'മറ്റൊരു ടൈറ്റനാകില്ല'; ടൈറ്റാനിക് പര്യവേക്ഷണത്തിനൊരുങ്ങി യു.എസ് ശതകോടീശ്വരൻ
|20 മില്യൺ ഡോളർ ട്രൈറ്റൺ 4000/2 എന്ന് പേരിട്ടിരിക്കുന്ന പുതിയ സമുദ്രപേടകത്തിലായിരിക്കും യാത്ര
ന്യൂയോർക്ക്: ഏകദേശം ഒരു വർഷം മുൻപായിരുന്നു ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനായി പോയ ടൈറ്റൻ അന്തർവാഹിനി പൊട്ടിത്തെറിച്ച് അഞ്ചു യാത്രക്കാർ മരിച്ചത്. ഓഷ്യൻഗേറ്റ് കമ്പനിയുടെ ടൂറിസ്റ്റ് അന്തർവാഹിനിയായ ടൈറ്റൻ സബ്‌മെർസിബിൾ പൊട്ടിത്തെറിച്ചാണ് അഞ്ചുപേർ കൊല്ലപ്പെട്ടത്. അപകടത്തിന് പിന്നാലെ ഉടമസ്ഥ കമ്പനിയായ ഓഷ്യൻ ഗേറ്റ് പ്രവർത്തനം നിർത്തിവെച്ചിരുന്നു. ഇപ്പോഴിതാ ഏറ്റവും അപകടം പിടിച്ച ടൈറ്റാനിക് അവശിഷ്ടങ്ങൾ കാണാനുള്ള യാത്രക്കൊരുങ്ങിയിരിക്കുകയാണ് യു.എസിലെ ഒരു ശതകോടീശ്വരൻ.
അമേരിക്കയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരിലൊരാളായ ലാറി കോണർ, ട്രൈറ്റൺ അന്തർവാഹിനികളുടെ സഹസ്ഥാപകനായ പാട്രിക് ലാഹേയ്ക്കൊപ്പമാണ് ടൈറ്റാനിക് ദൗത്യത്തിനായി ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.ടൈറ്റനെപ്പോലെയാകില്ല ഈ പര്യവേഷണം എന്നാണ് ലാറി കോണർ വാൾസ്ട്രീറ്റ് ജേണലിനോട് പ്രതികരിച്ചത്. 'സമുദ്രം അങ്ങയേറ്റം ശക്തമാണ്.എന്നിരുന്നാലും ശരിയായ വഴിയിലൂടെ സഞ്ചരിച്ചാൽ അത് അതിശയകരവും ആസ്വാദ്യകരവും ജീവിതത്തെ മാറ്റിമറിക്കുന്നതുമായിരിക്കുമെന്ന് ലോകത്തെമ്പാടുമുള്ള ജനങ്ങളെ കാണിച്ചുകൊടുക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു'.ലാറി കോർണർ പറഞ്ഞു.
ട്രൈറ്റൺ 4000/2 എന്ന് പേരിട്ടിരിക്കുന്ന പുതിയ സമുദ്രപേടകത്തിലായിരിക്കും ഇവരുടെ യാത്ര. പാട്രിക് ലാഹേ രൂപകൽപന ചെയ്ത ഇതിന് ഏകദേശം 20 മില്യൺ ഡോളർ വിലമതിക്കും. രണ്ടു വ്യക്തികൾക്ക് ദീർഘനേരം യാത്ര ചെയ്യാവുന്നതാണ് മുങ്ങിക്കപ്പലെന്നും ലാറി കോർണർ അവകാശപ്പെട്ടു. കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി പാട്രിക് ഇതിനെ കുറിച്ച് ചിന്തിക്കുകയും രൂപകൽപന ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ അന്ന് ഞങ്ങൾക്ക് അതിന് ആവശ്യമായ വസ്തുക്കളോ സാങ്കേതികവിദ്യയോ ഇല്ലായിരുന്നു' കോണർ പറഞ്ഞു.
എന്നാൽ ടൈറ്റാനികിന്റെ അവശിഷ്ടങ്ങൾ തേടിയുള്ള യാത്ര എന്നാണെന്ന് ഇരുവരും വ്യക്തമാക്കിയിട്ടില്ല.'സുരക്ഷിതമായി യാത്ര ചെയ്യാൻ സാധിക്കുന്ന അന്തര്‍വാഹിനി ഉണ്ടാക്കുകയും, നിങ്ങൾക്കും അതിന് സാധിക്കുമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും കോണർ വ്യക്തമാക്കി.
ഒരിക്കലും മുങ്ങില്ലെന്ന വാഗ്ദാനവുമായി നീറ്റിലിറങ്ങിയ ടൈറ്റാനിക് 1912 ഏപ്രിൽ 15 നാണ് മഞ്ഞുമലയിലിടിച്ച് തകർന്നത്. അന്ന് കപ്പലിലുണ്ടായിരുന്ന 2224 യാത്രക്കാരിൽ 1500 ഓളം പേർ മരിച്ചു. ടൈറ്റാനിക് സിനിമ ഇറങ്ങിയതോടെയാണ് ടൈറ്റാനികിന്റെ അവശിഷ്ടങ്ങൾ തേടിയുള്ള പര്യവേഷണങ്ങൾ തുടങ്ങുന്നത്.
കഴിഞ്ഞ ജൂൺ 16 നാണ് സമുദ്രനിരപ്പിൽ നിന്ന് 12,500 അടി താഴെയുള്ള 110 വർഷം പഴക്കമുള്ള ടൈറ്റാനിക് കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ കാണാനായി അഞ്ചുപേരുമായി ടൈറ്റൻ യാത്ര തിരിച്ചത്. കാനഡയിലെ ന്യൂഫൗണ്ട് ലാൻഡിൽ നിന്ന് 700 കിലോമീറ്റർ അകലെ വെച്ചാണ് മുങ്ങിക്കപ്പൽ അപ്രത്യക്ഷമായത്.യാത്രതുടങ്ങി ഒന്നേമുക്കാൽ മണിക്കൂറിന് ശേഷം പേടകവുമായി ബന്ധപ്പെട്ട ആശയ വിനിമയം നഷ്ടപ്പെടുകയായിരുന്നു.
ബ്രിട്ടിഷ് കോടീശ്വരൻ ഹാമിഷ് ഹാർഡിങ്, ഫ്രഞ്ച് സ്‌കൂബാ ഡൈവർ പോൾ ഹെന്റി. പാക് വ്യവസായി ഷഹസാദ് ഷാ ദാവൂദ്, മകൻ സുലേമാൻ, പേടകത്തിൻറെ ഉടമസ്ഥരായ സ്റ്റോക് ടൺ റഷ് എന്നിവരായിരുന്നു പേടകത്തിലെ യാത്രക്കാർ. ജൂൺ 22 നാണ് പേടകം പൊട്ടിത്തെറിച്ച് യാത്രക്കാരെല്ലാം കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചത്.