തെരഞ്ഞെടുപ്പിന് ശേഷം ഗസ്സ വംശഹത്യ അവസാനിപ്പിക്കാൻ യുഎസ് സമ്മർദം ശക്തമാക്കുമെന്ന് റിപ്പോർട്ട്
|യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ആര് വിജയിച്ചാലും വംശഹത്യ അവസാനിപ്പിക്കാൻ ബൈഡൻ ഭരണകൂടം നടത്തിയ ശ്രമങ്ങളുടെ തുടർച്ചയുണ്ടാവുമെന്നാണ് ഇസ്രായേൽ മാധ്യമമായ 'ഹാരറ്റ്സ്' റിപ്പോർട്ട് ചെയ്യുന്നത്.
വാഷിങ്ടൺ: പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ആര് ജയിച്ചാലും ഗസ്സ വംശഹത്യ അവസാനിപ്പിക്കാൻ ഇസ്രായേലിനുമേൽ യുഎസ് സമ്മർദം ശക്തമാക്കുമെന്ന് റിപ്പോർട്ട്. ബൈഡൻ ഗവൺമെന്റ് അവസാന രണ്ടര മാസത്തിൽ ഗസ്സയിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാൻ ഇടപെടൽ നടത്തിയിരുന്നു. അന്താരാഷ്ട്ര വേദിയിൽ ഇസ്രായേലിനെ സംരക്ഷിക്കാതിരുന്നതും ഇസ്രായേലിന് ആയുധം നൽകുന്നത് മന്ദഗതിയിലാക്കിയതും ഇതിന്റെ ഭാഗമായിരുന്നുവെന്നും ഇസ്രായേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് 'ഹാരറ്റ്‌സ്' റിപ്പോർട്ട് ചെയ്തു.
യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും കഴിഞ്ഞ മാസം ഇസ്രായേൽ ഭരണകൂടത്തിന് എഴുതിയ കത്ത് അടിസ്ഥാനമാക്കിയാണ് ഉദ്യോഗസ്ഥർ ഈ നിരീക്ഷണം നടത്തുന്നത്. ഗസ്സയിലേക്ക് സഹായമെത്തിക്കാനുള്ള സംവിധാനങ്ങൾ 30 ദിവസത്തിനുള്ളിൽ ഘട്ടം ഘട്ടമായി മെച്ചപ്പെടുത്തിയില്ലെങ്കിൽ ആയുധങ്ങൾ കൈമാറുന്നതടക്കമുള്ള സഹായങ്ങൾ നിർത്തിവെക്കുമെന്നായിരുന്നു യുഎസ് മുന്നറിയിപ്പ്.
യുഎസ് നൽകിയ സമയപരിധി ഒരാഴ്ചക്കുള്ളിൽ അവസാനിക്കും. പക്ഷേ ഗസ്സയിലേക്ക് സഹായമെത്തിക്കുന്നതിൽ കാര്യമായ വർധനയുണ്ടായിട്ടില്ല. ഐക്യരാഷ്ട്ര സഭയുടെ റിലീഫ് ഏജൻസിയുടെ പ്രവർത്തനം തടസ്സപ്പെടുത്തരുതെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഗസ്സയിൽ സഹായം വിതരണം ചെയ്യുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്നത് യുഎൻ ഏജൻസിയാണ്. എന്നാൽ യുഎൻ റിലീഫ് ഏജൻസിയുടെ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തുന്ന രണ്ട് ബില്ലുകളാണ് ഇസ്രായേൽ പാർലമെന്റ് പാസാക്കിയത്.
ബൈഡൻ ഭരണകൂടത്തിന്റെ ശക്തമായ സമ്മർദത്തെ തുടർന്ന് അവശ്യസാധനങ്ങളുമായെത്തുന്ന കൂടുതൽ ട്രക്കുകൾ ഗസ്സയിലേക്ക് കടത്തിവിടാൻ നെതന്യാഹു നിർദേശം നൽകിയിരുന്നു. ഇതിന് ശേഷവും കാര്യമായ സഹായം ഗസ്സയിലേക്ക് എത്തിയിട്ടില്ലെന്നാണ് യുഎസ് ഉദ്യോഗസ്ഥർ പറയുന്നത്. ഒരു ദിവസം 400ൽ കൂടുതൽ ട്രക്കുകൾ ഗസ്സയിലേക്ക് കടത്തിവിടണമെന്നാണ് യുഎസ് ആവശ്യപ്പെട്ടത്. എന്നാൽ ഇപ്പോൾ കടത്തിവിടുന്ന ട്രക്കുകളുടെ എണ്ണം അതിന്റെ അടുത്ത് പോലും എത്തിയിട്ടില്ല. ഇസ്രായേലിന്റെ വിശദീകരണം തൃപ്തികരമല്ല. ഫലസ്തീൻ ജനതയെ വടക്കൻ ഗസ്സയിൽനിന്ന് കൂട്ടത്തോടെ കുടിയൊഴിപ്പിക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നതെന്ന് സംശയമുണ്ടെന്നും യുഎസ് നയതന്ത്ര ഉദ്യോഗസ്ഥർ ഹാരറ്റ്‌സിനോട് പറഞ്ഞു.
വടക്കൻ ഗസ്സയിലെ ജനങ്ങളെ കൂട്ടത്തോടെ ഒഴിപ്പിക്കുന്നതിൽ ബൈഡൻ ഭരണകൂടത്തിന് കടുത്ത എതിർപ്പുണ്ട്. ഇത് കൂട്ടമരണത്തിന് കാരണമാകുമെന്നാണ് യുഎസ് വിലയിരുത്തൽ. വിരമിച്ച ഇസ്രായേലി മേജർ ജനറലായ ജിയോറ ഈലൻഡ് ആണ് വടക്കൻ ഗസ്സയിൽനിന്ന് കുടിയൊഴിപ്പിക്കാനുള്ള പ്ലാൻ തയ്യാറാക്കിയത്. ഹമാസിനെ സമ്മർദത്തിലാക്കി ബന്ദിമോചനം വേഗത്തിലാക്കാനാണ് ഇത്തരമൊരു പ്ലാൻ തയ്യാറാക്കിയത് എന്നാണ് ഈലൻഡ് പറയുന്നത്. എന്നാൽ വടക്കൻ ഗസ്സയിലും ഇസ്രായേലി കുടിയേറ്റത്തിനുള്ള ശ്രമമാണെന്നാണ് യുഎസ് സംശയിക്കുന്നത്.
വടക്കൻ ഗസ്സയിലേക്ക് കയ്യേറ്റം വ്യാപിപ്പിക്കുന്നത് തന്റെ നയമല്ലെന്ന് നെതന്യാഹു ആവർത്തിക്കുന്നുണ്ടെങ്കിലും തീവ്ര വലതുപക്ഷത്തെ തൃപ്തിപ്പെടുത്താൻ അത്തരമൊരു തീരുമാനത്തിലേക്ക് നെതന്യാഹു നീങ്ങിയേക്കുമെന്ന ഭയം യുഎസിനുണ്ട്. അത്തരമൊരു പദ്ധതി ഇസ്രായേൽ നടപ്പാക്കുകയാണെങ്കിൽ ശക്തമായി പ്രതികരിക്കാൻ യുഎസ് നിർബന്ധിതരാകുമെന്ന് നയതന്ത്ര ഉദ്യോഗസ്ഥർ പറഞ്ഞു. ഇസ്രായേലിനുള്ള ആയുധവിതരണം വൈകിപ്പിക്കുക, യുഎൻ രക്ഷാസമിതിയിലെ ഇസ്രായേൽ വിരുദ്ധ പ്രമേയങ്ങൾ വീറ്റോ ചെയ്യാതിരിക്കുക, തീവ്ര വലതുപക്ഷ ഇസ്രായേലി നേതാക്കൾക്കെതിരായ ഉപരോധം കടുപ്പിക്കുക തുടങ്ങിയ നടപടികളിലേക്ക് നീങ്ങേണ്ടിവരുമെന്ന് യുഎസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
ഗസ്സയിലെ വംശഹത്യ അവസാനിപ്പിക്കുന്നതിൽ ബൈഡൻ ഭരണകൂടം നടത്തിയ ശ്രമങ്ങളുടെ തുടർച്ച പുതിയ പ്രസിഡന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്നാണ് യുഎസ് ഉദ്യോഗസ്ഥർ പറയുന്നത്. ഡൊണാൾഡ് ട്രംപും കമലാ ഹാരിസും ഇസ്രായേൽ പക്ഷപാതികളാണ്. എങ്കിലും യുഎസിലെ അറബ് അമേരിക്ക എന്നറിയപ്പെടുന്ന മിഷിഗണിൽ പ്രാചരണത്തിനെത്തിയ ഇരു നേതാക്കളും ഗസ്സയിലെ വംശഹത്യ അവസാനിപ്പിക്കാനും പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനും നേതൃത്വം വഹിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.