിത്.

തങ്ങളുടെ ഐസ്‌ക്രീം അധിനിവിഷ്ട പ്രദേശങ്ങളിൽ യൂണിലിവർ വിൽക്കുന്നതിനെതിരെ ബെൻ ആന്റ് ജെറിസ് പരസ്യമായി രംഗത്തുവന്നിരുന്നു. ഇതിനു പുറമെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള പ്രതിഷേധങ്ങളും ശക്തമായതോടെയാണ് ബെന്റ് ആന്റ് ജെറിസ് വില്പനാ സംവിധാനം ഇസ്രായേലിലെ എ.ക്യു.പി എന്ന കമ്പനിക്ക് കൈമാറി തടിയൂരാൻ യൂണിലിവർ തീരുമാനിച്ചത്. എത്ര തുകയ്ക്കാണ് ബിസിനസ് വിറ്റതെന്ന് വ്യക്തമല്ല.

യൂണിലിവർ ഒഴിഞ്ഞെങ്കിലും ബിസിനസ് ഏറ്റെടുത്തഎ.ക്യു.പിക്ക് ബെൻ ആന്റ് ജെറിസ് ഉൽപ്പന്നങ്ങൾ ഹീബ്രു, അറബ് ലേബലുകളിൽ തുടർന്നും ഇസ്രായേലിൽ വിൽക്കാൻ കഴിയും. ഇതിൽ അധിനിഷ്ട പ്രദേശങ്ങളും ഉൾപ്പെടും. തങ്ങളുടെ ഉൽപ്പന്നങ്ങൾ തുടർന്നും അധിനിവേശ പ്രദേശങ്ങളിൽ വിൽക്കാൻ വഴിയൊരുക്കുന്ന യൂണിലിവറിന്റെ നടപടിക്കെതിരെ ബെൻ ആന്റ് ജെറിസ് രംഗത്തുവന്നിട്ടുണ്ട്.

ബിസിനസ് ഇസ്രായേലിൽ വിറ്റതിൽ യൂണിലിവറിനോട് യോജിക്കുന്നില്ലെന്നും അധിനിവിഷ്ട പ്രദേശത്ത് തങ്ങളുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ബ്രിട്ടൻ ആസ്ഥാനമായുള്ള കമ്പനി വ്യക്തമാക്കി.

'യൂണിലിവറിന്റെ പ്രഖ്യാപനത്തെക്കുറിച്ച് അറിഞ്ഞു. മാതൃകമ്പനി എടുത്ത ഈ തീരുമാനത്തോട് ഞങ്ങൾ യോജിക്കുന്നില്ല. ഞങ്ങളുടെ കമ്പനി ഇസ്രായേലിലെ കച്ചവടത്തിൽ നിന്ന് ലാഭമെടുക്കില്ല. ഞങ്ങളുടെ ഉൽപ്പന്നങ്ങൾ അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങളിൽ വിൽക്കാനുള്ളതല്ലെന്ന ബെൻ ആന്റ് ജെറിസിന്റെ മൂല്യങ്ങളിൽ നിന്ന് ഞങ്ങൾ പിന്നോട്ടില്ല.' - ബെൻ ആന്റ് ജെറിസ് ട്വിറ്ററിൽ കുറിച്ചു.

വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ അധിനിവിഷ്ട പ്രദേശങ്ങളിൽ വിൽപ്പന നിർത്തുന്നതായി കഴിഞ്ഞ വർഷം ബെൻ ആന്റ് ജെറിസ് പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്ന് മാതൃകമ്പനിയായ യൂണിലിവർ ഇവിടെ നിന്ന് ഉൽപ്പന്നങ്ങൾ പിൻവലിച്ചു. എന്നാൽ, യൂണിലിവറിന്റെ ഉൽപ്പന്നങ്ങൾ ഇസ്രായേലിൽ വിൽക്കാൻ കരാറെടുത്ത കമ്പനി നിയമപരമായി നീങ്ങിയതോടെ ഈ തീരുമാനത്തിൽ നിന്ന് യൂണിലിവറിന് പിന്മാറേണ്ടി വന്നു. ഈ നീക്കത്തെ ഇസ്രായേൽ ഭരണകൂടം സ്വാഗതം ചെയ്തിരുന്നു.

Related Tags :
Similar Posts