'ആ വാർത്തകളെല്ലാം വസ്തുതാ വിരുദ്ധം'; ശൈഖ് ഹസീനയെ പുറത്താക്കിയതിൽ പങ്കില്ലെന്ന് യു.എസ്
|തന്നെ പുറത്താക്കുന്നതിൽ യു.എസിന് പങ്കുണ്ടെന്ന് ശൈഖ് ഹസീന ആരോപിച്ചതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു
ന്യൂയോർക്ക്: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിൽ പങ്കില്ലെന്ന് യുഎസ്. ബംഗ്ലാദേശിന്റെ ആഭ്യന്തര കാര്യങ്ങളിൽ യുഎസ് സർക്കാർ സ്വാധീനം ചെലുത്തുകയോ ഇടപെടുകയോ ചെയ്തുവെന്ന ആരോപണങ്ങളെല്ലാം വൈറ്റ് ഹൗസ് തള്ളിക്കളഞ്ഞു.
'ഞങ്ങൾ യാതൊരു ഇടപെടലും നടത്തിയിട്ടില്ല. ഈ സംഭവങ്ങളിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഗവൺമെന്റ് ഉൾപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകളും കിംവദന്തികളും വസ്തുതാവിരുദ്ധമാണ്...' വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ-പിയറി പറഞ്ഞു.തിങ്കളാഴ്ച മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
ബംഗ്ലാദേശിലെ ജനങ്ങളാണ് അവിടുത്തെ സർക്കാറിന്റെ ഭാവി നിർണയിക്കേണ്ടതെന്നും അവർ വ്യക്തമാക്കി. ' സ്വന്തം നേതാവിനെ തെരഞ്ഞെടുക്കേണ്ടത് ബംഗ്ലാദേശിലെ ജനതയുടെ തീരുമാനമാണ്. അവരുടെ സർക്കാറിന്റെ ഭാവി നിർണയിക്കുന്നതും അവിടുത്തെ ജനങ്ങളാണ്. അതിനോടപ്പാണ് ഞങ്ങളും നിൽക്കുന്നത്. അല്ലാതെ പുറത്ത് വരുന്ന ആരോപണങ്ങൊന്നും സത്യമല്ല'..വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി വ്യക്തമാക്കി.
അതേസമയം, ബംഗ്ലാദേശിലെ സ്ഥിതിഗതികൾ യുഎസ് നിരീക്ഷിക്കുന്നത് തുടരുമെന്ന് ജീൻ-പിയറി പറഞ്ഞു. തന്നെ പുറത്താക്കുന്നതിൽ യു.എസിന് പങ്കുണ്ടെന്ന് ശൈഖ് ഹസീന ആരോപിച്ചതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
സെന്റ് മാർട്ടിൻസ് ദ്വീപിന്റെ പരമാധികാരം യുഎസിനു വിട്ടുകൊടുത്തിരുന്നെങ്കിൽ തനിക്ക് പ്രധാനമന്ത്രിയായി തുടരാമായിരുന്നുവെന്ന് ശൈഖ് ഹസീന രാജ്യത്തെ അഭിസംബോധന ചെയ്യാൻ തയ്യാറാക്കിയ കുറിപ്പിൽ ഉൾപ്പെടുത്തിയിരുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ അമേരിക്കയിലുള്ള മകൻ സജീവ് വസിദ് ജോയ് ഈ റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞിരുന്നു. തന്റെ മാതാവ് ഇത്തരമൊരു പ്രസ്താവന നൽകിയിട്ടില്ലെന്നായിരുന്നു മകൻ പ്രതികരിച്ചത്.
'അടുത്തിടെ ഒരു പത്രത്തിൽതന്റെ അമ്മയുടെ പേരിൽ പ്രസിദ്ധീകരിച്ച രാജിക്കത്ത് വ്യാജവും പൂർണമായും കെട്ടിച്ചമച്ചതാണ്. ധാക്ക വിടുന്നതിന് മുമ്പോ ശേഷമോ അവർ അത്തരത്തിലൊരു പ്രസ്താവന നടത്തിയില്ല. ഇക്കാര്യം അമ്മയും സ്ഥിരീകരിച്ചിട്ടുണ്ട്..അദ്ദേഹം എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.
അതിനിടെ ബംഗ്ലാദേശിൽ സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവ് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്തു. സർക്കാർ ജോലികളിൽ പത്യേക വിഭാഗങ്ങൾക്കായി സംവരണം ചെയ്ത ക്വാട്ട സമ്പ്രദായത്തിനെതിരെ കഴിഞ്ഞ മാസം നടന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് ശൈഖ് ഹസീന രാജിവെച്ചത്.