World
US military aid to Israel for Gaza war reaches $17.9 billion
World

​ഗസ്സയിലെ കണ്ണില്ലാത്ത ക്രൂരതയ്ക്ക് കണ്ണടച്ച് പിന്തുണ; ഇസ്രായേലിന് യുഎസ് നൽകിയത് 17.9 ബില്യൺ ഡോളറിന്റെ സൈനിക സഹായം

Web Desk
|
8 Oct 2024 5:04 PM GMT

ഇസ്രായേലാണ് യുഎസ് സൈനിക സഹായത്തിൻ്റെ ഏറ്റവും വലിയ ഗുണഭോക്താവ്. 1959 മുതൽ 2015 വരെ ഈ സഹായം ഏകദേശം 2512 ബില്യൺ യുഎസ് ഡോളറാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ന്യൂയോർക്ക്: ഇസ്രായേൽ ഗസ്സയിൽ ഒരു വർഷമായി നടത്തുന്ന ​വംശഹത്യക്ക് ഇതുവരെ യുഎസ് നൽകിയ സഹായത്തിന്റെ ​കണക്ക് പുറത്ത്. 2023 ഒക്ടോബർ ഏഴിനു ശേഷം ഇസ്രായേൽ നടത്തിവരുന്ന കൂട്ടക്കുരുതിക്ക് 17.9 ബില്യൺ ഡോളറിൻ്റെ (15 ലക്ഷം കോടി ഇന്ത്യൻ രൂപ) സൈനിക സഹായമാണ് യുഎസ് നൽകിയതെന്നാണ് റിപ്പോർട്ട്. ബ്രൗണ്‍ യൂണിവേഴ്‌സ്റ്റിയുടെ വാട്ട്സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ കോസ്റ്റ്‌സ് ഓഫ് വാര്‍ പ്രോജക്ടിലാണ് കണക്കുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതുകൂടാതെ, 2023 ഒക്‌ടോബർ ഏഴ് മുതൽ ഈ മേഖലയിലെ യുഎസ് സൈനിക പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ 4.86 ബില്യൺ ഡോളർ അധികമായി ചെലവഴിച്ചതായും കോസ്റ്റ്സ് ഓഫ് വാർ പ്രോജക്റ്റ് പറയുന്നു. ഹാർവാർഡ് ജോൺ എഫ് കെന്നഡി സ്‌കൂൾ ഓഫ് ഗവൺമെൻ്റിലെ പ്രൊഫസറായ ലിൻഡ ജെ. ബാൽംസ് ആണ് ഈ വിശകലനം തയാറാക്കിയത്.

ചെങ്കടലിലെ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള യെമനിലെ ഹൂത്തികളുടെ ആക്രമണം തടയാൻ നാവികസേനയുടെ നേതൃത്വത്തിലുള്ള കാംപയ്‌നിൻ്റെ ചെലവും ഈ സഹായത്തിൽ ഉൾപ്പെടുന്നു. ഇസ്രായേലാണ് യുഎസ് സൈനിക സഹായത്തിൻ്റെ ഏറ്റവും വലിയ ഗുണഭോക്താവ്. 1959 മുതൽ 2015 വരെ ഈ സഹായം ഏകദേശം 2512 ബില്യൺ യുഎസ് ഡോളറാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

42,000നടുത്ത് ആളുകളെ കൊന്നൊടുക്കുകയും ​ഗസ്സയെ ഒന്നാകെ നിലംപരിശാക്കുകയും ചെയ്ത കൊടുംക്രൂരതയ്ക്കെതിരെ വിമർശനങ്ങൾ തുടരുന്നതിനിടെയിലും ഇസ്രായേലിനൊപ്പം നിൽക്കുമെന്നാണ് ബൈഡൻ ഭരണകൂടത്തിന്റെ നിലപാട്. റിപ്പോർട്ടുകൾ പ്രകാരം, ഇസ്രായേലിനുള്ള യുഎസ് സൈനിക സഹായത്തിൻ്റെ ഭൂരിഭാഗവും യുദ്ധോപകരണങ്ങളാണ്. പീരങ്കി ഷെല്ലുകളും 2,000 പൗണ്ട് ബങ്കർ-ബസ്റ്റർ ബോംബുകളും മറ്റ് യുദ്ധോപകരണങ്ങളും ഇതിലുൾപ്പെടുന്നു. ഇസ്രായേലിൻ്റെ അയേൺ ഡോമിന്റേയും ഡേവിഡ് സ്ലിങ് മിസൈൽ പ്രതിരോധ സംവിധാനങ്ങളുടേയും പ്രവർത്തനത്തിനും യുഎസ് സഹായം നൽകി.

ഇസ്രായേലിന് പ്രതിവർഷം 3.8 ബില്യൺ ഡോളറിന്റെ സൈനിക സഹായമാണ് അമേരിക്ക നൽകാറുണ്ടായിരുന്നത്. എന്നാൽ, ഈ വർഷമാദ്യം 14 ബില്യൺ ഡോളറിന്റെ അധികസഹായം നൽകാൻ ബൈഡൻ ഭരണകൂടം തീരുമാനിച്ചിരുന്നു. ഇതെല്ലാം ഉൾപ്പെടെയാണ് 17.9 ബില്യൺ ഡോളർ സഹായം. ഇസ്രായേൽ ക്രൂരതയ്ക്കുള്ള അമേരിക്കയുടെ പിന്തുണ അവസാനിപ്പിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാവുകയാണ്.

ആയുധം നൽകുന്നതടക്കം അവസാനിപ്പിക്കണമെന്നാണ് ആവശ്യം. എന്നാൽ ഇത് ചെവിക്കൊള്ളാൻ ബൈഡൻ ഭരണകൂടം തയാറായിട്ടില്ല. ഗസ്സയിൽ കുട്ടികളടക്കം ഒരു നേരത്തെ ഭക്ഷണത്തിനും വെള്ളത്തിനും മരുന്നിനും വേണ്ടി പോലും ബുദ്ധിമുട്ടുന്ന സാഹചര്യം നിലനിൽക്കെയാണ് അവർക്ക് കൈത്താങ്ങാകേണ്ടതിനു പകരം അമേരിക്ക അധിനിവേശ രാഷ്ട്രത്തിന്റെ കൂട്ടക്കുരുതിക്ക് കുട പിടിക്കുന്നത്.

ലോകരാജ്യങ്ങളുടെയും യുഎൻ അടക്കമുള്ള ഏജൻസികളുടേയും എതിർപ്പുകളും യുദ്ധനിയമങ്ങളുമെല്ലാം അവ​ഗണിച്ച് ഇസ്രായേൽ നടത്തുന്ന നരനായാട്ടിന് യുഎസ് അകമഴിഞ്ഞു സഹായം ചെയ്യുമ്പോൾ ഇതിനു നേരെ വിപരീത നിലപാടാണ് ഫ്രാൻസിനുള്ളത്. ഇസ്രായേലിന് ആയുധം നൽകുന്നത് ലോകരാജ്യങ്ങൾ അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ ആവശ്യപ്പെട്ടു. ഒരു രാഷ്‌ട്രീയ പരിഹാരത്തിനാണ് ഇപ്പോള്‍ നാം പ്രാധാന്യം നല്‍കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ഫ്രാന്‍സ് ആര്‍ക്കും ആയുധങ്ങള്‍ വിതരണം ചെയ്യുന്നില്ലെന്നും മാക്രോണ്‍ അറിയിച്ചു. ആയുധങ്ങള്‍ നല്‍കിയാല്‍ അത് ദുരുപയോഗത്തിനുള്ള അനുവാദം ആകുമെന്ന് മാക്രോണ്‍ വ്യക്തമാക്കി. നടപടിയില്‍ മാറ്റമില്ലെന്നും കൂട്ടക്കുരുതിയെ പ്രോത്സാഹിപ്പിക്കാന്‍ സാധിക്കില്ലെന്നുമുള്ള നിലപാടിലാണ് ഫ്രാന്‍സ്. നിരപരാധികളെ കൊന്നൊടുക്കി അധിനിവേശരാഷ്ട്രം ക്രൂരത തുടരുകയും വെടിനിര്‍ത്തല്‍ എന്ന ആവശ്യം ലോകം മുഴുവന്‍ മുഴങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോഴാണ് ഫ്രാൻസടക്കമുള്ള രാഷ്ട്രങ്ങളുടെ ആശ്വാസകരമായ നിലപാട്.

പാരീസിൽ നടന്ന ഉച്ചകോടിയിൽ, വെടിനിർത്തൽ ആഹ്വാനങ്ങൾക്കിടയിലും ഗസ്സയില്‍ സംഘർഷം തുടരുന്നതിനെക്കുറിച്ചുള്ള തൻ്റെ ആശങ്ക ഫ്രഞ്ച് പ്രസിഡൻ്റ് ആവർത്തിച്ചിരുന്നു. കൂടാതെ ലബനാനിലേക്ക് കരസേനയെ അയക്കാനുള്ള ഇസ്രായേലിൻ്റെ തീരുമാനത്തെയും അദ്ദേഹം വിമർശിച്ചു. എന്നാല്‍ ആരുടെ പിന്തുണയില്ലെങ്കിലും ഇസ്രായേല്‍ വിജയിക്കുമെന്നായിരുന്നു പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ പ്രതികരണം. ആയുധ ഉപരോധത്തിന് ആഹ്വാനം ചെയ്യുന്നത് നാണക്കേടാണെന്നും നെതന്യാഹു പറഞ്ഞു.

ഏകദേശം 41,900 പേരാണ് ഇതുവരെ ​ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. 97,100 പേർക്ക് പരിക്കേറ്റു. ഭക്ഷണം, ശുദ്ധജലം, മരുന്ന് എന്നിവയുടെ കടുത്ത ക്ഷാമത്തിലേക്ക് നയിച്ച ഉപരോധത്തെയും കര-വ്യോമാക്രമണത്തെയും തുടർന്ന് ​ഗസ്സയിലെ ഭൂരിഭാ​ഗം പേരും ഇവിടെനിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായി. ഇപ്പോഴും വിവിധയിടങ്ങളിൽനിന്ന് പലായനം തുടരുകയാണ്.

ഗസ്സ യുദ്ധം ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഇസ്രായേലിനെതിരെ സ്വന്തം രാജ്യത്തും യൂറോപ്പിലുമടക്കം ഇപ്പോഴും വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. വാഷിങ്ടൺ, ന്യൂയോർക്ക് സിറ്റി, പാരിസ്, ബർലിൻ, റോം, മനില, മെക്സിക്കോ സിറ്റി തുടങ്ങിയ ലോകനഗരങ്ങളിലെല്ലാം പതിനായിരങ്ങളാണ് ഫലസ്തീനുവേണ്ടി തെരുവിലിറങ്ങിയതും ഇസ്രായേൽ അധിനിവേശ ക്രൂരതയ്ക്കെതിരെ ശബ്ദമുയർത്തിയതും.

Similar Posts