'ഗസ്സ വംശഹത്യക്ക് പിന്തുണ നൽകുന്നവർക്ക് വോട്ട് ചെയ്യാൻ നിർബന്ധിതരാകുന്നു'; യുഎസ് തെരഞ്ഞെടുപ്പിൽ അറബ് വംശജർ എങ്ങനെ വിധിയെഴുതും?
|ഗസ്സയിലെ വംശഹത്യയിൽ തുല്യദുഃഖിതരായ അറബ് വംശജർക്ക് യുഎസ് തെരഞ്ഞെടുപ്പിൽ ആരെ പിന്തുണയ്ക്കുമെന്നതിൽ ഏകകണ്ഠമായ അഭിപ്രായമില്ല.
മിഷിഗൺ: അമേരിക്കൻ ഐക്യനാടുകളുടെ 47-ാം പ്രസിഡന്റ് ആരാവണമെന്ന് വിധിയെഴുതാൻ മണിക്കൂറുകൾ മാത്രം ശേഷിക്കുമ്പോൾ അറബ് വംശജരായ വോട്ടർമാർ എന്ത് തീരുമാനമെടുക്കുമെന്നാണ് പാർട്ടികൾ ഉറ്റുനോക്കുന്നത്. ഗസ്സയിലും ലബനാനിലും ഇസ്രായേൽ നടത്തുന്ന വംശഹത്യക്ക് എല്ലാ പിന്തുണയും നൽകുന്ന നിലവിലെ വൈസ് പ്രസിഡന്റ് കമലാ ഹാരിസാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി. മറുഭാഗത്ത് അതിലും തീവ്ര വലതുപക്ഷ നിലപാട് സ്വീകരിക്കുന്ന ഡൊണാൾ ട്രംപാണ്. ഇതിനിടെ എന്ത് നിലപാട് സ്വീകരിക്കുമെന്ന അനിശ്ചിതത്വത്തിലാണ് അറബ് വംശജർ.
''ഞങ്ങൾ ദുഃഖിതരാണ്... ഞങ്ങൾ അസ്വസ്ഥരാണ്... ഞങ്ങൾ ക്ഷുഭിതരാണ്... ഞങ്ങളുടെ ഹൃദയം തകർന്നിരിക്കുകയാണ്... ഞങ്ങൾ വഞ്ചിക്കപ്പെട്ടിരിക്കുന്നു...ഗസ്സയിൽ ഇപ്പോഴും ബോംബുകൾ വർഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. എല്ലാ ദുഃഖങ്ങളും മാറ്റിവെച്ച് ഗസ്സയിലെ വംശഹത്യ അവസാനിപ്പിക്കാൻ ഒരു പദ്ധതിയുമില്ലാത്ത ഏതെങ്കിലും ഒരു സ്ഥാനാർഥിക്ക് വോട്ട് ചെയ്യേണ്ട അവസ്ഥയിലാണ് ഞങ്ങൾ''-ഫലസ്തീൻ-അമേരിക്കൻ ആക്ടിവിസ്റ്റായ ലൈല എലാബെഡ് പറഞ്ഞു.
അറബ് വംശജരുടെ വോട്ട് നിർണായകമായ സംസ്ഥാനമാണ് മിഷിഗൺ. 'അറബ് അമേരിക്ക' എന്നാണ് മിഷിഗൺ അറിയപ്പെടുന്നത്. ഗസ്സയിലെ വംശഹത്യക്ക് പിന്തുണ കൊടുക്കുന്നതിൽനിന്ന് ജോ ബൈഡനെയും കമലാ ഹാരിസിനെയും പിന്തിരിപ്പിക്കുന്നതിനായി തുടങ്ങിയ 'അൺകമ്മിറ്റഡ്' എന്ന പേരിൽ ഒരു കാമ്പയിൻ മിഷിഗണിൽ തുടങ്ങിയിരുന്നു. അതിന്റെ നേതാവാണ് ലൈല എലാബെഡ്.
വംശഹത്യ അവസാനിപ്പിക്കാൻ ഇരു സ്ഥാനാർഥികളും ഒരു നടപടിയും സ്വീകരിക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്നാണ് ഫലസ്തീൻ കുടിയേറ്റക്കാരായ പലരുടെയും അഭിപ്രായം. അതേസമയം വിദേശനയത്തിൽ ട്രംപിനെക്കാൾ നല്ലത് ഡെമോക്രാറ്റുകളാണ് എന്നതിനാൽ കമലാ ഹാരിസിനെ പിന്തുണയ്ക്കുമെന്ന് പറയുന്നവരും ഉണ്ട്. എന്നാൽ യുദ്ധവിരുദ്ധനായി സ്വയം വിശേഷിപ്പിക്കുന്ന ട്രംപാണ് കമലയെക്കാൾ മെച്ചമെന്നാണ് അദ്ദേഹത്തെ പിന്തുണയക്കുന്നവരുടെ വാദം.
കമലയും ട്രംപുമല്ലാത്ത മൂന്നാമത്തെ ഓപ്ഷൻ തിരഞ്ഞെടുക്കണമെന്നാണ് എലാബഡ് അടക്കമുള്ളവരുടെ അഭിപ്രായം. ഗ്രീൻ പാർട്ടി സ്ഥാനാർ ജിൽ സെറ്റെയ്‌നിനെയാണ് ഇവർ പിന്തുണയ്ക്കുന്നത്. ആക്ടിവിസ്റ്റും ഡോക്ടറുമായ സ്‌റ്റെയ്ൻ 2012ലും 2016ലും ഗ്രീൻ പാർട്ടി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. 2016ൽ ട്രംപിന്റെ വിജയത്തിന് സഹായിച്ചത് സ്റ്റെയ്‌നിന്റെ സ്ഥാനാർഥിത്വമാണെന്ന് ഡെമോക്രാറ്റുകൾ ആരോപിച്ചിരുന്നു.
2020ൽ താൻ ബൈഡനായിരുന്നു വോട്ട് ചെയ്തതെന്ന് ലെബനീസ് വംജയായ ഗവേഷക വിദ്യാർഥി അലീസ ഹക്കീം പറഞ്ഞു. ട്രംപിനെക്കാൾ മെച്ചം ബൈഡനാണെന്ന് കരുതിയാണ് അത് ചെയ്തത്. നാല് വർഷങ്ങൾക്കിപ്പുറം വലിയ വംശഹത്യക്കാണ് ബൈഡന്റെ പിന്തുണയിൽ ലോകം സാക്ഷ്യം വഹിക്കുന്നത്. ഇത്തവണ തന്റെ വോട്ട് ട്രംപിനോ കമലക്കോ ആയിരിക്കില്ലെന്നും അലിസ പറഞ്ഞു.
ഗസ്സ വംശഹത്യയിൽ തുല്യ ദുഃഖിതരാണെങ്കിലും യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എന്ത് നിലപാട് സ്വീകരിക്കണമെന്നതിൽ ഏകകണ്ഠമായ അഭിപ്രായത്തിലെത്താൻ അറബ് അമേരിക്കക്കാർക്ക് കഴിയുന്നില്ല. കഴിഞ്ഞ തവണ അറബ് വംശജരുടെ കേന്ദ്രമായ ഡിയർബോണിൽ 80 ശതമാനം വോട്ടും നേടിയത് ബൈഡനായിരുന്നു. മിഷിഗണിൽ അദ്ദേഹത്തിന്റെ വിജയത്തിൽ നിർണായകമായത് ഇതാണ്. എന്നാൽ ഇത്തവണ വോട്ടെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്ന് പറയുന്നവരും ട്രംപാണ് കൂടുതൽ സത്യസന്ധനെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ട്രംപിനെയും കമലയെയും ഒഴിവാക്കി ഗ്രീൻ പാർട്ടിയെ പിന്തുണയ്ക്കണമെന്ന് പറയുന്നവർക്കാണ് ഭൂരിപക്ഷമെന്നാണ് വിലയിരുത്തപ്പെടുന്നത്.