'കൈകാലുകൾ നഷ്ടപ്പെട്ട ഗസ്സയിലെ കുഞ്ഞുങ്ങൾക്ക് എന്റെ ഇടതുകൈ സമർപ്പിക്കുന്നു'; ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ സ്വയം തീകൊളുത്തി യുഎസ് മാധ്യമപ്രവർത്തകൻ
|ആയിരങ്ങൾ അണിനിരന്ന വാഷിങ്ടണിലെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ സാമുവൽ മെന ജൂനിയർ എന്ന മാധ്യമപ്രവർത്തകനാണ് വൈറ്റ് ഹൗസിന് മുന്നിൽ തന്റെ ഇടതുകൈക്ക് തീകൊളുത്തിയത്.
വാഷിങ്ടൺ: ഗസ്സയിലെ സാധാരണക്കാരായ ജനങ്ങളെ കൊന്നൊടുക്കുന്ന ഇസ്രായേൽ വംശഹത്യക്ക് അറുതിവരുത്തണമെന്ന് ആവശ്യപ്പെട്ട് സ്വയം തീകൊളുത്തി മാധ്യമപ്രവർത്തകന്റെ പ്രതിഷേധം. ആയിരങ്ങൾ അണിനിരന്ന വാഷിങ്ടണിലെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ സാമുവൽ മെന ജൂനിയർ എന്ന മാധ്യമപ്രവർത്തകനാണ് ശനിയാഴ്ച വൈറ്റ് ഹൗസിന് മുന്നിൽ തന്റെ ഇടതുകൈക്ക് തീകൊളുത്തിയത്.
Samuel Mena, Seorang Jurnalis membakar tangan kirinya didepan Gedung Putih Amerika.
— PPQSI (@PPQSI_) October 9, 2024
Dalam blognya Samuel Mena menulis
"Kepada 10 ribu anak2 di Gaza yg kehilangan anggota tubuh dlm konflik ini, saya serahkan tangan kiri saya kepada Anda, saya berdoa agar suara saya dapat pic.twitter.com/ueNkGxgtmE
''ഞങ്ങൾ, യുഎസ് മാധ്യമപ്രവർത്തകർ... അലസമായ അശ്രദ്ധയിലൂടെ അല്ലെങ്കിൽ ഏറ്റവും മോശമായ കോർപ്പറേറ്റ് സ്വാധീനത്തിലൂടെ ലോകസത്യങ്ങളെ തകർക്കാൻ നമ്മുടെ ഗവൺമെന്റിന്റെ നേതാക്കൾ ഉപയോഗിക്കുന്ന ഉപകരണങ്ങളായി ഞങ്ങൾ ജീവിക്കുന്നു'' - വെള്ളിയാഴ്ച ഓൺലൈനിൽ പോസ്റ്റ് ചെയ്ത പ്രസംഗത്തിൽ മെന പറഞ്ഞു.
''വെറും 139 സ്‌ക്വയർ മൈൽ മാത്രം വിസ്തീർണമുള്ള ഒരു മുനമ്പ് പൂർണമായും നിരപ്പാക്കി. എന്നിട്ടും തങ്ങൾ ഒരിക്കൽ താമസിച്ചിരുന്ന വീടിന്റെ ചാരത്തിൽനിന്ന് ഉയരുന്ന കുഞ്ഞുങ്ങൾ തങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണത്തിന് പകരം ചോദിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. എന്നാൽ ഇപ്പോഴും നമ്മൾ യുഎസ് മാധ്യമപ്രവർത്തകൻ ഹമാസിനെതിരായ യുദ്ധമെന്നാണ് ഇസ്രായേൽ വംശഹത്യയെ വിശേഷിപ്പിക്കുന്നത്. എത്ര സ്ത്രീകളെയും കുഞ്ഞുങ്ങളെയുമാണ് ഹമാസ് എന്ന് മുദ്രകുത്തി നമ്മൾ കൊന്നുകളഞ്ഞത്. ഞാൻ എന്റെ വീടായി കരുതുന്ന അരിസോണയിലെ ജനങ്ങളെ സേവിക്കാനാണ് മാധ്യമപ്രവർത്തനം തുടങ്ങിയത്. എന്നാൽ ഇപ്പോൾ അമേരിക്കൻ സാമ്രാജ്യത്തിന്റെ മുഖം സംരക്ഷിക്കലാണ് തങ്ങളുടെ ജോലിയെന്ന് ഞാൻ തിരിച്ചറിയുന്നു''-മെന തന്റെ പ്രസംഗത്തിൽ പറഞ്ഞു.
''ഈ സംഘർഷത്തിൽ കൈകാലുകൾ നഷ്ടപ്പെട്ട ഗസ്സയിലെ പതിനായിരത്തോളം വരുന്ന കുഞ്ഞുങ്ങളേ...ഞാൻ എന്റെ ഇടതുകൈ നിങ്ങൾക്ക് സമർപ്പിക്കുന്നു. നിങ്ങളുടെ ശബ്ദം ഉയർത്താൻ എന്റെ ശബ്ദം ഉണ്ടാകട്ടെ, നിങ്ങളുടെ പുഞ്ചിരി ഒരിക്കലും അപ്രത്യക്ഷമാകാതിരിക്കാൻ ഞാൻ പ്രാർഥിക്കുന്നു''-തീകൊളുത്തുന്നതിന് മുമ്പ് മെന പറഞ്ഞു.
പ്രക്ഷോഭകരും പൊലീസ് ചേർന്ന് ഉടൻ തന്നെ തീയണച്ച് മെനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് ഗുരുതര പരിക്കുകളില്ലെന്ന് പൊലീസ് പറഞ്ഞു. അതേസമയം സംഭവത്തിന് പിന്നാലെ മെനയെ ജോലിയിൽനിന്ന് പുറത്താക്കിയതായി അദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥാപന ഉടമകളായ അരിസോണ കുടുംബം അറിയിച്ചു. ''ഞങ്ങളുടെ ന്യൂസ് റൂം ജീവനക്കാർ നിഷ്പക്ഷമായും വസ്തുനിഷ്ഠമായും പെരുമാറണമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. അതിന് വിരുദ്ധമായി പ്രവർത്തിച്ച മെന ഇനി ഞങ്ങളുടെ ജീവനക്കാരനല്ല''-മാനേജ്‌മെന്റ് പ്രസ്താവനയിൽ വ്യക്തമാക്കി.
ഗസ്സയിലെ വംശഹത്യയിൽ പ്രതിഷേധിച്ച് വാഷിങ്ടണിൽ സ്വയം തീകൊളുത്തുന്ന രണ്ടാമത്തെയാളാണ് മെന. യുഎസ് എയർഫോഴ്‌സിൽ അംഗമായ ആരോൺ ബുഷ്‌നെൽ ഫെബ്രുവരിയിൽ ഇസ്രായേൽ എംബസിക്ക് മുന്നിൽ തീകൊളുത്തി മരിച്ചിരുന്നു.