ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകത്തിൽ യു.എസിനും ഇസ്രായേലിനും ഖേദിക്കേണ്ടിവരും: ഇറാൻ സ്പീക്കർ
|തങ്ങളുടെ ഭൂമിയിൽ നടന്ന ഒരു ആക്രമണത്തിനും ഇറാൻ മറുപടി നൽകാതിരുന്നിട്ടില്ല. ഭാവിയിലും അങ്ങനെത്തന്നെ ആയിരിക്കുമെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫ് പറഞ്ഞു.
തെഹ്റാൻ: ഹമാസ് തലവൻ ഇസ്മാഈൽ ഹനിയ്യയെ കൊലപ്പെടുത്തിയതിൽ അധിനിവേശ ശക്തികളായ ഇസ്രായേലിനും അവരെ പിന്തുണക്കുന്ന യു.എസിനും ഖേദിക്കേണ്ടിവരുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ഖാലിബാഫ്. സ്വന്തം സുരക്ഷയും മേഖലയുടെ സമാധാനവും അപകടത്തിലാക്കുന്ന നടപടികൾ തെറ്റുകളുടെ പേരിൽ ഇസ്രായേലിന് അവരുടെ കണക്കുകൂട്ടലുകൾ തിരുത്തേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സയണിസ്റ്റ് രാഷ്ട്രത്തിന്റെ എല്ലാ അവകാശവാദങ്ങളും തകർക്കുന്നതായിരുന്നു ഒക്ടോബർ ഏഴിലെ ഓപ്പറേഷൻ അൽ അഖ്സ സ്റ്റോം. തങ്ങളുടെ ശക്തരായ സൈന്യം ഇസ്രായേൽ എന്ന ഭീകര രാഷ്ട്രത്തേയും അവർക്ക് വഞ്ചനാപരമായ പിന്തുണ നൽകുന്ന യു.എസിനെയും ഒരിക്കലും മറക്കാത്ത പാഠം പഠിപ്പിക്കുമെന്നും ഖാലിബാഫ് പറഞ്ഞു.
മനുഷ്യാവകാശങ്ങളുടെ കുത്തക അവകാശപ്പെടുന്ന പടിഞ്ഞാറൻ രാഷ്ട്രീയക്കാർ ഇസ്രായേൽ നടത്തുന്ന വംശഹത്യയെക്കുറിച്ച് മൗനം പാലിക്കുകയാണ്. ഫലസ്തീനിലെ അടിച്ചമർത്തപ്പെടുന്ന സാധാരണക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ലോകരാഷ്ട്രങ്ങൾ സന്നദ്ധരാവണമെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ 31ന് തെഹ്റാനിലാണ് ഇസ്മാഈൽ ഹനിയ്യ കൊല്ലപ്പെട്ടത്. ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് അദ്ദേഹം തെഹ്റാനിലെത്തിയിരുന്നത്. ഇറാൻ സുരക്ഷാ ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് അതീവ സുരക്ഷയുള്ള കെട്ടിടത്തിൽ താമസിച്ചിരുന്ന ഹനിയ്യയെ വധിക്കാൻ ഇസ്രായേൽ ചാരസംഘടനയായ മൊസാദ് പദ്ധതി തയ്യാറാക്കിയത് എന്നാണ് റിപ്പോർട്ട്.
ഹ്രസ്വദൂര പ്രൊജക്ടൈൽ ഉപയോഗിച്ചാണ് ഹനിയ്യയെ വധിച്ചതെന്ന് ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്. ഹനിയ്യ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസിന് പുറത്തുനിന്ന് ഏഴ് കിലോഗ്രാം സ്ഫോടകവസ്തുക്കളടങ്ങിയ ഷോർട്ട് റേഞ്ച് പ്രൊജക് ടൈൽ ഉപയോഗിച്ചാണ് ഹനിയ്യയെ കൊലപ്പെടുത്തിയതെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡിനെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു.