ഗസ്സയിലെ ഇസ്രായേല്‍ കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ച് മുൻ യു.എസ് സൈനികർ; സെനറ്ററുടെ ഓഫിസ് ഉപരോധിച്ചു, അറസ്റ്റ്
|ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം
വാഷിങ്ടൺ: ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് മുൻ യു.എസ് സൈനികരുടെ കൂട്ടായ്മ. 'എബൗട്ട് ഫേസ്' എന്ന പേരിലുള്ള മുതിർന്ന സൈനികരുടെ കൂട്ടായ്മയാണ് വാഷിങ്ടൺ ഡി.സിയിലെ കാപിറ്റോളിൽ പ്രതിഷേധം നടത്തിയത്. ഇവരെ അറസ്റ്റ് ചെയ്തുനീക്കി.
ന്യൂയോർക്കിൽനിന്നുള്ള സെനറ്റർ കേസ്റ്റൺ ഗില്ലിബ്രാൻഡിന്റെ ഓഫിസിലേക്ക് സംഘം മാർച്ച് നടത്തി. വെടിനിർത്തൽ ആവശ്യവുമായി ബന്ധപ്പെട്ട് സംസാരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഓഫിസിനകത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. എന്നാൽ, ഗില്ലിബ്രാൻഡ് ഇവരെ കാണാൻ കൂട്ടാക്കിയില്ലെന്നു മാത്രമല്ല പൊലീസിനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തു നീക്കുകയാണു ചെയ്തത്.
യുദ്ധത്തിനും അധിനിവേശത്തിനുമെതിരെ വാദിക്കുന്ന മുൻ യു.എസ് സൈനികരുടെ കൂട്ടായ്മയാണ് 'എബൗട്ട് ഫേസ്: വെറ്ററൻസ് എഗേൻസ്റ്റ് വാർ'. ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിനു പിന്നാലെ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് പലയിടത്തും ഇവർ പ്രതിഷേധം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായായിരുന്നു കാപിറ്റോളിൽ കേസ്റ്റൺ ഗില്ലിബ്രാൻഡിന്റെ ഓഫിസ് ഉപരോധം. ഗസ്സയ്ക്കുനേരെയുള്ള ഉപരോധം അവസാനിപ്പിക്കണം, ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഇവർ ഉയർത്തിയത്.
ഇസ്രായേലിനുള്ള യു.എസ് സൈനിക സഹായം നിയന്ത്രിക്കാൻ സ്വാധീനശേഷിയുള്ളയാൾ എന്ന നിലയ്ക്കാണ് ഗില്ലിബ്രാൻഡിനെ കാണാൻ ഇവർ ശ്രമം നടത്തിയത്. ആംഡ് സർവിസസ് കമ്മിറ്റിയിലെ മുതിർന്ന അംഗമാണ് അവർ. ഇസ്രായേലിനുള്ള സൈനിക-സാമ്പത്തിക സഹായങ്ങൾ നിയന്ത്രിക്കാനും ഇവർക്കാകും. സെനറ്റ്, കോൺഗ്രസ് അംഗങ്ങളായ കോറി ബുഷ്, സമ്മർ ലീ, റാഷിദ തലായ്ബ്, ദെലിയ റാമിറെസ് തുടങ്ങിയവരും ഐക്യദാർഢ്യമറിയിച്ച് ഇവർക്കൊപ്പം ചേർന്നിരുന്നു.
Summary: US military veterans arrested at Capitol after protesting against Israel genocide in Gaza