World
ഡ്രോൺ ആക്രമണത്തിൽ യു.എസ് സൈനികർ കൊല്ലപ്പെട്ട സംഭവം: ശക്തമായ തിരിച്ചടി ഉറപ്പാണെന്ന്​ ജോ​ ബൈഡൻ
World

ഡ്രോൺ ആക്രമണത്തിൽ യു.എസ് സൈനികർ കൊല്ലപ്പെട്ട സംഭവം: ശക്തമായ തിരിച്ചടി ഉറപ്പാണെന്ന്​ ജോ​ ബൈഡൻ

Web Desk
|
29 Jan 2024 1:13 AM GMT

ഇറാൻ പിന്തുണയുള്ള സായുധ സംഘമാണ്​ ആക്രമണത്തിന്​ പിന്നിലെന്ന്​ ജോ ബൈഡൻ

ദുബൈ: ഗസ്സ യുദ്ധത്തി​ന്‍റെ വഴിത്തിരിവെന്നോണം ജോർദാൻ-സിറിയ അതിർത്തിയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് യു.എസ് സൈനികർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 30 ലേറെ പേർക്ക് പരിക്കേറ്റതായും യു.എസ് ​സൈനികവൃത്തങ്ങൾ അറിയിച്ചു. സിറിയയിലെ അൽ തൻഫ്​ താവളത്തിനു നേരെയായിരുന്നു ആക്രമണം. ഒക്​ടോബർ ഏഴിനു ശേഷം മേഖലയിൽ ​ യു.എസ് സൈനികർ കൊല്ലപ്പെടുന്നത് ഇതാദ്യമാണ്​. ഇറാൻ പിന്തുണയുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്നും ശക്തമായി തിരിച്ചടിയുണ്ടാകുമെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകി.

അതേസമയം, അതിർത്തിക്ക് പുറത്തുള്ള യു.എസ് സൈനിക താവളത്തിന് നേരെയാണ് ഡ്രോൺ ആക്രമണം നടന്നതെന്ന് ജോർദാൻ അറിയിച്ചു. പരസ്​പര ധാരണ പ്രകാരമാണ്​ അതിർത്തി മേഖലയിലെ യു.എസ്​ സൈനിക സാന്നിധ്യമെന്നും ജോർദാൻ അധികൃതർ വെളിപ്പെടുത്തി. ഇറാൻ പിന്തുണയുള്ള സായുധ സംഘമാണ്​ ആക്രമണത്തിന്​ പിന്നിലെന്ന്​ ജോ ബൈഡൻ പറഞ്ഞു. ഇറാഖിലെ ഇസ്​ലാമിക്​ ​റെസിസ്​റ്റൻസ്​ വിഭാഗം ഉത്തരവാദിത്തം ഏറ്റതായി വാഷിങ്​ടൺ പോസ്​റ്റ്​ റിപ്പോർട്ട്​ ചെയ്​തു. ഗസ്സയിൽ ഇസ്രായേലി​ന്‍റെ കൊടും ക്രൂരതക​ളെ പിന്തുണക്കുന്നത്​ അവസാനിപ്പിക്കും വരെ മേഖലയിലെ യു.എസ്​ കേന്ദ്രങ്ങൾക്ക്​ നേരെ ആക്രമണം തുടരുമെന്ന്​ സായുധവിഭാഗം അറിയിച്ചതായും പത്രം വെളിപ്പെടുത്തി. ആക്രമണത്തെ ജോർദാൻ അപലപിച്ചു.ഇറാഖിലും സിറിയയിലും ഏതു സമയവും അമേരിക്കൻ പ്രത്യാക്രമണ സാധ്യത കൂടുതലാണ്​.

അതിനിടെ, ഗസ്സയിലെ ഖാൻ യൂനുസിലും മറ്റും ഇസ്രായേൽ ആക്രമണം കൂടുതൽ രൂക്ഷമായി. ആശുപത്രികളിലെ സ്​ഥിതി ഏറെ ദയനീയമായതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഇന്നലെ മാത്രം 165 പേരാണ്​ ​കൊല്ലപ്പെട്ടത്​. 290 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. ​ഗസ്സയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 26,422 ആയി. പരിക്കേറ്റവരുടെ എണ്ണം 65,087 ത്തിൽ എത്തി.

ഖത്തർ, ഈജിപ്​ത്​, അമേരിക്ക എന്നീ രാജ്യങ്ങളുടെ മധ്യസ്​ഥതയിൽ പാരീസിൽ തുടരുന്ന ബന്ദിമോചന ചർച്ചയിൽ കാര്യമായ പുരോഗതിയില്ല. രണ്ടു മാസത്തെ വെടിനിർത്തലിനൊപ്പം ബന്ദിമോചനവും തടവുകാരുടെ കൈമാറ്റവും സംബന്ധിച്ച്​ ഏറെക്കുറെ വിശാല ധാരണ രൂപ​പ്പെടുത്താനായെങ്കിലും ഇസ്രായേലും ഹമാസും കൈക്കൊള്ളുന്ന നിലപാടുകൾ നിർണായകമാകും. ലക്ഷ്യം നേടാതെ യുദ്ധം അവസാനിപ്പിക്കില്ലെന്ന്​ ഇസ്രായേലും ആക്രമണം പൂർണമായി അവസാനിപ്പിക്കാതെ വെടിനിർത്താൻ ഒരുക്കമല്ലെന്ന്​ ഹമാസും മധ്യസ്​ഥ രാജ്യങ്ങളെ അറിയിച്ചതായാണ്​ വിവരം.

അതിനിടെ, ഗസ്സയിൽ നിന്ന്​ ഫലസ്​തീനികളെ പുറന്തള്ളി, ജൂത കുടിയേറ്റത്തിന്​ അനുമതി നൽകണമെന്ന ആവശ്യവുമായി വിളിച്ചു ചേർത്ത സമ്മേളനത്തിൽ ഇസ്രായേൽ സർക്കാറിലെ 12 മന്ത്രിമാർ പ​ങ്കെടുത്തതായി ജർമൻ വാർത്താ ഏജൻസി റിപ്പോർട്ട്​ ചെയ്​തു. ഗസ്സയിൽ യു.എൻ അഭയാർഥി ഏജൻസിക്കുള്ള ഫണ്ട്​ പിൻവലിക്കാനുളള അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ തീരുമാനത്തെ ഇസ്രായേൽ സ്വാഗതം ചെയ്​തു

Similar Posts