World
അഫ്ഗാനിൽ നിന്ന് അമേരിക്കയടക്കമുള്ള നാറ്റോ സൈനികർ മടങ്ങി; ഉടൻ സർക്കാർ രൂപീകരിക്കാൻ താലിബാൻ
World

അഫ്ഗാനിൽ നിന്ന് അമേരിക്കയടക്കമുള്ള നാറ്റോ സൈനികർ മടങ്ങി; ഉടൻ സർക്കാർ രൂപീകരിക്കാൻ താലിബാൻ

Web Desk
|
31 Aug 2021 1:11 AM GMT

താലിബാനെ ലോകത്തുനിന്ന് ഇല്ലാതെയാക്കാനെന്നു പറഞ്ഞ് അഫ്ഗാനിലെത്തിയ അമേരിക്ക അവരെത്തന്നെ ഭരണമേൽപ്പിച്ചാണ് ഇരുപത് വർഷത്തിനു ശേഷം മടങ്ങുന്നത്

അമേരിക്കയടക്കമുള്ള നാറ്റോ സൈനികർ പൂർണമായും അഫ്ഗാൻ വിട്ടു. അഫ്ഗാനിസ്ഥാനിലെ അമേരിക്കയുടെ ഏറ്റവും നീണ്ട യുദ്ധത്തിന് ഇതോടെ വിരാമം. താലിബാനെ ലോകത്തുനിന്ന് ഇല്ലാതെയാക്കാനെന്നു പറഞ്ഞ് അഫ്ഗാനിലെത്തിയ അമേരിക്ക അവരെത്തന്നെ ഭരണമേൽപ്പിച്ചാണ് ഇരുപത് വർഷത്തിനു ശേഷം മടങ്ങുന്നത്.

2001 സെപ്തംബർ 11 ആക്രമണത്തിനു പിന്നാലെ ഭീകരതയ്ക്കെതിരായ പോരാട്ടത്തിനെന്നു പറഞ്ഞാണ് അമേരിക്ക അഫ്ഗാനിസ്ഥാനിലെത്തിയത്. ഉസാമ ബിൻ ലാദന്‍ അഫ്ഗാനിസ്ഥാനിൽ താലിബാൻ താവളമൊരുക്കി എന്നതായിരുന്നു കാരണം. താലിബാൻ ഭരണത്തെ തകർത്ത് തങ്ങൾക്കിഷ്ടപ്പെട്ട ചിലരിൽ ഭരണമേൽപ്പിച്ചു. അതോടെ എന്നെന്നേക്കുമായി താലിബാൻ അവസാനിച്ചു എന്ന് അന്നത്തെ യു.എസ് പ്രസിഡന്‍റ് ജോർജ് ഡബ്ല്യൂ ബുഷ് പ്രഖ്യാപിച്ചു. ഇനി അഫ്ഗാനിലെ ജനങ്ങൾക്കെല്ലാം സ്വാതന്ത്യം , സമാധാനം എന്നു കൂടി അമേരിക്ക വാഗ്ദാനം ചെയ്തു.

10 വർഷം മുന്‍പ് ഉസാമ ബിൻ ലാദനെ വധിച്ചെന്ന് അമേരിക്ക പ്രഖ്യാപിച്ചു. പക്ഷേ അഫ്ഗാനിസ്ഥാനികൾക്ക് വാഗ്ദാനം ചെ്യതതൊന്നും അമേരിക്കക്ക് നൽകാനായില്ല. 20 വർഷത്തെ യുദ്ധത്തിൽ കൊല്ലപ്പെട്ടത് 47,500 സാധാരണക്കാർ. അതിൽ 37 % കുട്ടികൾ. 75000 അഫ്ഗാൻ സൈനികരും 84,000 താലിബാൻ സേനാംഗങ്ങളും കൊല്ലപ്പെട്ടു. 25 ലക്ഷം പേർ അഭയാർഥികളായി. 20 ലക്ഷം വിധവകളെ സൃഷ്ടിച്ചു. ഒരു കോടി കുട്ടികൾ പട്ടിണിയിലായി. 2,500ലധികം അമേരിക്കൻ സൈനികരെ അമേരിക്കക്ക് നഷ്ടമായി1,150 നാറ്റോ സൈനികരും ജീവൻ വെടിഞ്ഞു. എന്തിനീ യുദ്ധമെന്ന് അമേരിക്കയിലെ ജനം ചോദിച്ചു തുടങ്ങി. സൈനികരുടെ ശവപ്പെട്ടികൾ ഇനി കാണാൻ കഴിയില്ലെന്ന് അവർ ഉറക്കെ പറഞ്ഞു. സേവനത്തിലിരുന്ന നിരവധി സൈനികർ മാനസിക രോഗികളായി. പലരും ആത്മഹത്യ ചെയ്തു. അപ്പോഴേക്കും രണ്ടര ട്രില്യൺ യുഎസ് ഡോളർ ചെലവായിരുന്നു. ഇനിയും കടം വാങ്ങി യുദ്ധം ചെയ്യേണ്ട എന്ന് അമേരിക്ക തീരുമാനിച്ചു.

ബറാക് ഒബാമ തന്നെ സേനാ പിൻമാറ്റം ആരംഭിച്ചു. പിന്നാലെ വന്ന ഡോണാൾഡ് ട്രംപ് താലിബാനുമായി കരാറുണ്ടാക്കി. അഫ്ഗാന്‍ വംശജനായ യു.എസ് നയതന്ത്രജ്ഞന്‍ സല്‍മേയ് ഖലീല്‍സാദും താലിബാൻ സ്ഥാപകന നേതാവ് മുല്ലാ ബരാദറുമാണ് കരാറിൽ ഒപ്പിട്ടത്. അന്നക്കെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ നേരിട്ട് ആ ചടങ്ങിനെത്തി. ഇപ്പോൾ നിലവിലെ പ്രസിഡന്‍റ് ജോ ബൈഡൻ ആ കരാർ നടപ്പാക്കുകയാണ് ആർക്കെതിരെയാണോ യുദ്ധം ചെയ്യാൻ വന്നത് അവരെ ഭരണമേൽപ്പിച്ചാണ് അമേരിക്കയും നാറ്റോ സഖ്യവും കളം വിട്ടത്. താലിബാന് മുന്‍പില്‍ യാതൊരു ഉപാധിയും വെക്കാതെ.

Similar Posts