World
യുഎസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ്; വിജയിയെ പ്രവചിച്ച് വൈറൽ ഹിപ്പോ കുഞ്ഞ്
World

യുഎസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ്; വിജയിയെ പ്രവചിച്ച് വൈറൽ ഹിപ്പോ കുഞ്ഞ്

Web Desk
|
5 Nov 2024 2:54 PM GMT

അഭിപ്രായ സർവേകൾക്ക് വ്യക്തതയില്ല, പ്രവചനങ്ങളിലേക്ക് തിരിഞ്ഞ് ജനം

ബാങ്കോക്ക്: യുഎസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പാണ് നിലവിലെ ഏറ്റവും ചൂടുള്ള വാർത്ത. റിപബ്ലിക്കൻ പാർട്ടിയുടെ ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് പാർട്ടിയുടെ കമല ഹാരിസുമാണ് പ്രസിഡന്റ് സ്ഥാനത്തിനായി മത്സരിക്കുന്നത്.

ഈ രണ്ടുപേരിൽ ആരാകും പ്രസിഡന്റ് എന്നതാണ് നിലവിലെ ഏറ്റവും വലിയ ചോദ്യം. ആശയക്കുഴപ്പത്തിലാണ് അഭിപ്രായ സർവേകളും.

നിലവിൽ രാഷ്ട്രീയ നിരീക്ഷകരുടെയും പ്രശസ്തരായ വ്യക്തികളുടെയും പ്രവചനങ്ങളിലേക്കാണ് ലോകം ഉറ്റുനോക്കുന്നത്. എന്നാൽ അവസാനമായി വന്ന പ്രവചന വീഡിയോയാണ് നിലവിൽ ട്രെൻഡിങ്ങായിക്കൊണ്ടിരിക്കുന്നത്.

തായ്‌ലന്റിൽ അടുത്ത് വൈറലായ പിഗ്മി ഹിപ്പൊപ്പൊട്ടാമസ് കുഞ്ഞായ മൂ-ഡെങ്ങാണ് ആര് ജയിക്കും എന്നതിൽ പ്രവചനം നടത്തിയത്.

മൂ-ഡെങ്ങിന്റെ ഇഷ്ട ഭക്ഷണമായ മധുര മത്തങ്ങ ഉപയോഗിച്ചാണ് പ്രവചനം നടത്തിയത്. മുറിച്ച് അലങ്കരിച്ച മത്തങ്ങകളിൽ രണ്ട് സ്ഥാനാർഥികളുടെയും പേര് എഴുതിയിരുന്നു, ഇവ മൂ-ഡെങ്ങിനും അമ്മയ്ക്കുമായി നിർമിച്ച പ്രത്യേക കൂട്ടിൽ വെക്കുകയായിരുന്നു.

തുടർന്ന് പേര് വിളിച്ചപ്പോൾ വെള്ളത്തിൽ നിന്നും കയറി വന്ന കുഞ്ഞു ഹിപ്പോ തിന്നുന്ന മത്തങ്ങയിലെ സ്ഥാനാർഥി ജയിക്കുമെന്നാണ് പ്രവചനം.

ഡൊണാൾഡ് ട്രംപിന്റെ പേരെഴുതിയ മത്തങ്ങയാണ് മൂ-ഡെങ് തിരഞ്ഞെടുത്തത്.

മൂ-ഡെങ് ഡൊണാൾഡ് ട്രംപ് മത്തങ്ങ തിന്നുന്ന അതേ സമയം തന്നെ മൂ-ഡെങ്ങിന്റെ അമ്മ കമല ഹാരിസിനായുള്ള മത്തങ്ങ തിന്നുന്നതും കാണാം. പങ്കുവെച്ച വീഡിയോക്ക് താഴെ അമ്മയും മകളും രണ്ട് പാർട്ടിക്കാരാണെന്ന് കമന്റുകളും നിറയുന്നുണ്ട്.

മൂ-ഡെങ്ങിന്റെ പ്രവചനം ശരിവെച്ച് പല അഭിപ്രായ സർവേകളും രംഗത്തുവന്നിട്ടുണ്ട്.

ഇതിനിടെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. ആദ്യം വോട്ടെടുപ്പ് നടന്നത് ന്യൂഹാംഷെയറിലെ ഡിക്‌സ്‌വിലിലാണ്.

തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ഡിക്‌സ്‌വിൽ നോച്ചിൽ വോട്ടെണ്ണിയപ്പോൾ ട്രംപും കമലയും ഒപ്പത്തിനൊപ്പമാണ്.

ജോർജിയ അടക്കമുള്ള പ്രധാന സംസ്ഥാനങ്ങളിൽ പ്രദേശിക സമയം രാവിലെ ആറരയോടെയാണ് തെരഞ്ഞെടുപ്പ് ആരംഭിച്ചത്. ചില സംസ്ഥാനങ്ങളിൽ എട്ടിനും തെരഞ്ഞെടുപ്പ് ആരംഭിക്കും.

അലാസ്‌ക അടക്കമുള്ള സംസ്ഥാനങ്ങളിൽ ഇന്ത്യൻ സമയം നാളെ പുലർചെ ഒന്നോടുകൂടിയാണ് തെരഞ്ഞെടുപ്പ് ആരംഭിക്കുക.

അവസാനഘട്ടത്തിൽ എത്തിനിൽക്കുമ്പോഴും കൃത്യമായി ആരാണ് മുന്നിൽ എന്ന് പറയാനാവത്തതാണ് ഈ തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഏഴ് സ്വിങ് സ്റ്റേറ്റുകളിലെ ഫലമാണ് അന്തിമ വിജയിയെ തീരുമാനിക്കുക. അഭിപ്രായ സർവെകളിലും ഡോണൾഡ് ട്രംപും കമല ഹാരിസും ഒപ്പത്തിനൊപ്പമാണ്.

ഇന്ത്യൻ സമയം നാളെ രാവിലെ ആറോടുകൂടി എല്ലാ സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് അവസാനിക്കും. ഒപ്പത്തിനൊപ്പമുള്ള തെരഞ്ഞെടുപ്പായതിനാൽ ഫലം വൈകുമെന്നാണ് നിഗമനം.

തെരഞ്ഞെടുപ്പിൽ തോൽക്കുകയാണെങ്കിൽ വൻ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ട്രംപിന്റെ തീരുമാനം.

Similar Posts