World
US has agreed to send more bombs and warplanes to Israel, sources say
World

ഗസ്സയിൽ കൂട്ടക്കുരുതി തുടരുന്ന ഇസ്രായേലിന്​ കൂടുതൽ ആയുധങ്ങൾ കൈമാറാനൊരുങ്ങി അമേരിക്ക

Web Desk
|
30 March 2024 1:17 AM GMT

ഗസ്സ സിറ്റിയിൽ ഓടുന്ന കാറിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് കുഞ്ഞുങ്ങളടക്കം എട്ടുപേർ കൊല്ലപ്പെട്ടു

ദുബൈ:റഫ ആക്രമണ പദ്ധതിയിൽ ഉറച്ചുനിൽക്കുന്ന ഇസ്രായേലിന്​ കൂടുതൽ ആയുധങ്ങൾ കൈമാറാനുറച്ച്​ അമേരിക്ക.പുതുതായി 25 എഫ്​ 35 പോർവിമാനങ്ങളും എഞ്ചിനുകളും ഉൾപ്പെടെ രണ്ടര ബില്യൻ ഡോളറി​ന്റെ ആയുധങ്ങളാകും നൽകുക.

ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ്​ ഗാലൻറുമായി നടന്ന ചർച്ചകളുടെ അടിസ്​ഥാനത്തിലാണ്​ കൂടുതൽ ആയുധങ്ങൾ കൈമാറാനുള്ള അമേരിക്കൻ തീരുമാനം. ഇസ്രായേലി​ന്റെ താൽപര്യങ്ങൾക്കൊപ്പം നിലയുറപ്പിക്കുകയെന്ന പ്രഖ്യാപിത നിലപാടി​ന്റെ ഭാഗമാണ്​ പുതിയ ആയുധ കൈമാറ്റമെന്ന്​ യു.എസ്​ സ്​റ്റേറ്റ്​ വകുപ്പ്​ ഉദ്യാഗസ്​ഥരെ ഉദ്ധരിച്ച്​ വാഷിങ്​ടൺ പോസ്​റ്റ്​ റിപ്പോർട്ട്​ ചെയ്​തു.

പോർ വിമാനങ്ങൾക്ക് പുറമെ 1800 ൽ അധികം എം.കെ 84 ബോംബുകളും ഇസ്രായേലിനു കൈമാറും.റഫക്കു നേരെയുള്ള ഇസ്രായൽ ആക്രമണത്തിൽ എതിർപ്പുണ്ടെങ്കിലും ആയുധസഹായം നിർത്തി വെക്കേണ്ട സാഹചര്യം ഇല്ലെന്നാണ്​ ബൈഡൻ ഭരണകൂടത്തി​ന്റെ വിലയിരുത്തൽ.

അതെ സമയം ഗസ്സയിൽ ക്രൂരമായ ആക്രമണം തുടരുകയാണ്​ ഇസ്രായേൽ. ഗസ്സ സിറ്റിയിൽ ഓടുന്ന കാറിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് കുഞ്ഞുങ്ങളടക്കം എട്ടുപേർ കൊല്ലപ്പെട്ടു. ഗസ്സ സിറ്റിയിലെ ഷുജയക്ക് സമീപമുള്ള സലാഹുദ്ദീൻ സ്ട്രീറ്റിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിന് നേരെയാണ് വ്യോമാക്രമണം ഉണ്ടായത്​.

ഗസ്സ സിറ്റിയിലെ ഷുജയ്യക്ക് സമീപം പൊലീസ് സ്റ്റേഷന് നേരെ നടത്തിയ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. ഒരുപൊലീസ് ഉദ്യോഗസ്ഥനും 16 സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്. ഗസ്സയിൽ ഇതിനകം കൊല്ലപ്പെട്ടവരുടെ എണ്ണം 32,623 ആയി. 75,092 പേർക്ക് പരിക്കേറ്റതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേ സമയം ഖാൻ യൂനിസിൽ ഹമാസ് ആക്രണത്തിൽ ഒരു ഇസ്രായേൽ അധിനിവേശ സൈനികൻ കൊല്ലപ്പെട്ടു. 16 സൈനികർക്ക് പരിക്കേറ്റു. ഇതിൽ ആറുപേരുടെ നില ഗുരുതരമാ​ണെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് അറിയിച്ചു. പടിഞ്ഞാറൻ ഖാൻ യൂനിസിലെ അൽഅമലിന് സമീപം ഇസ്രായേൽ അധിനിവേശ സേന സ്ഥാപിച്ച ഗാർഡ് പോസ്റ്റിന് നേരെയാണ് ഹമാസി​ന്റെ മി​സൈൽ ആക്രമണം.

സിറിയയിലെ അലപ്പോയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരിക്കെ,കടുത്ത പ്രസ്​താവനയുമായി റഷ്യ രംഗത്തുവന്നു. സിറിയയുടെ പരമാധികാരത്തിനു മേലുള്ള കടന്നാക്രമണം അപകടകരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും യുദ്ധവ്യാപനത്തിന്​ ആക്കം കൂട്ടുമെന്നും റഷ്യ പ്രതികരിച്ചു.

ലബനാനു നേരെയുള്ള ഇസ്രായേൽ ആക്രമണം ഇന്നലെയും തുടർന്നു. ഇസ്രായേൽ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച്​ ഹിസ്​ബുല്ല നിരവധി മിസൈലുകൾ അയച്ചു. ഇതി​നുള്ള തിരിച്ചടി​യാണ്​ വ്യോമാക്രമണമെന്ന്​ സേന പ്രതികരിച്ചു.

പട്ടിണി പിടിമുറുക്കിയ വടക്കൻ ഗസ്സയിലേക്ക്​ കൂടുതൽ സഹായം എത്തിക്കാനുള്ള ലോകത്തി​െൻറ അഭ്യർഥന നടപ്പാക്കാൻ ഇസ്രായേൽ ഇനിയും തയാറായിട്ടില്ല. അന്താരാഷ്​ട്ര നീതിന്യായ കോടതിയുടെ നിർദേശവും ഇസ്രായേൽ തള്ളുകയാണ്​.

Related Tags :
Similar Posts