ഗസ്സയിൽ 70 സന്നദ്ധപ്രവർത്തകർ കൊല്ലപ്പെട്ടെന്ന് യുഎൻ ഏജൻസി; ആര് കൊന്നെന്ന് സമൂഹമാധ്യമം
|അവരെ കൊന്നത് ആരാണെന്ന് പോലും പറയാൻ നിങ്ങൾക്ക് ആകില്ലെന്നും നിങ്ങളെ ഓർത്ത് ലജ്ജിക്കുന്നുവെന്നും ട്വിറ്റർ ഉപഭോക്താക്കളിലൊരാൾ കുറിച്ചു
ഒക്‌ടോബർ ഏഴ് മുതൽ ഗസ്സയിൽ 70 സന്നദ്ധപ്രവർത്തകർ കൊല്ലപ്പെട്ടെന്ന് യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക്‌സ് ഏജൻസി ഫോർ പാലസ്തീൻ റെഫ്യൂജീസ് ഇൻ നിയർ ഈസ്റ്റ് (UNRWA). ഒരു സംഘർഷത്തിനിടെ, ചുരുങ്ങിയ കാലം കൊണ്ട് ഏറ്റവും കൂടുതൽ സന്നദ്ധ പ്രവർത്തകർ കൊല്ലപ്പെട്ടെന്നും യുഎൻ അഭയാർത്ഥി വിഭാഗം എക്‌സിൽ (ട്വിറ്റർ) അറിയിച്ചു. നഷ്ടങ്ങൾക്കിടയിലും സംഘടന ഗസ്സയിൽ മുഴുസമയ സേവനം തുടരുമെന്നും കുറിച്ചു.
എന്നാൽ യുഎൻ സന്നദ്ധ പ്രവർത്തകരെയടക്കം കൊന്നു തള്ളുന്നത് ഇസ്രായേലാണെന്ന് വ്യക്തമാക്കാതെയുള്ള പോസ്റ്റിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. ആരാണ് അവരെ കൊന്നതെന്ന് നിരവധി പേർ കമൻറ് സെക്ഷനിൽ ചോദിച്ചു. അവരെ കൊന്നത് ആരാണെന്ന് പോലും പറയാൻ നിങ്ങൾക്ക് ആകില്ലെന്നും നിങ്ങളെ ഓർത്ത് ലജ്ജിക്കുന്നുവെന്നും മറ്റൊരാൾ കുറിച്ചു. 'ആരാണ് അവരെ കൊന്നത്? ഐഎസ്‌ഐഎസ് ഭീകരവാദികൾ? അല്ലെങ്കിൽ മറ്റു ഭീകരവാദികൾ? അവരുടെ പേര് പറയൂ'ആക്ടിവിസ്റ്റും ഫാക്ട് ചെക്കറുമായ മുഹമ്മദ് സുബൈർ ട്വീറ്റ് ചെയ്തു. മറ്റൊരാൾ റഷ്യൻ അധിനിവേശം നേരിട്ട യുക്രൈൻ ലഭിച്ച പിന്തുണയും ഇസ്രായേൽ അതിക്രമം നേരിടുന്ന ഫലസ്തീന് ലഭിക്കുന്ന പിന്തുണക്കുറവുമാണ് ചൂണ്ടിക്കാട്ടിയത്.
അന്താരാഷ്ട്ര നിയമങ്ങൾ പോലും പാലിക്കാതെയാണ് ഗസ്സയിൽ ഇസ്രായേൽ ആക്രമണം നടത്തുന്നത്. അൽ അഹ്‌ലി ആശുപത്രിയിൽബോംബാക്രമണം നടത്തി 500 ലേറെ പേരെയാണ് ഇസ്രായേൽ കൊന്നത്. ഗസ്സയിലെ ജബലിയ്യ അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് വ്യോമാക്രമണം നടത്തി. 1948 മുതൽ അഭയാർഥികൾ താമസിക്കുന്ന സ്ഥലത്തുണ്ടായ ആക്രമണത്തിൽ 195 പേരാണ് കൊല്ലപ്പെട്ടത്. ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ ഗസ്സയിലെ ആശുപത്രികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ധനം ലഭ്യമല്ലാത്തതിനാൽ തുർക്കിഷ് ആശുപത്രി പ്രവർത്തനം നിർത്തി. ഗസ്സയിലെ ഏക അർബുദ ആശുപത്രിയാണ് ഇത്.
ഗസ്സയിൽ ഭക്ഷ്യ ക്ഷാമവും രൂക്ഷമായി തുടരുകയാണ്. റൊട്ടി നിർമാണ യൂണിറ്റുകളെല്ലാം ഇസ്രായേൽ ആക്രമിച്ചു. ഒമ്പത് റൊട്ടി നിർമാണ യൂണിറ്റുകൾ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഒരു നേരത്തെ ഭക്ഷണത്തിനായി ഇതിന് മുന്നിൽ ആളുകളുടെ നീണ്ട നിരയാണുള്ളത്. ഇസ്രായേൽ ആക്രമണം തുടങ്ങിയ ശേഷം ഗസ്സയിൽ ആകെ 8,796 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ 3,648 കുട്ടികളും 2,290 സ്ത്രീകളും ഉൾപ്പെടുന്നു.
United Nations Relief and Works Agency for Palestine Refugees in the Near East (UNRWA) says 70 volunteers have been killed in Gaza since October 7.