‘ഫലസ്തീനെ സ്വതന്ത്രമാക്കുക’ എന്ന് വിളിച്ചു പറഞ്ഞ ശേഷം യു.എസ് വ്യോമസേന ഉദ്യോഗസ്ഥൻ ഇസ്രായേൽ എംബസിക്ക് മുന്നിൽ തീകൊളുത്തി ജീവനൊടുക്കി
|‘ഈ വംശഹത്യയിൽ എനിക്ക് പങ്കില്ല, ഞാൻ പങ്കാളിയാവുകയുമില്ല എന്ന് പറഞ്ഞ ശേഷമാണ് തീകൊളുത്തിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
വാഷിങ്ടൺ: ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യയാണെന്ന് വിളിച്ചു പറഞ്ഞശേഷം യു.എസ് വ്യോമസേന ഉദ്യോഗസ്ഥൻ തീ കൊളുത്തി ജീവനൊടുക്കി. ഞായറാഴ്ച വാഷിംഗ്ടണിലെ ഡിസിയിലെ ഇസ്രായേൽ എംബസിക്ക് മുന്നിൽ 25 കാരനായ ആരോൺ ബുഷ്‌നെലാണ് സ്വയം തീകൊളുത്തിയത്. മിലിട്ടറി യൂണിഫോമിലെത്തി ആരോൺ സോഷ്യൽ മീഡിയയിൽ ജീവനൊടുക്കുന്നത് ലൈവായി പുറത്ത് വിടുകയും ചെയ്തു.
‘ഈ വംശഹത്യയിൽ എനിക്ക് പങ്കില്ല, ഞാൻ പങ്കാളിയാവുകയുമില്ല എന്ന് പറഞ്ഞ ശേഷമാണ് തീകൊളുത്തിയത്. ശരീരമാസകലം തീ ആളിപ്പടരുമ്പോഴും ‘ഫലസ്തീനെ സ്വതന്ത്രമാക്കുക’ എന്ന് അരോൺ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
‘ഫലസ്തീൻ ജനതക്ക് നേരെ തുടരുന്ന വംശഹത്യയ്‌ക്കെതിരെ വലിയ പ്രതിഷേധത്തിനിറങ്ങുകയാണെന്ന’ സന്ദേശം ബുഷ്‌നെൽ ജീവനൊടുക്കുന്നതിന് മുമ്പ് മാധ്യമങ്ങൾക്ക് അയച്ചതായി റിപ്പോർട്ടുണ്ട് .
ഉച്ചക്ക് 12.58 ഓടെയാണ് ഇസ്രായേൽ ക്രൂരത ഉറക്കെ വിളിച്ചുപറഞ്ഞും ഫലസ്തീനോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചും ആരോൺ തീകൊളുത്തിയത്. യുഎസ് സീക്രട്ട് സർവീസ് അംഗങ്ങൾ തീ അണച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല.
ഇസ്രായേൽ അനുകൂല നിലപാട് സ്വീകരിക്കുന്ന അമേരിക്കക്കെതിരെ രാജ്യത്തിനകത്ത് നിന്ന് തന്നെ വലിയ രീതിയിൽ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഒക്‌ടോബർ 7 - ന് തുടങ്ങിയ യുദ്ധത്തിൽ 30,000 ഓളം ഫലസ്തീനികളെയാണ് ഇസ്രായേൽ കൊന്നത്.1200 ഓളം ഇസ്രായേൽ സൈനികരും കൊല്ലപ്പെട്ടു.