നെക്ക് ആൻഡ് നെക്ക് പോരാട്ടം; വിസ്കോണ്‍സിനിൽ കമലയ്ക്ക് മുൻതൂക്കം
|അഞ്ചിടത്താണ് വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്
വാഷിംഗ്ടണ്‍: ലോകം ഉറ്റുനോക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മുന്‍ പ്രസിഡന്റും റിപ്പബ്ബിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡോണാള്‍ഡ് ട്രംപിനാണ് മുന്‍തൂക്കം. ഏഴ് സ്വിങ് സ്റ്റേറ്റുകളില്‍ മൂന്നിടത്തും ട്രംപിനാണ് മുന്നേറ്റം. അഞ്ചിടത്താണ് വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.
പെന്‍സില്‍വാനിയ, ജോര്‍ജിയ, നോര്‍ത്ത് കരോലിന എന്നീ മൂന്ന് സ്റ്റേറ്റുകളില്‍ ട്രംപാണ് ലീഡ് ചെയ്യുന്നത്. നേരത്തെ ട്രംപ് മുന്നേറിയിരുന്ന വിസ്കോണ്‍സിനില്‍ കമലയ്ക്കാണ് മുന്‍തൂക്കം. നെക്ക് ആന്‍ഡ് നെക്ക് പോരാട്ടമാണ് സ്വിങ് സ്റ്റേറ്റുകളില്‍ കാണാനാകുന്നത്. മിഷിഗണിലും കമലയാണ് ലീഡ് ചെയ്യുന്നത്. പെന്‍സില്‍വാനിയ ജയിച്ചാല്‍ അമേരിക്ക കൈപ്പിടിയിലാക്കാം എന്നാണ് ചൊല്ല്. എന്നാല്‍ വിസ്കോണ്‍സും നിര്‍ണായകമായ സ്റ്റേറ്റാണ്. കഴിഞ്ഞ തവണ വിസ്കോണ്‍സില്‍ ആധിപത്യം പുലര്‍ത്തിയ ജോ ബൈഡന് പിന്നീട് യുഎസ് പ്രസിഡന്റായ കാഴ്ചയാണ് കണ്ടത്.
റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപ് വൈറ്റ് ഹൗസിലേക്ക് രണ്ടാം തവണയും വിജയിക്കാൻ ശ്രമിക്കുമ്പോൾ, നിലവിലെ വൈസ് പ്രസിഡൻ്റും ഡെമോക്രാറ്റിക് നോമിനിയുമായ കമല യുഎസിൻ്റെ ആദ്യ വനിതാ പ്രസിഡൻ്റായി ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. അരിസോണ, നെവാഡ, ജോർജിയ, നോർത്ത് കരോലിന, വിസ്കോൺസിൻ, മിഷിഗൺ, പെൻസിൽവാനിയ എന്നീ സംസ്ഥാനങ്ങളാണ് വിധി നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. ഇരുവർക്കും പ്രസിഡൻ്റ് സ്ഥാനത്തേക്ക് വിജയിക്കാൻ കുറഞ്ഞത് 270 ഇലക്ടറൽ വോട്ടുകൾ ആവശ്യമാണ്.