World
lebanon ceasefire us
World

ലബനാനിലും ഗസ്സയിലും വെടിനിർത്തൽ ശ്രമം തുടരുമെന്നാവർത്തിച്ച്​ അമേരിക്ക; താല്‍ക്കാലിക വെടിനിര്‍ത്തലിന് തയാറല്ലെന്ന് ഹമാസ്

Web Desk
|
2 Nov 2024 1:41 AM GMT

ലബനാനിലും ഗസ്സയിലും വെടിനിർത്തൽ നടപ്പാക്കാൻ ഊർജിത നീക്കം തുടരുമെന്ന്​ യു.എസ്​ ദേശീയ സുരക്ഷാ കൗൺസിൽ അറിയിച്ചു

തെല്‍ അവിവ്: പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പ്​ പടിവാതിൽക്കൽ എത്തിനിൽക്കെ, ലബനാനിലും ഗസ്സയിലും വെടിനിർത്തൽ ശ്രമം തുടരുമെന്നാവർത്തിച്ച്​ അമേരിക്ക. ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന്​ ലബനാനോട്​ നിർദേശിച്ചിട്ടില്ലെന്നും യു.എസ്​ വ്യക്തമാക്കി. താൽക്കാലിക വെടിനിർത്തലിന്​ തയാറല്ലെന്ന നിലപാട് ആവര്‍ത്തിച്ചിരിക്കുകയാണ് ഹമാസ്.

ലബനാനിലും ഗസ്സയിലും വെടിനിർത്തൽ നടപ്പാക്കാൻ ഊർജിത നീക്കം തുടരുമെന്ന്​ യു.എസ്​ ദേശീയ സുരക്ഷാ കൗൺസിൽ അറിയിച്ചു. യു.എസ്​ പ്രസിഡന്‍റ്​ നിയോഗിച്ച മക്​ഗുർക്ക്​, അമോസ്​ ഹോസ്റ്റിൻ എന്നിവർ ഇസ്രായേൽ നേതാക്കളുമായി ചർച്ച നടത്തി റിപ്പോർട്ട്​ കൈമാറി​. ഇരുപക്ഷവുമായും ചർച്ച തുടരുമെന്ന്​ അമേരിക്ക അറിയിച്ചു. ലബനാൻ ഏകപക്ഷീയമായ വെടിനിർത്തലിന്​ സമ്മതിക്കണമെന്ന്​ ആവശ്യപ്പെട്ടതായ റിപ്പോർട്ട്​ ശരിയല്ലെന്നും യു.എസ്​ ദേശീയ സുരക്ഷാ കൗൺസിൽ അറിയിച്ചു.

അതേസമയം വെടിനിർത്തലിൽ പ്രതീക്ഷയില്ലെന്നും ലബനാനിൽ ഇസ്രായേൽ ആക്രമണം വ്യാപിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി നജിബ് മികാതി കുറ്റപ്പെടുത്തി. ഒരു മാസത്തെ താൽക്കാലിക വെടിനിർത്തലും ഏതാനും ബന്ദികളുടെ മോചനവും എന്ന പുതിയ നിർദേശം സ്വീകാര്യമല്ലെന്ന്​ മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചതായി ഹമാസ്​ നേതാവ്​ സമി അബൂ സുഹ്​രി പറഞു. ആക്രമണം നിർത്തി സൈന്യം പിൻവാങ്ങാതെ ചർച്ചക്ക്​ പ്രസക്​തിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഗസ്സയിലും ലബനാനിലും നടന്ന ആക്രമണങ്ങളിൽ ഇന്നലെ എൺപതിലേറെ പേർ കൊല്ലപ്പെട്ടു. ഗസ്സയിൽ മാത്രം 55 പേരാണ്​ മരിച്ചത്​. മ​ധ്യ ഗ​സ്സ​യി​ലെ നു​സൈ​റ​ത്ത് അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ ആ​ളു​ക​ളെ പാ​ർ​പ്പി​ച്ചി​രു​ന്ന സ്കൂ​ളി​​​ന്‍റെ ക​വാ​ട​ത്തി​ൽ ഇ​സ്രാ​യേ​ൽ സേ​ന ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 10 ഫ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടു.

തെ​ക്ക​ൻ ല​ബ​നാ​നി​ലെ കി​ഴ​ക്ക​ൻ ന​ഗ​ര​മാ​യ ബാ​ൽ​ബെ​ക്കി​ൽ ഇ​സ്രാ​യേ​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി. ഇസ്രായേൽ ആക്രമണങ്ങളിൽ ഇതു​വരെ 2897 പേർ കൊല്ലപ്പെട്ടതായും 13,150 പേർക്ക്​ പരിക്കേറ്റതായും ലബനാൻ ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. വടക്കൻ സൈനിക കമാൻഡർക്ക്​ ലബനാൻ അതിർത്തിയിൽ പരിക്കേറ്റതായി ഇസ്രായേൽ അറിയിച്ചു . വാഹനം അപകടത്തിൽപെട്ടാണ്​ പരിക്കെന്നാണ്​ ഇസ്രായേൽ നൽകുന്ന വിശദീകരണം. സുരക്ഷയുമായി ബന്​ധപ്പെട്ട രഹസ്യരേഖ ചോർത്തിയതിന്​ നെതന്യാഹുവിന്‍റെ ഓഫീസിലെ ചിലർ അറസ്റ്റിലായതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു. ഗസ്സയിൽ സമ്പൂർണ അധിനിവേശം തുടരാനാണ്​ ഇസ്രായേൽ തീരുമാനമെന്ന്​ ധനമന്ത്രി സ്​മോട്രിക് വ്യക്തമാക്കി​ .

Similar Posts