വിയന്ന ചർച്ച പരാജയപ്പെട്ടാൽ ഇറാനിൽ സൈനിക നടപടി പരിഗണനയിലെന്ന് അമേരിക്ക
|മേഖലയുടെ സുരക്ഷയും യു.എസ് താൽപര്യങ്ങളുമാണ് പ്രധാനമെന്ന് യുഎസ് സെൻട്രൽ കമാന്‍ഡ്
ഇറാന് വീണ്ടും അമേരിക്കയുടെ മുന്നറിയിപ്പ്. തിങ്കളാഴ്ച നടക്കുന്ന വിയന്ന ചർച്ച പരാജയപ്പെട്ടാൽ ഇറാനിൽ സൈനിക നടപടി പരിഗണനയിലെന്ന് അമേരിക്ക അറിയിച്ചു. മേഖലയിലെ ഏത് സാഹചര്യവും നേരിടാൻ സൈന്യം ഒരുക്കമാണെന്നും യുഎസ് സെൻട്രൽ കമാന്‍ഡ് മേധാവി ജന. കെനത്ത് എഫ് മെകൻസി മുന്നറിയിപ്പ് നൽകി.
വിയന്ന ചർച്ച പരാജയപ്പെട്ടാൽ ഇറാനെതിരെ സൈനിക നടപടിയും പരിഗണനയിലുണ്ടെന്ന് യുഎസ് സെൻട്രൽ കമാന്‍ഡ് മേധാവി ജന. കെനത്ത് എഫ് മെകൻസിയാണ് മുന്നറിയിപ്പ് നൽകിയത്. ഏതൊരു സാഹചര്യവും നേരിടാൻ യു.എസ് സൈനിക കേന്ദ്രങ്ങൾ സജ്ജമാണ്. മേഖലയുടെ സുരക്ഷയും യു.എസ് താൽപര്യങ്ങളുമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
ആണവായുധം സ്വന്തമാക്കുന്നതിന് അരികിലാണ് ഇറാനുള്ളതെന്ന് യു.എസ് സെൻട്രൽ കമാന്‍ഡ് മേധാവി പറഞ്ഞു. പിന്നിട്ട അഞ്ചു വർഷത്തിനുള്ളിൽ ശക്തിയേറിയ ബാലിസ്റ്റിക് മിസൈൽ പ്ലാറ്റ്ഫോമിന് ഇറാൻ രൂപം നൽകിയിട്ടുണ്ട്. മിസൈൽ കൃത്യതയോടെ ലക്ഷ്യത്തിൽ എത്തിക്കാനുള്ള പ്രാപ്തി ഇതിനകം ഇറാൻ തെളിയിച്ചതാണെന്നും യു.എസ് സെൻട്രൽ കമാന്‍ഡ് മേധാവി പറഞ്ഞു.
തിങ്കളാഴ്ചയാണ് വിയന്നയിൽ അമേരിക്ക ഉൾപ്പെടെ വൻശക്തി രാജ്യങ്ങളുമായി ഇറാൻ നിർണായക ചർച്ചക്കൊരുങ്ങുന്നത്. സമ്മർദ നീക്കത്തിന്റെ ഭാഗമായാണ് യു.എസ് സെൻട്രൽ കമാന്‍ഡ് മേധാവിയുടെ പ്രസ്താവനയെന്നാണ് വിലയിരുത്തൽ.