World
UN Security Council
World

ഗസ്സയിൽ താൽക്കാലിക വെടിനിർത്തൽ വേണം; ബദൽപ്രമേയം നിർദേശിച്ച്​ അമേരിക്ക

Web Desk
|
20 Feb 2024 1:18 AM GMT

വെടിനിർത്തൽ കരാർ ചർച്ച അട്ടിമറിച്ചതിന്‍റെ പൂർണ ഉത്തരവാദിത്തം ഇസ്രായേലിനെന്ന്​ ഹമാസ് വ്യക്തമാക്കി

വാഷിംഗ്ടണ്‍: യു.എൻ രക്ഷാസമിതിക്കു മുമ്പാകെ ഗസ്സയിൽ താൽക്കാലിക വെടിനിർത്തൽ ആവശ്യപ്പെട്ട്​ ബദൽപ്രമേയം നിർദേശിച്ച്​ അമേരിക്ക. അൾജീരിയ കൊണ്ടുവന്ന പ്രമേയത്തിൽ ഇന്ന്​ വോ​ട്ടെടുപ്പ്​ നടക്കാനിരിക്കെയാണ്​ യു.എസ്​ നീക്കം. വെടിനിർത്തൽ കരാർ ചർച്ച അട്ടിമറിച്ചതിന്‍റെ പൂർണ ഉത്തരവാദിത്തം ഇസ്രായേലിനെന്ന്​ ഹമാസ് വ്യക്തമാക്കി. ​

ഗസ്സയിൽ തുടരുന്ന യുദ്ധത്തിന്​ താൽക്കാലികാറുതി തേടുന്ന പ്രമേയത്തിന്​ യു.എൻ രക്ഷാസമിതി അംഗങ്ങളുടെ പിന്തുണ ആവശ്യപ്പെടുന്നതായി അമേരിക്ക അറിയിച്ചു. എത്രയും പെ​ട്ടെന്ന്​ വെടിനിർത്തൽ പ്രയോഗത്തിൽ കൊണ്ടുവരണമെന്ന്​ യു.എസ്​ മുന്നോട്ടുവെച്ച പ്രമേയം ആവശ്യ​പ്പെടുന്നതായി റോയി​ട്ടേഴ്​സ്​ വാർത്താ ഏജൻസി റിപ്പോർട്ട്​ ചെയ്​തു. റഫക്കുനേരെയുള്ള ആക്രമണം മേഖലയിൽ സൃഷ്​ടിക്കാവുന്ന പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടിയാണ്​ താൽക്കാലിക വെടിനിർത്തൽ നിർദേശമെന്നും പ്രമേയം പറയുന്നു. അൾജീരിയ അവതരിപ്പിച്ച വെടിനിർത്തൽ പ്രമേയത്തിൽ ഇന്ന്​ രാത്രി നടക്കുന്ന വോ​ട്ടെടുപ്പിൽ വീറ്റോ പ്രയോഗിക്കുമെന്ന്​ അമേരിക്ക മുന്നറിയിപ്പ്​ നൽകിയിരുന്നു. അമേരിക്കൻ പ്രമേയത്തോട്​ മറ്റു വൻശക്​തി രാജ്യങ്ങൾ കൈക്കൊള്ളുന്ന നിലപാട്​ നിർണായകമാകും.

പാരീസിൽ രൂപപ്പെടുത്തിയ ദീർഘകാല വെടിനിർത്തൽ നിർദേശങ്ങളെ അട്ടിമറിച്ചത്​ ഇസ്രായേലാണെന്ന്​ ഹമാസ്​ കുറ്റപ്പെടുത്തി. ആക്രമണം അവസാനിപ്പിക്കുക, ഗസ്സയിലേക്ക്​ കൂടുതൽ സഹായം ഉറപ്പാക്കുക, ബന്ദികൾക്കു പകരം ഫലസ്​തീൻ തടവുകാരെ വിട്ടയക്കുക എന്നീ ഉപാധികളിൽ നിന്ന്​ പിറകോട്ടില്ലെന്നും ഹമാസ് വ്യക്തമാക്കി. വെസ്​റ്റ്​ ബാങ്കിലെയും മറ്റും ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ​ത്തി​​ന്‍റെ നി​യ​മ​പ​ര​മാ​യ പ്ര​ത്യാ​ഘാ​ത​ം സംബന്​ധിച്ച അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തിയിൽ രണ്ടാം ദിവസമായ ഇന്ന്​ വാദം തുടരും. ദ​ക്ഷി​ണാ​ഫ്രി​ക്ക, അ​ൾ​ജീ​രി​യ, സൗ​ദി, നെ​ത​ർ​ല​ൻ​ഡ്സ്, ബം​ഗ്ലാ​ദേ​ശ്, ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ വാ​ദം ഇന്നുണ്ടാകും. ഈ മാസം 26 വ​രെ 52 രാ​ജ്യ​ങ്ങ​ളു​ടെ വാ​ദം കേ​ൾ​ക്കും.

ഗസ്സയിൽ ഇസ്രായേൽ ക്രൂരത തുടരുകയാണ്​. 24 മണിക്കൂറിനിടെ 107 പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 29,092 ആയി. 69,028 പേർക്ക്​ പരിക്കേറ്റു. അതിനിടയില്‍ ചെങ്കടലിൽ അമേരിക്കയെയും ബ്രിട്ടനെയും വെല്ലുവിളിച്ച്​ ഹൂതികളുടെ ആക്രമണമുണ്ടായി. രണ്ട്​ അമേരിക്കൻ കപ്പലുകൾ ഉൾപ്പെടെ നാല്​ കപ്പലുകൾ അക്രമിച്ചതായി ഹൂതികൾ വ്യക്തമാക്കി. ഇതിൽ ബ്രിട്ടീഷ്​ കപ്പൽ കടലിൽ മുങ്ങിത്തുടങ്ങിയെന്നും ഹൂതി വക്​താവ്​ അറിയിച്ചു. ഇതിനു തിരിച്ചടിയായി യു.എസ്​, ബ്രിട്ടീഷ്​ പോർവിമാനങ്ങൾ ഹൂതി കേന്ദ്രങ്ങളിൽ ഇന്നലെയും ആക്രമണം നടത്തി.

അതേസമയം ഇസ്രായേലിൽ നിന്ന് ബ്രസീല്‍​ സ്​ഥാനപതിയെ തിരികെ വിളിച്ചു. ഇസ്രായേൽ ഫലസ്​തീൻ ജനതക്കെതിരെ തുടരുന്നത്​ വംശഹത്യയാണെന്നും ഹിറ്റ്​ലറുടെ ഹോളോകോസ്​റ്റിനു തുല്യമാണിതെന്നും ബ്രസീലിയൻ പ്രസിഡന്‍റ്​ ലുല ഡാ സിൽവ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. ഇതിനെതിരെ രൂക്ഷപ്രതികരണവുമായി നെതന്യാഹു രംഗത്തുവന്നു. തുടർന്നാണ്​ സ്​ഥാനപതിയെ തിരിച്ചുവിളിച്ച ബ്രസീൽ നടപടി.

ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും ഫലസ്തീനി സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെ ഇസ്രായേൽ സേന ബലാത്സംഗവും ലൈംഗികാതിക്രമവും അടക്കം ഗുരുതര യുദ്ധക്കുറ്റങ്ങൾ ചെയ്തതായി ആധികാരിക പരാതികൾ ലഭിച്ചതായി യു.എൻ പ്രതിനിധികൾ അറിയിച്ചു. ഗസ്സ യുദ്ധം ഇസ്രായേലി​ന്‍റെ സാമ്പത്തികാടിത്തറ തകർക്കുന്നതായാണ് റിപ്പോർട്ട്​. മൂഡീസ് റേറ്റിങ് കുറച്ചതിന് പിന്നാലെ ജി.ഡി.പിയിലും ഇസ്രായേൽ സമ്പദ്ഘടന കൂപ്പുകുത്തി. ഇസ്രായേലിന്‍റെ മൊത്ത ആഭ്യന്തര ഉൽപാദനം 19.4 ശതമാനമാണ് ഇടിഞ്ഞത്.

Related Tags :
Similar Posts