World
തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങൾ; ശീതകാല ഒളിമ്പിക്‌സ് ബഹിഷ്‌കരിച്ച് അമേരിക്ക
World

തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങൾ; ശീതകാല ഒളിമ്പിക്‌സ് ബഹിഷ്‌കരിച്ച് അമേരിക്ക

Web Desk
|
7 Dec 2021 6:24 AM GMT

കായിക താരങ്ങൾ പങ്കെടുക്കുമെങ്കിലും ഔദ്യോഗിക, നയതന്ത്ര സംഘങ്ങളെ ചൈനയിലേക്ക് അയക്കില്ല

ചൈനയുടെ നിരന്തരമായ മനുഷ്യാവകാശ ലംഘനങ്ങളിൽ പ്രതിഷേധിച്ച് അടുത്ത വർഷം ബീജിങ്ങിൽ നടക്കുന്ന ശീതകാല ഒളിമ്പിക്‌സ് അമേരിക്ക ബഹിഷ്‌കരിച്ചു. അടുത്ത ഫെബ്രുവരിയിൽ നടക്കുന്ന മത്സരങ്ങളിൽ കായിക താരങ്ങൾ പങ്കെടുമെങ്കിലും നയതന്ത്ര ബഹിഷ്‌കരണങ്ങളുടെ ഭാഗമായി ഒളിമ്പിക്‌സ് ഔദ്യോഗിക സംഘത്തെയും നയതന്ത്ര സംഘത്തെയും ചൈനയിലേക്ക് അയക്കില്ല.

പടിഞ്ഞാറൻ മേഖലയിലെ സിൻജിയാങ് പ്രവിശ്യയിലെ ന്യൂനപക്ഷ മുസ്ലീംങ്ങൾക്ക് നേരെയുള്ള ക്രൂരമായ നടപടികളും വംശഹത്യയും കൂട്ടക്കൊലയും മറ്റ് മനുഷ്യാവകാശ ലംഘനങ്ങളും ചൈന തുടർന്നുകൊണ്ടിരിക്കുകയാണ്. ഈ രീതികളെ പിന്തുണക്കാനാവില്ലെന്നും ഇതിനെതിരെ ശക്തമായ സന്ദേശം നൽകുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും വൈറ്റ് ഹൗസ് അറിയിച്ചു. ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് എല്ലാ പിന്തുണയും സുരക്ഷയും നൽകുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി പറഞ്ഞു. ബഹിഷ്‌കരണം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഇക്കാര്യം യു.എസ് സഖ്യകക്ഷികളെ അറിയിച്ചിരുന്നുവെന്ന് സാകി പറഞ്ഞു.

ഉന്നത ഉദ്യോഗസ്ഥരയും പ്രമുഖ വ്യക്തികളെയും ഒളിമ്പികിസിന് അയക്കുന്നത് അമേരിക്കൻ പാരമ്പര്യത്തിന്റെ ഭാഗമാണ്. ഈ വർഷം ജപ്പാനിൽ നടക്കുന്ന വേനൽകാല ഒളിമ്പിക്‌സിനും പ്രതിനിധി സംഘത്തെ അയച്ചിരുന്നു. മറ്റൊരു രാജ്യവും സമാനമായ നയതന്ത്ര ബഹിഷ്‌കരണം പ്രഖ്യാപിച്ചിട്ടില്ല. അതേ സമയം അമേരിക്കയുടെ പ്രതിനിധികളെ ചൈന ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ടോ എന്നത് വ്യക്തമല്ല.

എന്നാൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ഈ തീരുമാനത്തെ ചൈന അപലപിച്ചു. ഒളിമ്പിക്‌സിനെ രാഷ്ടീയ ആയുധമായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല.ഇത് ഒളിമ്പിക്‌സിനോടുള്ള അവഹേളനമാണെന്നും ചൈന ഭരണകൂടം പ്രതികരിച്ചു.നയന്ത്രണ ബഹിഷ്‌കരണവുമായി മുന്നോട്ട് പോയാൽ ശക്തമായി തിരിച്ചടി നേരിടേണ്ടി വരുമെന്നും ചൈന അറിയിച്ചു.

Similar Posts