താനില്ലാതെ പാർട്ടിയിൽ പങ്കെടുത്തു; പതിനേഴുകാരിയെ കാമുകൻ വെടിവെച്ചു
|പ്രതിയായ പതിനെട്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു
ന്യൂയോർക്ക്: തന്നെക്കൂട്ടാതെ പാർട്ടിയിൽ പങ്കെടുത്തതിന് പതിനേഴുകാരിയുടെ കാലിൽ കാമുകൻ വെടിവെച്ചു. അമേരിക്കയിലാണ് സംഭവം. പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പ്രതിയായ പതിനെട്ടുകാരൻ ഫഹദ് മെഹ്ദിയെ സൗത്ത് ജോർദാൻ നഗരത്തിലെ വീട്ടിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കാമുകി തന്റെ വികാരങ്ങൾ അവഗണിച്ചുവെന്നും താനില്ലാതെ പദ്ധതികൾ ആസൂത്രണം ചെയ്തുവെന്നുമാണ് പ്രതിയുടെ വിശദീകരണം. തന്നെക്കൂട്ടാതെ പാർട്ടിക്ക് പോകരുതെന്ന് വിലക്കിയിട്ടും പെൺകുട്ടി അത് ചെവിക്കൊണ്ടില്ല. മഹ്ദിയുടെ ഭീഷണി അവഗണിച്ച പെൺകുട്ടി അവനെ കൂട്ടാതെ പാർട്ടിയിലേക്ക് പോയി. കുറച്ച് സമയത്തിന് ശേഷം അയാൾ സംഭവസ്ഥലത്ത് എത്തുകയും ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു.
തുടർന്ന് സുഹൃത്തിന്റെ കാറിലിരിക്കുകയായിരുന്ന തന്റെ കാലിൽ വെടിവെക്കുകയായിരുന്നെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. സുഹൃത്തുക്കളാണ് പെൺകുട്ടിയെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചത്. തുടയെല്ലിന് ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് പെൺകുട്ടിയെ ശസ്ത്രക്രിയക്ക് വിധേയയാക്കിയെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. മഹ്ദി തന്നെ ശാരീരികമായും മാനസികമായും വൈകാരികമായും അധിക്ഷേപിക്കാറുണ്ടെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. പ്രതിയായ ഫഹദ് മെഹ്ദി ഇപ്പോള്‍ സാൾട്ട് ലേക്ക് കൗണ്ടി ജയിലിലാണ് .