'ഗസ്സയിലും പുറത്തും ഹമാസിന്റെ ജനപ്രീതി വർധിക്കുന്നു'; ബൈഡന് യു.എസ് ഇന്റലിജൻസ് മുന്നറിയിപ്പ്
|ഗസ്സയിൽ മരണസംഖ്യ കൂടുന്നത് ഹമാസിനെ മാത്രമാണു സഹായിക്കുകയെന്ന് യു.എസ് ഇന്റലിജൻസ് റിപ്പോർട്ട് ഇസ്രായേലിനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
വാഷിങ്ടൺ: ഗസ്സയിൽ ഇസ്രായേൽ ആക്രമണം കടുക്കുമ്പോഴും ഫലസ്തീനികൾക്കിടയിലും അറബ് ലോകത്തും ഹമാസിന്റെ ജനപ്രീതി വർധിക്കുകയാണെന്നു പുതിയ റിപ്പോർട്ട്. യു.എസ് ഇന്റലിജൻസ് വിഭാഗമാണ് ബൈഡൻ ഭരണകൂടത്തിന് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നതെന്ന് 'സി.എൻ.എൻ' റിപ്പോർട്ട് ചെയ്തു.
ഒക്ടോബർ ഏഴിലെ ആക്രമണത്തിനുശേഷമാണ് ഹമാസിന്റെ വിശ്വാസ്യതയും സ്വാധീനവും നാടകീയമായി വർധിച്ചിരിക്കുകയാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഗസ്സയ്ക്കും വെസ്റ്റ് ബാങ്കിനും പുറമെ ജോർദാൻ ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിലും ഹമാസിനുള്ള പിന്തുണ ശക്തമായിരിക്കുകയാണെന്ന് യു.എസ് ഇന്റലിജൻസ് പറയുന്നു. ഗസ്സയിൽ മരണസംഖ്യ കൂടുന്നത് ഹമാസിനു കൂടുതൽ സഹായമാകുകയേയുള്ളൂവെന്ന് ഇസ്രായേലിനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഫലസ്തീനികളുടെ ആവശ്യങ്ങൾക്കു വേണ്ടി പോരാടുകയും ഇസ്രായേലിനെതിരെ ഫലപ്രദമായ പ്രതിരോധമൊരുക്കുകയും ചെയ്യുന്ന ഏക ശക്തിയെന്ന തരത്തിലുള്ള അനുകൂലമായ വികാരം അറബ്-മുസ്ലിം ലോകത്തെല്ലാം രൂപപ്പെടുത്തിയെടുക്കാൻ ഹമാസിനായെന്ന് യു.എസ് ഇന്റലിജൻസ് ചൂണ്ടിക്കാട്ടുന്നു. ഇസ്രായേൽ തടവറകളിൽ കഴിഞ്ഞിരുന്ന നൂറുകണക്കിന് ഫലസ്തീനികളെ മോചിപ്പിക്കാനായതിന്റെ ക്രെഡിറ്റും അവർക്കു ലഭിച്ചു. ഇസ്ലാമികാധ്യാപനങ്ങൾ പൂർണമായും പിന്തുടരുന്നവരാണു തങ്ങളെന്ന ഹമാസ് വിഡിയോകളും ഇതോടൊപ്പം ഗസ്സയിൽനിന്നുള്ള ഫലസ്തീനികളുടെ ദുരിതങ്ങളുടെ ദൃശ്യങ്ങളും അറബ് ലോകത്തെ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഒക്ടോബർ ഏഴിനുമുൻപ് അത്ര ജനപ്രിയമായൊരു സംഘടനയായിരുന്നില്ല അവർ. ഇപ്പോഴവർ കൂടുതൽ ജനപ്രീതിയാർജിച്ചിരിക്കുകയാണെന്നും ഇന്റലിജൻസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
ഇസ്രായേൽ ആക്രമണം ഗസ്സയ്ക്കു പുറത്തും ഹമാസിനു കൂടുതൽ കരുത്ത് നൽകുകയാണു ചെയ്യുകയെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നവംബർ ആദ്യവാരത്തിൽ നടന്ന ഒരു അഭിപ്രായ വോട്ടെടുപ്പിൽ ഒക്ടോബർ ഏഴിലെ ആക്രമണത്തിന് വെസ്റ്റ് ബാങ്കിലെല്ലാം വലിയ പിന്തുണയാണു ലഭിച്ചത്. ഗസ്സയിലേതിനെക്കാൾ കൂടുതൽ പേർ വെസ്റ്റ് ബാങ്കിൽനിന്ന് ആക്രമണത്തെ പിന്തുണച്ചിരുന്നു. ഇതെല്ലാം റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ടെന്നാണു വിവരം.
Summary: US intelligence analysis warns Hamas’ popularity increasing post-7 October