World
Aysenur Ezgi Eygi

Aysenur Ezgi Eygi

World

വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റത്തിനെതിരെ പ്രതിഷേധിച്ചു; അമേരിക്കൻ യുവതിയെ ഇസ്രായേൽ സൈന്യം വെടിവെച്ചു കൊന്നു

Web Desk
|
7 Sep 2024 6:10 AM GMT

ഫലസ്തീനിലെ ജെനിനിൽ നിന്ന് ഇസ്രായേൽ സൈന്യം പിൻവാങ്ങി

ന്യൂയോർക്ക്: അധിനിവേശ വെസ്റ്റ് ബാങ്കിൽ വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിനിടെ യുഎസ്- ടർക്കിഷ് പൗരയായ യുവതി വെടിയേറ്റ് മരിച്ചു. 26കാരിയായ ഐസിനൂർ ഈജിക്ക് നേരെ ഇസ്രായേൽ സൈന്യമാണ് വെടിയുതിർത്തത്. ബെയ്ത പട്ടണത്തിൽ അനധികൃത കുടിയേറ്റത്തിനെതിരെയുള്ള പ്രതിഷേധത്തിൽ പങ്കെടുക്കുകയായിരുന്നു ഈജി. സംഭവം പരിശോധിക്കുകയാണെന്ന് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. മരണം യുഎസ് സ്റ്റേറ്റ് ഡിപാർട്ട്മെൻ്റ് സ്ഥിരീകരിച്ചു.

മരണത്തിന് കാരണം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ സർക്കാരാണെന്ന് തുർക്കി വി​ദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. സംഭവത്തെക്കുറിച്ച് നെതന്യാഹുവിൻ്റെ ഓഫീസിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. മരണത്തിൽ തങ്ങൾ അസ്വസ്ഥരാണെന്ന് വൈറ്റ് ഹൗസിൻ്റെ ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് സീൻ സാവെറ്റ് പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇസ്രായേൽ സർക്കാരിനോട് ചോ​ദിച്ചിട്ടുണ്ടെന്ന് സാവെറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി. ഒക്‌ടോബർ 7ന് ശേഷം വെസ്റ്റ്ബാങ്കിൽ കൊല്ലപ്പെട്ട മൂന്നാമത്തെ അമേരിക്കൻ പൗരനാണ് ഈജിയെന്ന് യുഎസ് സെനറ്റർ ക്രിസ് വാൻ ഹോളൻ പറഞ്ഞു.

'തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിലാണ് ഈജിയെ ആശുപത്രിയിലെത്തിച്ചത്. തങ്ങൾ അവളെ രക്ഷിക്കാൻ ശസ്ത്രക്രിയക്കായി ശ്രമിച്ചെങ്കിലും നിർഭാഗ്യവശാൽ അവൾ മരിച്ചു.' നബ്ലസിലെ റഫീദിയ ആശുപത്രി മേധാവി ഫൗദ് നഫാ റോയിട്ടേഴ്സിനോട് പറഞ്ഞു.

ഫലസ്തീനികൾക്കെതിരെ കുടിയേറ്റക്കാരുടെ ആവർത്തിച്ചുള്ള ആക്രമണങ്ങൾ കണ്ട ഗ്രാമമാണ് ബെയ്ത. അവിടെ പ്രവർത്തകർ നടത്തിയ പതിവ് പ്രതിഷേധ മാർച്ചിനിടെയാണ് സംഭവമെന്ന് വഫാ ന്യൂസ് ഏജൻസിയെ ഉ​ദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

സിയാറ്റിലിലെ വാഷിങ്ടൺ സർവകലാശാലയിൽ നിന്ന് ഈയടുത്താണ് ഈജി ബിരു​ദം കരസ്ഥമാക്കിയത്. ഗസ്സയിലെ ഇസ്രായേലിൻ്റെ ആക്രമണത്തിനുള്ള യുഎസ് പിന്തുണയ്‌ക്കെതിരായ കോളേജ് കാമ്പസ് പ്രതിഷേധത്തിൽ ഈജി പങ്കെടുത്തിരുന്നു. തികഞ്ഞ മനുഷ്യാവകാശ പ്രവർത്തകയെന്നാണ് ഈജിയെ കുടുംബം വിശേഷിപ്പിക്കുന്നത്. കൊലപാതകത്തിൽ യുഎസ് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് കുടുംബം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

അതേസമയം, ഫലസ്തീനിലെ ജെനിനിൽ നിന്ന് വെള്ളിയാഴ്ച ഇസ്രായേൽ സൈന്യം പിൻവാങ്ങി. പത്ത് ​ദിവസത്തോളം നീണ്ടുനിന്ന അക്രമങ്ങൾക്ക് ശേഷമാണ് സൈന്യത്തിൻ്റെ പിന്മാറ്റം. ഇസ്രായേൽ ബുൾഡോസർ ഉപയോഗിച്ച് ഇവിടത്തെ റോഡുകളും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളും വലിയതോതിൽ നശിപ്പിച്ചിരുന്നു. നഗരത്തിലെ 70 ശതമാനം റോഡുകളും തകർത്തതായി ജെനിൻ നഗരസഭാ അധികൃതർ അറിയിച്ചു. കുടിവെള്ള വിതരണ ശൃംഘലകളും തകർത്തിരുന്നു.

ജെനിനിലെ 80 ശതമാനത്തിനും, മുഴുവൻ അഭയാർഥി ക്യാമ്പിനും കുടിവെള്ള വിതരണം തടസ്സപ്പെട്ടിരുന്നു. ഒരേസമയം കരമാർഗവും വ്യോമ മാർഗവുമായിരുന്നു ആക്രമണം. ഒൻപത് ദിവസത്തെ അക്രമത്തിൽ ആയിരക്കണക്കിന് താമസക്കാർക്ക് വീട് വിട്ട് പോകേണ്ടി വന്നിരുന്നു. ജെനിനിലെ ഹമാസിൻ്റെ പ്രാദേശിക കമാൻഡർ ഉൾപ്പെടെ 14 പോരാളികളെ ഓപ്പറേഷനിൽ സൈന്യം വധിച്ചിരുന്നു.

Similar Posts