ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശം മുന്നോട്ടു വെച്ച് യു.എസ്
|ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് തീരുമാനിച്ചാല്‍ ഏതു നിമിഷവും വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ഥ്യമാകുമെന്ന് അമേരിക്ക
ഗസ്സസിറ്റി: ഗസ്സയില്‍ ആഴ്ചകള്‍ നീളുന്ന വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശം മുന്നോട്ടു വെച്ചതായി അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍ വെളിപ്പെടുത്തി. ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് തീരുമാനിച്ചാല്‍ ഏതു നിമിഷവും വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ഥ്യമാകുമെന്ന് അമേരിക്ക. ഹമാസിനു മേല്‍ സമ്മര്‍ദം തുടരാന്‍ ഖത്തറിനോട് ആവശ്യപ്പെട്ടതായും യു.എസ് അറിയിച്ചു. ഹമാസിനു മേല്‍ ഇക്കാര്യത്തില്‍ സമ്മര്‍ദം ചെലുത്താന്‍ ഖത്തര്‍ പ്രധാനമന്ത്രിയുമായി നടത്തിയ ടെലിഫോല്‍ സംഭാഷണത്തില്‍ ആവശ്യപ്പെട്ടതായും ജെയ്ക് സള്ളിവന്‍ ചൂണ്ടിക്കാട്ടി. ഗസ്സയിലേക്ക് കൂടുതല്‍ സഹായം എത്തിക്കാന്‍ ഇസ്രായേല്‍ തയാറായത് നല്ല കാര്യമാണെന്നും ദൈനംദിന സ്വഭാവത്തില്‍ തന്നെ ഇക്കാര്യം തങ്ങള്‍ നിരീക്ഷിക്കുമെന്നും സള്ളിവന്‍ ചൂണ്ടിക്കാട്ടി.
റഫക്കു നേരെ ആക്രമണം നടത്താന്‍ തീയതി കുറിച്ചതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ പ്രസ്താവന അമേരിക്കയുടെയും മറ്റും കടുത്ത എതിര്‍പ്പിന് ഇടയാക്കി. അതേ സമയം റഫ ആക്രമണം സംബന്ധിച്ച് തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ലെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അമേരിക്കയെ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. റഫയില്‍ ജനങ്ങളുടെ പുനരധിവാസത്തിനായി ഇസ്രായേല്‍ നാല്‍പതിനായിരം ടെന്റുകള്‍ ഒരുക്കുന്നതായി ഇസ്രായേല്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. നെതന്യാഹുവിന്റെ രാജിയും അടിയന്തര വെടിനിര്‍ത്തല്‍ കരാറും ആവശ്യപ്പെട്ട് തെല്‍ അവീവില്‍ ഇന്നലെയും ആയിരങ്ങള്‍ തെരുവിലിറങ്ങി.
അതിനിടെ, ലബനാനു നേര്‍ക്ക് തുറന്ന യുദ്ധത്തിനുള്ള സാധ്യത വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. യുദ്ധം ഉണ്ടാവുന്ന പക്ഷം സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ സംബന്ധിച്ച് ഹൈഫ മേയര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ആശുപത്രി അധികൃതരോടും തയാറായിരിക്കാന്‍ ഇസ്രായേല്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുണ്ട്. ദമസ്‌കസില്‍ കോണ്‍സുലേറ്റ് ആക്രമിച്ചതിനുള്ള ഇറാന്റെ പ്രത്യാക്രമണം ഈദ് അവധി കഴിഞ്ഞാലുടന്‍ ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് സൈന്യമെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൈനിക, നയതന്ത്ര കേന്ദ്രങ്ങളില്‍ മാത്രമായി ആക്രമണം പരിമിതപ്പെടുമെന്നാണ് ഇസ്രായേല്‍ കണക്കുകൂട്ടല്‍. ഇറാനുമായി യുദ്ധത്തിനില്ലെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി പ്രതികരിച്ചു. അതേ സമയം ഇസ്രായേലിനു നേരെ ആക്രമണം നടന്നാല്‍ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ഗസ്സയില്‍ ഭക്ഷ്യവസ്തുക്കള്‍ എയര്‍ഡ്രോപ്പ് ചെയ്യാനുള്ള നീക്കം തടഞ്ഞതിലുള്ള പ്രതിഷേധ സൂചകമായി ഇസ്രായേലിലേക്കുള്ള കയറ്റുമതി നിര്‍ത്താന്‍ തുര്‍ക്കി തീരുമാനിച്ചു.