കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങി ആയിരങ്ങൾ; ഗസ്സയിൽ യുദ്ധം തുടരുന്നതിൽ എതിർപ്പില്ലെന്ന് അമേരിക്ക
|ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ 24 മണിക്കൂറിനുള്ളിൽ നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടു
ഗസ്സ സിറ്റി: ഗസ്സയിൽ യുദ്ധം തുടരുന്നതിനോട് എതിർപ്പില്ലെന്ന് അമേരിക്ക. യുദ്ധം മാസങ്ങൾ നീണ്ടുനിൽക്കുമെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി യോവ് ഗാലെന്റ് വ്യക്തമാക്കി. ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ 24 മണിക്കൂറിനുള്ളിൽ നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടു. കരയുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 117 ആയെന്ന് ഇസ്രായേൽ അറിയിച്ചു.
ഖാൻ യൂനിസിലെ യുഎൻ സ്കൂളും ഇസ്രായേൽ ബോബിട്ട് തകർത്തു. റഫയിലും കനത്ത ആക്രമണമാണ് തുടരുന്നത്. ആയിരങ്ങൾ ഇപ്പോഴും കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇസ്രായേൽ ഫോൺ സേവനം തകർത്തത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു.
വടക്കൻ ഗസ്സയിലെ കമാൽ അദ്വാൻ ആശുപത്രിയിൽ ഇസ്രായേൽ സേന ഇന്നും റെയ്ഡ് നടത്തി. 2,500 പേരാണ് ആശുപത്രിയിൽ കുടുങ്ങിക്കിടക്കുന്നതെന്ന് യുഎൻ ഏജൻസി അറിയിച്ചു.. 28കാരനായ ബന്ദിയുടെ മൃതദേഹം ഗസ്സയിൽ നിന്ന് ലഭിച്ചെന്ന് ഇസ്രായേൽ അവകാശപ്പെട്ടു.
ഗസ്സയിൽ ആക്രമണം തുടരുന്നത് ബന്ദി മോചനം അസാധ്യമാക്കിയേക്കുമെന്നും ഇക്കാര്യം നെതന്യാഹുവിനെ അറിയിച്ചെന്നും റെഡ് ക്രോസ് അധ്യക്ഷ മരിയാന സ്പോൽജറിക് വ്യക്തമാക്കി. വെസ്റ്റ് ബാങ്കിൽ രണ്ട് ദിവസത്തിലേറെ നീണ്ട ഇസ്രായേൽ റെയ്ഡിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി. നൂറുകണക്കിന് പേരെയാണ് സേന പിടിച്ചുകൊണ്ടുപോയത്.
സാധാരണക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ ശ്രദ്ധിക്കണമെന്ന് ഇസ്രായേലിനോട് അമേരിക്ക ആവശ്യപ്പെട്ടു. ഇസ്രായേലി യുദ്ധകാല ക്യാബിനറ്റിൽ പങ്കെടുത്ത യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവനാണ് ആവശ്യം ഉന്നയിച്ചത്. ഇസ്രായേലിൽ നെതന്യാഹു ഉടൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രകിഷേധം കനക്കുകയാണ്. നെതന്യാഹുവിന്റെ വീടിന് മുന്നിൽ ആയിരങ്ങളാണ് പ്രതിഷേധിച്ചത്. വെടിനിർത്തൽ ആവശ്യപ്പെട്ട് യുഎസിലെ എട്ട് നഗരങ്ങളിൽ വിവിധ ജൂത സംഘടനകൾ പ്രതിഷേധിച്ചു. റോഡ് ഉപരോധിച്ചായിരുന്നു പ്രതിഷേധം.