ഇസ്രയേലിനെതിരായ വിമർശനം; ഇൽഹാൻ ഒമറിനെ യു.എസ് വിദേശകാര്യ സമിതിയിൽ നിന്ന് പുറത്താക്കി
|ഇൽഹാനെ പുറത്താക്കിയ നടപടിയെ വൈറ്റ് ഹൗസ് അപലപിച്ചു.
വാഷിങ്ടൺ: ഇസ്രയേലിനെതിരായ മുൻ വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ യു.എസ് വിദേശകാര്യ സമിതിയിൽ നിന്ന് ഡെമോക്രാറ്റിക് പ്രതിനിധിയും അഭയാർഥി വനിതയുമായ ഇൽഹാൻ ഒമറിനെ പുറത്താക്കി. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയാണ് ഇൽഹാനെ പുറത്താക്കിയത്. 211നെതിരെ 2018 വോട്ടുകൾക്കാണ് ഇൽഹാനെ പുറത്താക്കാൻ തീരുമാനിച്ചത്. വിദേശകാര്യ സമിതിയുടെ ആഫ്രിക്കൻ സബ് കമ്മിറ്റിയിലെ പ്രധാന അംഗമായിരുന്നു ഈ 40കാരി.
എന്നാൽ, ഇൽഹാനെ പുറത്താക്കിയ നടപടിയെ വൈറ്റ് ഹൗസ് അപലപിച്ചു. ഇൽഹാൻ ഒമർ കോൺഗ്രസിൽ ഏറെ ബഹുമാനിക്കപ്പെടുന്ന അംഗമാണെന്നും റിപ്പബ്ലിക്കൻ നീക്കം രാഷ്ട്രീയ പ്രതികാരമാണെന്നും മാധ്യമപ്രവർത്തകരോട് സംസാരിച്ച വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി വ്യക്തമാക്കി.
''ഞാനൊരു മുസ്ലിമാണ്. അഭയാർഥിയാണ്. അതിലുപരി ഞാനൊരു ആഫ്രിക്കനാണ്. അതുകൊണ്ട് തന്നെ താൻ വേട്ടയാടപ്പെടുന്നതിൽ ആർക്കെങ്കിലും അതിശയം തോന്നുന്നുണ്ടോ?. അമേരിക്കൻ വിദേശകാര്യ നയത്തെക്കുറിച്ച് സംസാരിക്കാൻ ഞാൻ യോഗ്യയല്ലെന്ന് അവർ കരുതുന്നതിൽ ആരെങ്കിലും ആശ്ചര്യപ്പെടുന്നുണ്ടോ?"- ഇൽഹാൻ ചോദിച്ചു.
ഞങ്ങൾ കോൺഗ്രസിൽ വന്നത് മിണ്ടാതിരിക്കാനല്ല. അഭയാർഥി ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങൾക്കും ലോകമെമ്പാടുമുള്ള നീതി തേടുന്നവർക്കും വേണ്ടി ശബ്ദിക്കാനാണ് ഞങ്ങൾ കോൺഗ്രസിലേക്ക് വന്നത്. കാരണം, യുദ്ധത്തെ അതിജീവിച്ച ഈ കുട്ടി ആഗ്രഹിച്ചത് അതാണ്- അവർ ട്വീറ്റ് ചെയ്തു.
സമിതിയിൽ നിന്ന് പുറത്താക്കി തന്നെ നിശബ്ദയാക്കാനാകില്ലെന്നും ഇൽഹാൻ ഒമർ വ്യക്തമാക്കി. സൊമാലിയൻ അഭയാർഥി വനിതയായ ഇൽഹാൻ ഒമർ റിപ്പബ്ലിക്കൻ കമ്മിയംഗങ്ങളാൽ ഈ വർഷം പുറത്താക്കപ്പെടുന്ന മൂന്നാമത്തെ ഡെമോക്രാറ്റ് പ്രതിനിധിയാണ്. 2012 മുതൽ ഇസ്രയേലിനെതിരെ നിരവധി വിമർശനങ്ങളാണ് ഇൽഹാൻ നടത്തിയിരുന്നത്.
അമേരിക്കൻ രാഷ്ട്രീയത്തിലെ ഇസ്രായേൽ സ്വാധീനത്തെക്കുറിച്ചുള്ള ഇൽഹാന്റെ ട്വീറ്റാണ് വിവാദമായത്. ഇസ്രായേൽ അനുകൂല ലോബികളിൽ നിന്നുള്ള സംഭാവനകളാണ് ആ രാജ്യത്തിനുള്ള റിപ്പബ്ലിക്കൻ പിന്തുണയ്ക്ക് കാരണമെന്നും അവർ പറഞ്ഞിരുന്നു. ഇത് വിവാദമായതോടെ 2019ൽ ഇവർ ക്ഷമാപണം നടത്തിയിരുന്നു.
ഈ വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ തുടർന്ന് 2021 മുതൽ ഇൽഹാനും മറ്റ് ഡെമോക്രാറ്റുകൾക്കും എതിരെ നടപടിയെടുക്കുമെന്ന് റിപ്പബ്ലിക്കൻമാർ പ്രതിജ്ഞയെടുത്തിരുന്നു. നേരത്തെ ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുണ്ടായ സമയം, അനുചിത പരാമർശങ്ങളുടെ പേരിൽ രണ്ട് റിപ്പബ്ലിക്കൻ അംഗങ്ങളെ സമിതിയിൽ നിന്ന് പുറത്താക്കിയിരുന്നു.
ഇൽഹാൻ ഒമർ അടക്കമുള്ളവരെ പുറത്താക്കിയത് ഇതിന്റെ പ്രതികാരമാണെന്ന് ഡെമോക്രാറ്റുകൾ പറയുന്നു. കഴിഞ്ഞമാസം സ്പീക്കറായതിന് ശേഷം കെവിൻ മക്കാർത്തി രണ്ട് അംഗങ്ങളെ കമ്മിറ്റി സ്ഥാനങ്ങളിലേക്ക് പുനഃസ്ഥാപിച്ചിരുന്നു. ഈ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഡെമോക്രാറ്റുകൾ വിശേഷിപ്പിച്ചത്. യു.എസ് കോൺഗ്രസിലെ രണ്ട് മുസ്ലിം വനിതകളിൽ ഒരാളായ ഇൽഹാൻ, അതിലെ ഏക ആഫ്രിക്കൻ മുസ്ലിം വനിത കൂടിയാണ്.
അതേസമയം, ഇൽഹാൻ ഒമറിനെതിരായ നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് ഹൗസ് ഡെമോക്രാറ്റിക് ന്യൂനപക്ഷ നേതാവ് ഹക്കീം ജെഫ്രി പറഞ്ഞു. വിദേശകാര്യ സമിതിയിൽ നിന്ന് പുറത്താക്കപ്പെട്ട ഇൽഹാന്‍ ബജറ്റ് കമ്മിറ്റിയിൽ സ്ഥാനം നൽകുമെന്നും വലതു തീവ്രവാദത്തിനെതിരെ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന നേതാവാണ് അവരെന്നും ഹക്കീം ജെഫ്രി വിശദമാക്കി.
2022 ജൂണിൽ ഇൽഹാൻ ഒമർ ഇന്ത്യയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ അപലപിക്കുന്ന പ്രമേയം അവതരിപ്പിച്ചിരുന്നു. ഇന്ത്യയിൽ മുസ്ലിംകൾ, ക്രിസ്ത്യാനികൾ, സിഖുകാർ, ദലിതുകൾ, ആദിവാസികൾ തുടങ്ങിയ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുകയാണെന്നും മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുകയാണെന്നും ഇൽഹാൻ പ്രമേയത്തിൽ ആരോപിച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യ നേരിട്ട് അമേരിക്കയെ എതിര്‍പ്പ് അറിയിക്കുകയും വിദേശകാര്യമന്ത്രി അവരെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.