ഗസ്സയിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന യു.എൻ ആവശ്യം തള്ളി അമേരിക്ക; കൊല്ലപ്പെട്ടവർ 17,490 ആയി
|പട്ടിണി പിടിമുറുക്കുന്ന സാഹചര്യമാണ് ഗസ്സയിൽ ഉള്ളതെന്ന് യു.എൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറസ് പറഞ്ഞു.
ഗസ്സയിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന യു.എൻ സെക്രട്ടറി ജനറലിന്റെയും രക്ഷാസമിതിയുടേയും ആവശ്യം തള്ളി അമേരിക്ക. യു.എസ് നിലപാട് കാരണം 55 രാജ്യങ്ങളുടെ പിന്തുണയോടെ യു.എ.ഇ കൊണ്ടുവന്ന കരട് പ്രമേയം രക്ഷാസമിതിയിൽ പാസായില്ല. ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ ഗസ്സയിൽ മരണം 17,490 ആയി.
യുദ്ധം മൂന്നാം മാസത്തിലേക്ക് കടന്നതോടെ ഗസ്സയിലെ മാനുഷിക ദുരന്തത്തിന് പരിഹാരം തേടിയാണ് യു.എൻ രക്ഷാസമിതി ഇന്നലെ വീണ്ടും യോഗം ചേർന്നത്. ഗസ്സയിൽ അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന കരട് പ്രമേയം യു.എ.ഇയാണ് കൊണ്ടുവന്നത്. 55 രാജ്യങ്ങളുടെ പിന്തുണയും ഇതിനുണ്ടായിരുന്നു. ചൈന, റഷ്യ, ഫ്രാൻസ് ഉൾപ്പെടെ വൻശക്തി രാജ്യങ്ങളും പ്രമേയത്തെ പിന്തുണച്ചു.
എന്നാൽ നിലവിൽ വെടിനിർത്തൽ ഉണ്ടായാൽ ഹമാസിനാകും ഗുണം ചെയ്യുകയെന്ന് യു.എന്നിലെ യു.എസ് പ്രതിനിധി റോബർട്ട് വുഡ് അറിയിച്ചു. ഹമാസ് ഇസ്രായേലിന് ഭീഷണി ആയതിനാൽ വെടിനിർത്തലിന് സമയപരിധി വയ്ക്കാൻ ഇസ്രായേലിനെ നിർബന്ധിക്കാനാവില്ലെന്നും അദ്ദേഹം പറഞു.
ഗസ്സയിൽ കൊല്ലപ്പെട്ടവരിൽ 7,870 പേർ കുട്ടികളും 6,121 പേർ സ്ത്രീകളുമാണ്. പട്ടിണി പിടിമുറുക്കുന്ന സാഹചര്യമാണ് ഗസ്സയിൽ ഉള്ളതെന്ന് യു.എൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറസ് പറഞ്ഞു. ആരോഗ്യ സംവിധാനം അപ്പാടെ തകർന്നതായി വിവിധ യു.എൻ ഏജൻസികളും വ്യക്തമാക്കുന്നു. ഇന്നലെയും വ്യാപക വ്യോമാക്രമണമാണ് ഗസ്സയിലുടനീളം തുടർന്നത്.
ഖാൻ യൂനുസിലും മറ്റും ശക്തമായ ചെറുത്തുനിൽപ്പ് തുടരുന്നതായി അൽ ഖസ്സാം ബ്രിഗേഡ് പറയുന്നു. ബന്ദിയായ ഇസ്രായേൽ സൈനികനെ മോചിപ്പിക്കാനുള്ള ഇസ്രായേൽ നീക്കം പരാജയപ്പെടുത്തിയെന്നും അൽഖസ്സാം ബ്രിഗേഡ്. ഓഫീസർ ഉൾപ്പെടെ രണ്ട് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു
അതിനിടെ അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ആറ് ഫലസ്തീനികൾ ഇസ്രായേൽ വെടിവെപ്പിൽ കൊല്ലപ്പെട്ടു. തുബാസിന് സമീപം അൽ ഫറ അഭയാർഥി ക്യാമ്പിലാണ് അക്രമം. ലബനാനിൽ നിന്നുള്ള മിസൈൽ ആക്രമണത്തിൽ സിവിലിയൻമാർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ഹിസ്ബുല്ലയ്ക്ക് മുന്നറിയിപ്പ് നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു രംഗത്തെത്തി.
അതേസമയം, ഹമാസ് പോരാളികളെന്ന പേരിൽ സാധാരണക്കാരെ അറസ്റ്റ് ചെയ്ത് അടിവസ്ത്രം മാത്രം ധരിപ്പിച്ച് പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ അറബ് ലോകത്തും പുറത്തും വ്യാപക പ്രതിഷേധത്തിനിടയാക്കി. വടക്കൻ ഗസ്സയിൽ നിന്ന് പിടികൂടിയ നൂറോളം വരുന്ന ഫലസ്തീനികളെയാണ് അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിച്ച് കൈകൾ ബന്ധിച്ച് കുനിച്ചിരുത്തിയത്. ഫലസ്തീൻ മാധ്യമപ്രവർത്തകൻ ദിയഅൽ കഹ്ലൂതും ഇവരിൽ ഉൾപ്പെടുന്നുണ്ട്. തടവുകാരോടുള്ള ഇസ്രായേലിന്റെ പെരുമാറ്റം ഞെട്ടിക്കുന്നതും രണ്ടാം ലോകയുദ്ധകാലത്തെ ഓർമിപ്പിക്കുന്നതുമാണെന്ന് വിവിധ പൗരാവകാശ സംഘടനകൾ കുറ്റപ്പെടുത്തി.