'ആകാശത്തൊരു പച്ചവെളിച്ചം, പിന്നീട് മനുഷ്യരല്ലാത്ത കുറച്ചുപേർ കയറിവന്നു': വീട്ടുവളപ്പിൽ അന്യഗ്രഹജീവികളെന്ന് യുഎസ് ദമ്പതികൾ
|"എട്ടടിയോളം വരുന്ന ഭീമാകാരമായ ജീവികൾ വീട്ടുവളപ്പിൽ നിൽക്കുന്നതാണ് കണ്ടത്, അവയ്ക്ക് വളരെ വലിയ കണ്ണുകളുണ്ടായിരുന്നു"
വീട്ടുവളപ്പിൽ അന്യഗ്രഹജീവികളെത്തിയെന്ന അവകാശവാദവുമായി യുഎസ് ദമ്പതികൾ. ആകാശത്ത് പൊടുന്നനെ പ്രത്യക്ഷപ്പെട്ട പച്ചവെളിച്ചത്തിന് പിന്നാലെ എന്തോ ഒന്ന് താഴേക്ക് വീണു എന്നും തുടർന്ന് മനുഷ്യരല്ലാത്ത കുറച്ചുപേർ വീട്ടുവളപ്പിലെത്തിയെന്നും ലാസ് വേഗസ് സ്വദേശികളായ ദമ്പതികൾ പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
"ആകാശത്ത് ഒരു പച്ചവെളിച്ചം കണ്ടാണ് നോക്കുന്നത്. പൊടുന്നനെ എന്തോ ഒന്ന് താഴേക്ക് വീണു. ഒരു എനർജി ഉടനെ തന്നെ അനുഭവപ്പെടുകയും ചെയ്തു. അൽപസമയത്തിന് ശേഷം കുറച്ച് കാലടിയൊച്ചകൾ കേൾക്കാനായി. പിന്നീട് നോക്കിയപ്പോൾ ഞെട്ടിത്തരിക്കുന്ന കാഴ്ചകളാണ് കണ്ടത്. ഏകദേശം എട്ടടിയോളം വരുന്ന ഭീമാകാരമായ ജീവികൾ വീട്ടുവളപ്പിൽ നിൽക്കുന്നു. അവയ്ക്ക് വളരെ വലിയ കണ്ണുകളുണ്ടായിരുന്നു. ഞങ്ങളെത്തന്നെ നോക്കി നിൽക്കുകയായിരുന്നു അവർ. മനുഷ്യന്മാരല്ല അവരെന്ന് നൂറ് ശതമാനം ഉറപ്പ് പറയാം". ദമ്പതികൾ പറയുന്നു.
മെയ് 1ന് നടന്ന സംഭവത്തിന്റെ ക്യാമറ ഫൂട്ടേജ് ലാസ് വേഗസ് പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. മിന്നൽ വേഗത്തിൽ എന്തോ ഒരു വെളിച്ചം ആകാശത്ത് സഞ്ചരിക്കുന്നതായാണ് ഫൂട്ടേജിലുമുള്ളത്. കാലിഫോർണിയ, നെവാഡ, യൂട്ടാഹ് എന്നിവിടങ്ങളിലും ആകാശത്ത് ഇത്തരം വെളിച്ചം കണ്ടതായി അമേരിക്കൻ മെറ്റിയോർ സൊസൈറ്റി അറിയിച്ചു.
എന്നാൽ ദമ്പതികളുടെ വീട്ടുമുറ്റത്ത് തെരച്ചിൽ നടത്തിയ പൊലീസ് അസ്വാഭാവികമായി ഒന്നു കണ്ടെത്താൻ സാധിക്കാത്തതിനാൽ കേസ് അവസാനിപ്പിച്ചു. പ്രവർത്തനരഹിതമായ അന്യഗ്രഹപേടകങ്ങൾ യുഎസ് കൈവശം വയ്ക്കാറുണ്ടെന്ന മുൻ ഇന്റലിജൻസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് വീണ്ടും അന്യഗ്രഹജീവികളും പറക്കുംതളികകളും വാർത്തകളിലിടം പിടിച്ചിരിക്കുന്നത്.