World
Gaza
World

ഗസ്സയിൽ അടിയന്തര വെടിനിർത്തൽ ഉണ്ടായില്ലെങ്കിൽ മാനുഷികദുരന്തം ഭയാനകം; മുന്നറിയിപ്പുമായി യു.എൻ

Web Desk
|
24 Jan 2024 1:24 AM GMT

ബന്ദിമോചനം തേടി ഇസ്രായേലിൽ ബന്ധുക്കളുടെ പ്രക്ഷോഭം തുടരുകയാണ്​

തെല്‍ അവിവ്: പട്ടിണി പിടിമുറുക്കുന്ന ഗസ്സയിൽ അടിയന്തര വെടിനിർത്തൽ ഉണ്ടായില്ലെങ്കിൽ മാനുഷികദുരന്തം ഭയാനകമായിരിക്കുമെന്ന മുന്നറിയിപ്പുമായി യു.എൻ സെ​ക്രട്ടറി ജനറൽ. ഫലസ്തീൻ തടവുകാരെ വിട്ടയക്കുന്നതിനു പകരമായി ബന്ദിമോചനവും രണ്ടു മാസത്തെ വെടിനിർത്തലും എന്ന ഇസ്രായേൽ നിർദേശം ഹമാസ്​ തള്ളിയതായി ഈജിപ്ത്​ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്​ അസോസിയേറ്റഡ്​ പ്രസ്​ റിപ്പോർട്ട് ചെയ്തു.അതിനിടെ, യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ അമേരിക്കയും ബ്രിട്ടനും വീണ്ടും ആക്രമണം നടത്തി . ടണലുകൾ കേന്ദ്രീകരിച്ചുള്ള ഹമാസിന്‍റെ സൈനിക സംവിധാനങ്ങൾ ഇപ്പോഴും ശക്​തമാണെന്ന് ഇസ്രായേൽ സൈന്യം ആശങ്ക പ്രകടിപ്പിച്ചു. ബന്ദിമോചനം തേടി ഇസ്രായേലിൽ ബന്ധുക്കളുടെ പ്രക്ഷോഭം തുടരുകയാണ്​.

ഫലസ്​തീൻ ജനത​ക്ക്​ കൂട്ടശിക്ഷ വിധിക്കുന്ന ഇസ്രായേൽ നീക്കം സർവസീമകളും ലംഘിച്ചതായി യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു​. ഗസ്സയിലേക്കുള്ള സഹായം തടസപ്പെടുത്തുന്ന ഇസ്രായേൽ നടപടി പട്ടിണിക്ക്​ ആക്കം കൂട്ടുകയാണ്​. ഫലസ്​തീൻ അവകാശങ്ങൾ കവർന്നും ദ്വിരാഷ്​ട്ര ഫോർമുല തള്ളിയും ഇസ്രായേൽ മുന്നോട്ടു നീങ്ങുന്നത്​ സംഘർഷം അനിശ്​ചിതമായി നീളാൻ കാരണമാകുമെന്നും യു.എൻ സെ​ക്രട്ടറി ജനറൽ മുന്നറിയിപ്പ്​ നൽകി. ഗസ്സയിൽ വെടിനിർത്തൽ വൈകരുതെന്ന്​ നോർവീജിയയും ​​സ്ലൊവേനിയയും ആവശ്യപ്പെട്ടു. 24മണിക്കൂറിനിടെഗസ്സയിൽ ഹമാസ് ആക്രമണത്തിൽ 24 സൈനികർ ​കൊല്ലപ്പെട്ടതിന്‍റെ ആഘാതത്തിലാണ് ഇസ്രോയല്‍. സംഭവത്തെ കുറിച്ച്​ അന്വേഷണം ആരംഭിച്ചതായും റിപ്പോർട്ട്​ പരസ്യപ്പെടുത്തുമെന്നും സൈന്യം വ്യക്തമാക്കി.

രണ്ടു കെട്ടിടങ്ങൾ തകർക്കാനായി ഇസ്രായേൽ സൈനികർ മൈനുകൾ നിറക്കുന്നതിനിടെ ഹമാസ് ആർ.പി.ജിമിസൈലുകൾ തൊടുത്തതാണ്​ സൈനികർ കൊല്ലപ്പെടാൻ കാരണമായതെന്നാണ്​ ആദ്യവിലയിരുത്തൽ. തുരങ്കങ്ങൾ കേന്ദ്രീകരിച്ചുള്ള ഹമാസ്​ പോരാളികളുടെ തന്ത്രപരമായ നീക്കം വലിയ വെല്ലുവിളി തന്നെയാണെന്ന് സൈനിക വക്​താവ്​ പ്രതികരിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ സൈനികർക്ക്​ ജീവഹാനിയുണ്ടായേക്കുമെന്ന ആശങ്കയും ഇസ്രായേൽ സൈനികവൃത്തങ്ങൾ പങ്കുവെച്ചു. എന്നാൽ എത്ര നീണ്ടാലും യുദ്ധത്തിൽ നിന്ന്​ പിറകോട്ടില്ലെന്നാവർത്തിച്ച്​ ഇസ്രായേൽ രാഷ്​​ട്രീയ, സൈനിക നേതൃത്വം രംഗത്തുവന്നു.

സൈനികനഷ്​ടവും ആഭ്യന്തര സമ്മർദവും കാരണം കൂടുതൽ സിവിലിയൻ കുരുതിക്കുള്ള തയ്യാറെടുപ്പിലാണ്​ ഇസ്രായേൽ സേന. 195 പേരാണ്​ ഇന്നലെ മാത്രം കൊല്ലപ്പെട്ടത്​. 354 പേർക്ക്​ പരിക്കേറ്റു. ഗസ്സയിൽ ആകെ മരണം 25,490 ആയി. പരിക്കേറ്റവരുടെ എണ്ണം 63,354 ആയി ഉയർന്നു. ഖാൻ യൂനിസിൽ ആശുപത്രികൾ വളഞ്ഞ് ജീവനക്കാരെയുൾപ്പെടെ അറസ്റ്റ് ചെയ്യുന്നത് തുടരുകയാണ്. അൽഖൈർ, അൽഅമൽ, നാസർ ആശുപത്രികളുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചിട്ടുണ്ട്. ബന്ദിമോചനം ഉറപ്പാക്കാൻ ഫലസ്​തീൻ തടവുകാരെ കൈമാറി രണ്ടുമാസ​ത്തെ വെടിനിർത്തൽ എന്ന ഇസ്രായേൽ നിർദേശം സ്വീകാര്യമല്ലെന്ന്​ ഹമാസ്​ അറിയിച്ചതായി ഈജിപ്​ത്​ അധികൃതരെ ഉദ്ധരിച്ച്​ അന്താരാഷ്​ട്ര വാർത്താ ഏജൻസി റിപ്പോർട്ട്​ ചെയ്​തു.

വടക്കൻ ഇസ്രായേലിലെ മൗണ്ട് മെറോണിൽ വ്യോമസേന താവളത്തിനു നേരെ ഹിസ്ബുല്ല ആക്രമണം നടത്തി. താവളത്തിന്​ തകരാർ സംഭവിച്ചതായി സൈന്യം സ്​ഥിരീകരിച്ചു. യമനിൽ യു.എസ്-യു.കെ ഇന്നലെയും ഹൂതി കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി. ഏദൻ കടലിൽ യു.എസ് സൈനിക ചരക്കുകപ്പൽ 'ഓഷ്യൻ ജാസി'നു നേരെ ഹൂതികൾനടത്തിയ ആക്രമണത്തിന് പ്രതികാരമെന്നോണമാണ് നടപടിയെന്ന് അമേരിക്ക അറിയിച്ചു. അമേരിക്കയുടെ പശ്​ചിമേഷ്യൻ പ്രതിനിധി ബ്രെറ്റ്​ മാക്​ഗുർകി​ന്‍റെ പശ്​ചിമേഷ്യൻ പര്യടനം ഇന്നാരംഭിച്ചു. ബന്ദിമോചനവുമായി ബന്​ധപ്പെട്ട ചർച്ചകളാണ്​ പ്രധാന സന്ദർശനലക്ഷ്യമെന്ന്​ വൈറ്റ്​ഹൗസ്​ പ്രതികരിച്ചു.

Related Tags :
Similar Posts