'ആക്രമണത്തിൽ പങ്ക്, സയണിസ്റ്റ് യുദ്ധ വിമാനങ്ങൾക്ക് വഴിയൊരുക്കിയത് യുഎസ്': ഇറാന്‍
|ഇറാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണം ഏതെങ്കിലും തരത്തിൽ പാളിപോയിരുന്നുവെങ്കിൽ ഇസ്രായേൽ പൈലറ്റുമാരെ സഹായിക്കാനായി യുഎസ് യുദ്ധ വിമാനങ്ങൾ തയ്യാറാക്കിയിരുന്നതാണ് വിവരം
തെഹ്‌റാൻ: ശനിയാഴ്ച ഇറാനിലുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ യുഎസിന് പങ്കുണ്ടെന്ന് ഇറാൻ അധികൃതർ. അമേരിക്ക ഇതിൽ പൂർണ പങ്കാളികളായിരുന്നുവെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അഗ്‌രാചിയുടെ പ്രതികരണം. ആക്രമണം നടത്താൻ സയണിസ്റ്റ് എയർ ഫോഴ്‌സിന് വഴിയൊരുക്കികൊടുത്തത് യുഎസ് ആണ്. ആക്രമണത്തിനിടെ ഇസ്രായേലുപയോഗിച്ച പ്രതിരോധ സംവിധാനങ്ങൾ ഇതിലെ യുഎസിന്റെ പങ്ക് വെളിപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഇറാൻ ആക്രമണത്തിലെ യുഎസിന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകളാണ് പുറത്തുവരുന്നത്. ഇറാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണം ഏതെങ്കിലും തരത്തിൽ പാളിപോയിരുന്നുവെങ്കിൽ ഇസ്രായേൽ പൈലറ്റുമാരെ സഹായിക്കാനായി യുഎസ് യുദ്ധ വിമാനങ്ങൾ തയ്യാറാക്കിയിരുന്നതാണ് വിവരം. ഇക്കാര്യം ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇറാനെതിരായ ഓപ്പറേഷൻ വിജയിച്ചില്ലെങ്കിൽ പൈലറ്റുമാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ ഇസ്രായേലും യുഎസും ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട് എന്നാണ് ഇസ്രായേൽ ആർമി റേഡിയേ പ്രക്ഷേപണം ചെയ്തത്.
സംഭവത്തിനു പിന്നാലെ സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ആക്രമണമെന്ന് പ്രതികരിച്ച യുഎസ് ഇസ്രായേലിനെ പിന്തുണക്കുകയായിരുന്നു. ആക്രമണത്തെകുറിച്ച് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവന് അറിയാമായിരുന്നുവെന്നും കൃത്യംനടക്കുന്ന സമയത്ത് തന്നെ പ്രസിഡന്റ് ജോ ബൈഡനെ വിവരം ധരിപ്പിച്ചിരുന്നുവെന്ന റിപ്പോർട്ടുകളുമുണ്ട്.
ഇസ്രായേൽ തലസ്ഥാനമായ തെൽ അവീവിന് നേരെ ഒക്ടോബർ ഒന്നിന് ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റുല്ലയേയും ഹമാസ് തലവൻ ഇസ്മാഈൽ ഹനിയ്യയേയും വധിച്ചതിന് തിരിച്ചടിയായാണ് ആക്രമണമെന്നാണ് ഇറാൻ വ്യക്തമാക്കിയത്. ഇതിനു മറുപടിയായാണ് ഇലാം, ഖുസിസ്താൻ, തെഹ്‌റാൻ എന്നിവിടങ്ങളിലെ ഇരുപതോളം കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തിയതെന്നാണ് വിവരം. തിരിച്ചടിച്ചാൽ ഇനിയും ആക്രമണമുണ്ടാവുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് വ്യക്തമാക്കിയിരുന്നുവെങ്കിലും ഇത് കള്ളമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന വിവരം.